കോട്ടയം: പരിപ്പ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. വാഹനങ്ങള്‍ക്കായി തുറന്ന് നല്കി. ഇനി അവസാന ഘട്ട പെയിന്റിങ് ജോലികള്‍ മാത്രമാണ് ബാക്കിയുള്ളത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് പാലം ഗതാഗതത്തിനായി തുറന്ന് നല്‍കിയതെന്ന് വാര്‍ഡ് മെമ്പര്‍ സുമാപ്രകാശ് പറഞ്ഞു. കാലപ്പഴക്കത്താലും വീതി കുറവായതിനാലും മുന്‍പുണ്ടായിരുന്ന പഴയപാലം പൊളിച്ച് പുനര്‍നിര്‍മിക്കുകയായിരുന്നു. 10.5 മീറ്റര്‍ വീതിയിലും 15 മീറ്റര്‍ നീളത്തിലുമാണ് പാലം പുനര്‍നിര്‍മിച്ചത്.
ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന ഏട്ട് റോഡുകള്‍ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ 121. 11 കോടി മുടക്കിയാണ് നവീകരിക്കുന്നത്. ഈ വികസനപദ്ധതികളുടെ ഭാഗമാണ് അയ്മനം-പരിപ്പ് പാലം പുനര്‍നിര്‍മാണം. പാലം പണി പൂര്‍ത്തിയായതോടെ പടിഞ്ഞാറന്‍ പ്രദേശത്തെ പാടശേഖരങ്ങളിലെ നെല്ല് സംഭരണം സുഗമമാക്കാനാകും. പ്രദേശവാസികള്‍ക്ക് മെഡിക്കല്‍കോളജ് അടക്കമുള്ള സ്ഥലങ്ങളിലേയ്ക്കുള്ള യാത്രയും പാലം പൂര്‍ത്തിയാകുന്നതോടെ എളുപ്പമാകും.
ജില്ലയിലെ ടൂറിസം രംഗത്തെ വികസനത്തിനും പാലം വരുന്നത് മുതല്‍ക്കൂട്ടാകും. ഈ വര്‍ഷം ഫെബ്രുവരി ആദ്യമാണ് പാലം പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. പാലം പൊളിച്ചപ്പോഴുള്ള യാത്രാക്ലേശം ഒഴിവാക്കാന്‍ സമീപത്ത് അനുബന്ധറോഡ് ചിറകെട്ടി തീര്‍ത്തിരുന്നു.മൂന്നരക്കോടി രൂപ മുടക്കി റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലം പുനര്‍ നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: