ന്യൂദല്‍ഹി: ചന്ദ്രബോസ് വധക്കേസ് വെറും വാഹനാപകട കേസല്ല, ഭയാനകമായ അപകടക്കേസാണെന്ന് സുപ്രീംകോടതി. കുറ്റവാളിയായ മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കേരളം നല്കിയ അപ്പീല്‍ പരിഗണിക്കവെയാണ് ബെഞ്ചിന് നേതൃത്വം നല്കിയ ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണയുടെ ഈ നിരീക്ഷണം.
സംഭവം വെറും വാഹനാപകട കേസ് മാത്രമാണെന്നും എന്തിനാണ് കൊലക്കുറ്റം ചുമത്തിയതെന്ന് മനസിലാകുന്നില്ലെന്നും മുഹമ്മദ് നിഷാമിന്റെ അഭിഭാഷകന് പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. നിഷാം ഒമ്പത് വര്‍ഷമായി തടവില്‍ കഴിയുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന് ആവശ്യപ്പെട്ടു.
കേസിന്റെ അന്തിമവാദം ഒരു മാസത്തിനുശേഷം കേള്‍ക്കുന്നതിനായി കോടതി മാറ്റി. നിഷാം നല്കിയ ജാമ്യാപേക്ഷയും അന്തിമവാദം കേള്‍ക്കുന്ന സമയത്ത് പരിഗണിക്കും. ജീവപര്യന്തം തടവുശിക്ഷ വിധിച്ച ഹൈക്കോടതി വിധിക്കെതിരെ നിഷാം നല്കിയ ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
2015 ജനുവരി 29ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. ഹമ്മറില്‍ എത്തിയ നിഷാം സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് ഗേറ്റ് തുറക്കാന്‍ വൈകിയതിന്റെ പേരില്‍ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി ഓടിയ ചന്ദ്രബോസിനെ വാഹനത്തില്‍ പിന്തുടര്ന്ന് നിഷാം ഇടിച്ചുവീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസ് ചികിത്സയിലിരിക്കെ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: