വടക്കാഞ്ചേരി: സംസ്ഥാനത്തെ തന്നെ പ്രമുഖ സര്‍ക്കാര്‍ അര്‍ബുദ രോഗ ചികിത്സാ കേന്ദ്രങ്ങളിലൊന്നായ തൃശൂര്‍ മുളങ്കുന്നത്തുകാവ് ഗവ. നെഞ്ചുരോഗാശുപത്രിയുടെ പ്രവര്‍ത്തനം പരിപൂര്‍ണ്ണ സ്തംഭനത്തിലേക്ക്. പ്രതിദിനം 350 ഓളം പേര് ചികിത്സ തേടിയെത്തുന്ന ഈ ചികിത്സാ കേന്ദ്രത്തില്‍ രോഗികളെ പരിചരിക്കാന്‍ ജീവനക്കാരും, ചികിത്സ ഉറപ്പാക്കാന്‍ ഡോക്ടര്‍, നഴ്സുമാരുമില്ല. 2 ഡോക്ടര്‍മാര്‍ മാത്രമാണ് ഒ.പി. പരിശോധനക്കുള്ളത്. 98 നഴ്സുമാരാണ് ഉണ്ടായിരുന്നത്.
ഇതില്‍ 25 പേരെ കഴിഞ്ഞദിവസം പുതിയ മെഡി. കോളജിലേക്ക് മാറ്റി. ഇതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. മറ്റൊരു ആശ്രയവുമില്ലാത്തവരാണ് ഈ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ചികിത്സ തേടിയെത്തുന്നത്. അത്യാസന്ന നിലയില്‍ കഴിയുന്നവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്ന വാര്‍ഡുകള്‍, ഐസിയു എന്നിവയുടെ പ്രവര്‍ത്തനവും സ്തംഭനത്തിലാണ്. കീമോ ഡേ കെയര്‍ സെന്ററില്‍ കീമോതെറാപ്പിക്കെത്തുന്ന രോഗികള്‍ ദുരിതം സഹിച്ച് മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. 75 നഴ്സുമാരും പരിമിതമായ ജീവനക്കാരും കഠിനാധ്വാനം ചെയ്തിട്ടും ജനദുരിതം ഇല്ലാതാക്കാനാകുന്നില്ല.
മെഡി. കോളജ് അര്‍ബുദ രോഗ വിഭാഗത്തെ തകര്‍ക്കുന്നതിനും, സ്വകാര്യ സംരംഭകരെ സഹായിക്കുന്നതിനും വേണ്ടി ബോധപൂര്‍വ്വമായ ശ്രമമാണ് ആരോഗ്യവകുപ്പ് നടത്തുന്നതെന്ന ആരോപണം ശക്തമാണ്. പുതിയ മെഡി. കോളജ് സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. നിഷ എം. ദാസാണ് നെഞ്ചുരോഗാശുപത്രിയിലെ നഴ്സുമാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതെന്നും, യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഏകപക്ഷീയ നടപടിയെന്നും ആരോപണമുയര്‍ന്നു കഴിഞ്ഞു.
അതിനിടെ, ജീവനക്കാരും, നഴ്സുമാരുമില്ലാതെ കീമോ ഡേ കെയര്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കാനാകില്ലെന്ന് നെഞ്ച് രോഗാശുപത്രി അധികൃതര്‍ പറയുന്നു. താങ്ങാനാകാത്ത ജോലിഭാരമാണ് തങ്ങള്‍ക്കുള്ളതെന്നാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്. അടുത്ത ദിവസം മുതല്‍ കീമോ ഡേ കെയര്‍ സെന്റര്‍ അടച്ചിടാനും നീക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: