കോട്ടയം: വര്‍ഷങ്ങള്‍ പഴക്കമുള്ള മുട്ടമ്പലം വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകാന്‍ ഇനിയും കാത്തിരിക്കണം. 2021ല്‍ ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് മുട്ടമ്പലത്തെ വില്ലേജ് ഓഫീസും. എന്നാല്‍ വര്‍ഷം രണ്ടായിട്ടും സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതേയുള്ളു. പുതിയ കെട്ടിടത്തിന്റെ 50 ശതമാനം പണികള്‍ മാത്രമാണ് പൂര്‍ത്തിയായത്. കളക്ടര്‍ ബംഗ്ലാവിന് സമീപം പിഎസ്സി ഓഫീസിനടുത്തായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നതെന്ന് വില്ലേജ് ഓഫീസര്‍ വ്യക്തമാക്കി.
അടിസ്ഥാന സൗകര്യങ്ങള്‍ പേരിനുമാത്രമുള്ള 30 വര്ഷത്തിനുമുകളില് പഴക്കമുള്ള കെട്ടിടത്തിലാണ് ഇപ്പോള്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഓഫീസിലെ ജീവനക്കാര്‍ക്കുപോലും ഇരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ചെറിയ കെട്ടിടമാണിത്. സ്ഥല സൗകര്യം കുറവായതിനാല്‍ വിവിധ സേവനങ്ങള്‍ക്കായി ഓഫീസിലെത്തുന്നവരും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. കെട്ടിടത്തിലെ ഫയലുകളും മറ്റു റെക്കോര്‍ഡുകളും സൂക്ഷിച്ചിരിക്കുന്ന റൂം വളരെ ചെറുതും ഇടുങ്ങിയതുമാണ്. റബ്ബര്‍ബോര്‍ഡ് കേന്ദ്ര ഓഫീസിന് എതിര്‍വശത്തായാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
ജില്ലയിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഏകീകൃത രൂപത്തില്‍ നിര്‍മിക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് 30 വില്ലേജ് ഓഫീസുകള്‍ നവീകരിക്കാന്‍ 2021ലാണ് പദ്ധതിയിട്ടത്.
മുട്ടമ്പലം വില്ലേജ് ഓഫീസ് പുതുക്കി പണിയുന്നതിനായി 44 ലക്ഷം രൂപയാണ് അനുവദിച്ചത്. പുതിയ കെട്ടിടത്തില്‍ പൊതുജനങ്ങള്‍ക്ക് ഇരിക്കാനുള്ള ഇടം, ശുചിമുറി, ശുദ്ധജലം, ജീവനക്കാര്‍ക്ക് ഹാഫ് ഡോര്‍ കാബിന്, രേഖകള്‍ സൂക്ഷിക്കാന്‍ ഇഫയലിങ് സംവിധാനം, പൊതുജനങ്ങള്‍ക്ക് അപേക്ഷാഫോം പൂരിപ്പിക്കാന്‍ പ്രത്യേക ഇടം, കെട്ടിടത്തിന്റെ മുറ്റത്ത് പൂന്തോട്ടം എന്നീ സൗകര്യങ്ങള്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: