മലയാള സിനിമയിലെ പ്രമുഖ സ്വഭാവനടന്‍ സായ്കുമാറിനെ സംഭാന ചെയ്തതിന്റെ ക്രെഡിറ്റ് മുഴുവന്‍ സിദ്ദിഖ് ലാലുമാര്‍ക്കാണ്. റാംജി റാവു സ്പീക്കിങ് എന്ന സിനിമയിലെ നായകനായിരുന്നു സായ് കുമാര്‍. പലവട്ടം ചെയ്തിട്ടും അദ്ദേഹത്തിന്റെ അഭിനയം ശരിയായില്ല. ഓരോ തവണ ശരിയാകാതെ വരുമ്പോഴും ടെന്‍ഷന്‍ മൂത്ത് കൂടുതല്‍ അബദ്ധമായിക്കൊണ്ടിരുന്നു അഭിനയം.
അന്നു ഫിലിമിലാണ് ചിത്രീകരണം. ഓരോ അടി ഫിലിമും വേസ്റ്റാവുമ്പോള്‍ നിര്‍മാതാവിന് ആയിരക്കണക്കിനു രൂപയാണ് നഷ്ടം. മണിക്കൂറുകളും ദിവസങ്ങളും മുന്നോട്ടു പോയതോടെ സായ്കുമാറിനെ മാറ്റി മറ്റൊരാളെ വയ്ക്കാന്‍ നിര്‍മാതാവിന്റെ സമ്മര്‍ദം ശക്തമായി. പക്ഷേ, ഇയാള്‍ ശരിയാവും എന്ന ഉറച്ച വിശ്വാസത്തില്‍ സിദ്ദിഖ് ലാലുമാര്‍ നിര്‍മാതാവിനെ സമ്മര്‍ദത്തെ തള്ളിക്കളഞ്ഞു. ഒടുവില്‍ സായ്കുമാര് ട്രാക്കിലായി. സിദ്ദിഖ് ലാലുമാരുടെ ക്ഷമയില്‍ മലയാളത്തിന് ഒരു മഹാനടനെ ലഭിച്ചു.
യേശുദാസിനെക്കൊണ്ട് പാടിച്ചില്ല
സിദ്ദിഖ് ലാലുമാരുടെ ആദ്യകാല സിനിമകളിലൊന്നും അന്നത്തെ പ്രശസ്ത ഗായകന് യേശുദാസ് പാടിയിരുന്നില്ല. തന്റെ കസെറ്റ് കമ്പനിയായ തരംഗിണിക്ക് റൈറ്റ്സ് കൊടുത്താല്‍ മാത്രമേ യേശുദാസ് അന്നു പാടുമായിരുന്നുള്ളൂ. ചെറിയ ബജറ്റില്‍ ചെയ്ത ആദ്യകാല ചിത്രങ്ങള്‍ക്കെല്ലാം കസെറ്റ് റൈറ്റ്സിന്റെ തുക കിട്ടേണ്ടത് അത്യാവശ്യമായിരുന്നു. അതുകൊണ്ടാണ് യേശുദാസിന്റെ ശബ്ദം ഉപയോഗിക്കാതിരുന്നതെന്ന് സിദ്ദിഖ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
എസ്. ബാലകൃഷ്ണന് എന്ന സംഗീതസംവിധായകന്റെ കഴിവുകള്‍ മലയാളത്തിനുമുന്നില്‍ പ്രദര്‍ശിപ്പിച്ചതു സിദ്ദിഖ്-ലാലുമാരാണ്. പൂക്കാലം വന്നു പൂക്കാലം, നീര്‍പ്പളുങ്കുകള്‍, ഒരായിരും കിനാക്കളാല്‍, ഉന്നം മറന്നു തെന്നിപ്പറന്ന… തുടങ്ങിയ എത്രയോ ബാലകൃഷ്ണന് ഹിറ്റുകള്‍ പിറന്നതു സിദ്ദിഖ്-ലാല്‍ ചിത്രങ്ങളിലാണ്. എം.ജി. ശ്രീകുമാര്‍, ജി. വേണുഗോപാല്‍, കെ.ജി. മാര്‍ക്കോസ് തുടങ്ങിയ ഗായകരൊക്കെയാണ് ഈ ഹിറ്റുകള്‍ തീര്‍ത്തതെന്നതും ശ്രദ്ധേയാണ്. വലിയ ബാനറുകള്‍ക്കും വന്‍താരങ്ങള്‍ക്കും അപ്പുറം സ്വന്തം സര്‍ഗാത്മകതയുടെ ശക്തിയില്‍ വിശ്വസിച്ച കലാകാരനായിരുന്നു സിദ്ദിഖ്.
കന്നാസും കടലാസും
ഇന്നസെന്റിനെയും ജഗതിയെയും പ്രധാന കഥാപാത്രമാക്കി സിദ്ദീഖ് – ലാല്‍ കൂട്ടുകെട്ടില്‍ ഒരുക്കിയ ചിത്രമായിരുന്നു കാബൂളി വാല. കന്നാസും കടലാസും ജനിക്കുന്നത് സിദ്ദിഖിന്റെയും സുഹൃത്തുക്കളുടെയും ജീവിതത്തില്‍നിന്നാണ്. പത്താം ക്ലാസ് കഴിഞ്ഞ് നില്ക്കുന്ന സമയത്ത് കൈമണിയുണ്ടാക്കാനായി കുറച്ച് പേര് ചേര്‍ന്ന് ജോലിക്ക് പോകാന്‍ തീരുമാനിച്ചു. ആ സമയത്താണ് ഒരു സുഹൃത്തിന്റെ അച്ഛന് പ്രീമിയര്‍ ടയേഴ്സിലെ മാലിന്യം നീക്കം ചെയ്യുന്ന കരാര്‍ എടുക്കുന്നത്. അങ്ങനെ സിദ്ദിഖും സുഹൃത്തുകളും ആ ജോലിയില്‍ ഏര്‍പ്പെടുകയായിരുന്നു. അപ്പോഴാണ് ആ ജോലി എത്രത്തോളം ബുദ്ധിമുട്ടാണെന്നും ആ തൊഴില്‍ ചെയുന്നവരെ സമൂഹം ഏത് രീതിയിലാണ് കാണുന്നതെന്നും മനസിലായത്. അന്ന് മുതലാണ് തെരുവുകളില്‍ ചവറു പെറുക്കുന്ന കുട്ടികളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അവരെ ആരും ശ്രദ്ധിക്കുകയോ അവര്‍ക്ക് ഒരു സഹായവും കിട്ടുന്നില്ലെന്നും മനസിലായി.കാബൂളിവാല പിറന്നത് അങ്ങനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: