മാവേലിക്കര: മാവേലിക്കര കണ്ടിയൂരിന് സമീപം കാറിന് തീപ്പിടിച്ച് യുവാവ് മരിച്ചു. ചെന്നിത്തല കാരാഴ്മ കിണറ്റിന് കാട്ടില്‍ പരേതനായ തങ്കപ്പന്‍പിള്ളയുടെയും രതിയമ്മയുടെയും മകന് കൃഷ്ണപ്രകാശ് (കണ്ണന്-35) ആണ് മരിച്ചത്. കണ്ടിയൂര്‍ അമ്പലമുക്ക് ജ്യോതിവീട്ടില് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ 12.45നാണ് സംഭവം. ചെട്ടികുളങ്ങര, കുളനട, മാവേലിക്കര ഗവ. ഗേള്‍സ് സ്കൂളിന് സമീപം എന്നിവിടങ്ങളില്‍ ഐ കെയര്‍ എന്ന പേരില്‍ കമ്പ്യൂട്ടര്‍, സിസിടിവി കാമറ എന്നിവയുടെ വില്പനയും സര്‍വ്വീസും നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയാണ്.
പന്തളത്ത് കമ്പ്യൂട്ടര്‍ സര്‍വ്വീസിന് ശേഷം തിരികെ വന്ന് കാര്‍ വീട്ടിലേക്ക് കയറ്റവേ കാറില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. ഒപ്പം താമസിക്കുന്ന സഹോദരന് ശിവപ്രകാശ് തീയണയ്ക്കാനും ഡോര്‍ തുറക്കാനുമുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. മാവേലിക്കര അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ആലപ്പുഴയില്‍ നിന്ന് സയന്റിഫിക് ഓഫീസര്‍ ഡോ. ജിഞ്ചു, ഫിങ്കര്‍ പ്രിന്റ് എക്സ്പേര്‍ട്ട് അപ്പുക്കുട്ടന്, ഫിങ്കര്‍ പ്രിന്റ് സര്‍ച്ചര്‍ നിമിഷ, പോലീസ് ഫോട്ടോഗ്രാഫര്‍ ചന്ദ്രദാസ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്ന് സംശയം. അപകട കാരണം ഷോര്‍ട്സര്‍ക്യൂട്ട് ആകാനുള്ള സാധ്യത കുറവാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ എന്ജിന് ഭാഗത്ത് നിന്ന് പിന്നിലേക്ക് തീപടരേണ്ടതാണ്. എന്നാല്‍ എന്ജിന് ഭാഗത്ത് പ്രശ്നമില്ല. കാറിന്റെ ഫ്യൂസ് കത്തിപ്പോയിട്ടില്ല. കൃത്യമായ കാരണം ഫോറന്‍സിക് പരിശോധന വഴി മാത്രമേ മനസിലാക്കാനാകൂ. വിദഗ്ധര്‍ വാഹനം പരിശോധിക്കുകയാണെന്നും മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് ഉദ്യോഗസ്ഥന് പറഞ്ഞു.
മാവേലിക്കര എസ്ച്ച്ഒ സി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം മാവേലിക്കര പോലീസ് ആരംഭിച്ചു. കൃഷ്ണ പ്രകാശ് അവിവാഹിതനാണ്. അമ്മ രതി ദല്‍ഹിയിലാണ്. സഹോദരി കാര്‍ത്തിക പൂനയില്‍ എന്‍ജിനിയറിങ് മേഖലയില്‍ ജോലി ചെയ്യുന്നു. സംഭവം അറിഞ്ഞ് രണ്ടുപേരും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: