ന്യൂദല്‍ഹി: ഇന്ത്യയിലെ ചില നവമാധ്യമക്കമ്പനികളില് ചൈന വന്‍തോതില്‍ പണം മുടക്കുന്നതായി പറയുന്ന വാര്‍ത്ത പുറത്തുവിട്ട് ന്യൂയോര്‍ക്ക് ടൈംസ്. ചൈനയ്ക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ തന്നെയാണ് ചൈനയുടെ ലക്ഷ്യമെന്ന് കരുതുന്നു.
ഇന്ത്യാ വിരുദ്ധ ശക്തികള്‍ വിദേശരാഷ്ട്രങ്ങളുമായി കൈകോര്‍ത്ത് നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന ബിജെപി ആരോപണത്തെ ശരിവയ്ക്കുന്നതാണ് ന്യൂയോര്‍ക്ക് ടൈംസിലെ വാര്‍ത്ത.
ചൈനീസ് സര്‍ക്കാരിന്റെ രഹസ്യഅജണ്ടയുടെ ഭാഗമായി ഇന്ത്യയിലെ നിരവധി മാധ്യമക്കമ്പനികളില്‍ അവര്‍ പണം മുടക്കുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് കുറ്റപ്പെടുത്തുന്നത്. 2024ലെ പൊതുതെരഞ്ഞെടുപ്പ് അടുത്ത് വരുന്നതാകാം ഇതിന് ഒരു കാരണമെന്നറിയുന്നു. പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ട തന്നെയാണെന്നും പറയപ്പെടുന്നു.
ന്യൂസ് ക്ലിക്ക് (www.newsclick.in)എന്ന ഓണ്‍ലൈന്‍ വാര്‍ത്താചാനല്‍ ചൈനീസ് പണം പറ്റിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. കടുത്ത മോദി വിരുദ്ധ ചാനലാണ് ന്യൂസ് ക്ലിക്ക്. മോദി സര്‍ക്കാരിനെതിരെ ഒട്ടേറെ കള്ളറിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രബീര്‍ പുര്‍കായസ്ത എന്ന പത്രപ്രവര്‍ത്തകനാണ് ന്യൂസ് ക്ലിക്കിന്റെ ഉടമ. ഇപ്പോഴേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്കിനെതിരെ തിരിഞ്ഞിരിക്കുകയാണ് ഇഡി.
ന്യൂസ് ക്ലിക്കിനെതിരെ ഇഡി നടപടികള്‍ പുരോഗമിക്കുമ്പോള്‍ അതിനെതിരെ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ശക്തമായി എതിര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: