കിളിമാനൂര്‍ ഗോവിന്ദ്
കിളിമാനൂര്‍: പ്രാരാബ്ധങ്ങളുടെ ഉലയില്‍ ഊതിപ്പഴുപ്പിച്ച ജീവിതം ഉരുക്കുചുറ്റികയാല്‍ അടിച്ചുപരത്തി ജീവിതം രാകിമിനുക്കുന്ന ഒരാള്‍ ഇപ്പോഴും ഇവിടെയുണ്ട്. കിളിമാനൂര്‍ ടൗണിനോട് ചേര്‍ന്ന ഉമണ്‍പള്ളിക്കര ശാസ്താക്ഷേത്രത്തിനു സമീപം ശാസ്താ എന്ന ആലയിലാണ് പ്രസാദ്(48) തന്റെ ജീവിതം ചുട്ടെടുത്ത് രാകി മിനുക്കുന്നത്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് അച്ഛന് ഗോപിയാശാന് സ്ഥാപിച്ച ആലയാണ് അദ്ദേഹത്തിന്റെ കാലശേഷം മകന് നോക്കിനടത്തുന്നത്. ശാസ്ത എന്നാണ് ആലയുടെ പേര്.
കാര്‍ഷിക വൃത്തിയുടെ ഭാഗമായ ആലകള്‍ ഗ്രാമങ്ങളില്‍ അന്യംനിന്നിട്ട് നാളുകളേറെയായി. പതിറ്റാണ്ടുകള്‍ക്കു മുമ്പ് പ്രവര്‍ത്തിച്ചിരുന്ന അതേ നിലയില്‍ ചെറിയ പുരയില്‍ ഭൗതിക സാഹചര്യങ്ങളില്‍ വലിയ മാറ്റമൊന്നുമില്ലാതെ ഈ ആല ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. മുന്‍പ് എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ആലകള്‍ സജീവമായിരുന്നു. കാര്‍ഷിക വൃത്തിയുടെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായിരുന്നു ആലകള്‍. കാര്‍ഷിക ഉപകരണങ്ങളുടെ നിര്‍മ്മിതി, ഇരുമ്പിലെ മറ്റ് പണിയായുധങ്ങള്‍, കാളവണ്ടിയുടെ ചക്രത്തിലെ ഇരുമ്പ് പട്ടയുടെ നിര്‍മ്മാണം, വണ്ടിക്കാളകള്‍ക്ക് കുളമ്പില്‍ അടിക്കാനുള്ള ലാടം നിര്‍മ്മിക്കലും അത് വെച്ചുപിടിപ്പിക്കലും ഒക്കെ ആയിരുന്നു ആലകള്‍ കേന്ദ്രീകരിച്ചുള്ള പ്രധാന പണികള്‍.
കാര്‍ഷികവൃത്തി ശോഷിച്ചതും ആധുനിക യന്ത്രങ്ങളുടെ സഹായത്താല്‍ കാര്‍ഷിക-വീട്ടുപകരണങ്ങള്‍ എത്തിത്തുടങ്ങിയതും കാളവണ്ടികള്‍ ചരിത്രത്തിന്റെ ഭാഗമായതും ആലകളുടെ വംശനാശത്തിനു കാരണമായി. ഒരുകാലത്ത് ആലകള്‍ക്കും ആലയുടെ നടത്തിപ്പുകാരനായ ആശാരിക്കും സമൂഹത്തില്‍ മാന്യമായ സ്ഥാനമായിരുന്നു. അദ്ദേഹത്തിന്റെ കൃപാ കടാക്ഷത്തിനായി ഓരോ കര്‍ഷകനും ഇരുമ്പു കൊണ്ടുള്ള ഉപകരണങ്ങളും പണിയായുധങ്ങളും വേണ്ടവരും മണിക്കൂറുകള്‍ കാത്തുനില്ക്കുമായിരുന്നു.
കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് ആലകള്‍ അന്യംനിന്നു. ചെറ്റക്കുടിലില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത എന്ന ആല പുതുതലമുറയ്ക്ക് കൗതുകവുമായി. ആലയുടെ പ്രവര്‍ത്തനത്തിന് പ്രധാന അസംസ്കൃത വസ്തു മരക്കരിയാണ്. ഇരുമ്പ് ചുട്ടുപഴുപ്പിക്കാന്‍ ഇത് ആവശ്യമാണ്. മരക്കരിയുടെ അഭാവവും അമിതമായ വിലയും താങ്ങാവുന്നതിലപ്പുറമാണെന്ന് പ്രസാദ് പറയുന്നു. വമ്പന്‍ യന്ത്രങ്ങളില്‍ തയ്യാറാക്കുന്ന ഉപകരണങ്ങള്‍ കുറഞ്ഞവിലയ്ക്ക് വിപണിയില്‍ കിട്ടുന്നതിനാല്‍ ആലയില്‍ ചെയ്യുന്ന ജോലിക്ക് കൂലിയും വളരെ കുറവാണ്. നിരന്തരം ഉലയൂതി കിതയ്ക്കുന്ന തുരുത്തിപോലെ ദീര്‍ഘനിശ്വാസത്തോടെ ‘ഇനിയുമിങ്ങനെ എത്രനാള്‍?’ എന്നതാണ് പ്രസാദിന്റെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: