ന്യൂദല്‍ഹി: ദല്‍ഹി സര്‍വ്വീസസ് ബില്‍ രാജ്യസഭ പാസ്സാക്കി. 102 നെതിരെ 131 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്. ദല്‍ഹി സര്‍ക്കാരിന് കീഴിലുള്ള സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്‌ക്കു പ്രത്യേക അതോറിറ്റി രൂപീകരിക്കാന്‍ അധികാരം നല്‍കുന്നതാണ് ഗവണ്‍മെന്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ദല്‍ഹി (ഭേദഗതി) ബില്‍. ആഗസ്ത് മൂന്നിന് ബില്‍ ലോക്സഭ പാസ്സാക്കിയിരുന്നു. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും പുറമെ ബിജു ജനതാദളും വൈഎസ്ആര്‍ കോണ്‍ഗ്രസ്സും ബില്ലിനെ പിന്തുണച്ചു.
ബില്‍ സുപ്രീംകോടതി വിധിയുടെ ലംഘനമല്ലെന്നും രാജ്യതലസ്ഥാനത്ത് മികച്ചതും അഴിമതിരഹിതവുമായ ഭരണം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഈ ബില്‍ എന്നും ചര്‍ച്ചയ്‌ക്ക് മറുപടി പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോഴാണ് ഈ ബില്‍ ആദ്യമായി കൊണ്ടു വന്നതെന്നും അതില്‍ നിന്ന് ഒരു വരി പോലും മാറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് തന്നെ കൊണ്ടുവന്ന ബില്ലിനെതിരെയാണ് അവര്‍ ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയോടു ചേര്‍ന്ന് എതിര്‍ക്കുന്നത്. കോണ്‍ഗ്രസ് ഇപ്പോള്‍ എഎപിയുടെ മടിയിലാണ് ഇരിക്കുന്നതെന്നും അമിത്ഷാ കുറ്റപ്പെടുത്തി.











