ഇംഫാല്‍: മണിപ്പൂരിലെ അക്രമവും മറ്റ് വിഷയങ്ങളും ഉയര്‍ത്തിക്കാട്ടി അംഗങ്ങള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും തടസപ്പെട്ടു. രാജ്യസഭയും ലോക്സഭയും ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവച്ചു.
രാജ്യസഭ ഇന്ന് സഭ സമ്മേളിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷ അംഗങ്ങള്‍ ആവര്‍ത്തിച്ചു. രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ ആദ്യ ദിവസം തന്നെ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായിരുന്നുവെന്ന് സഭാ നേതാവ് പിയൂഷ് ഗോയല്‍ പറഞ്ഞു.എന്നാല്‍ തങ്ങളെ തുറന്നുകാട്ടുമെന്നതിനാല്‍ ചര്‍ച്ചയില്‍ നിന്നും പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബഹളം തുടര്‍ന്നതോടെ ചെയര്മാന് ജഗ്ദീപ് ധന്‍ഖര്‍ സഭ ഉച്ചയ്ക്ക് രണ്ട് മണി വരെ നിര്‍ത്തിവച്ചു.
ലോക്സഭ ആദ്യം നിര്‍ത്തിവച്ചതിന് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും സമ്മേളിച്ചപ്പോള്‍, മണിപ്പൂര്‍ അക്രമ വിഷയത്തില്‍ മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസ്, ഡിഎംകെ, ജെഡിയു, മറ്റ് അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി.ബിജെപി എംപി നിഷികാന്ത് ദുബെ, ഒരു മാധ്യമ പോര്‍ട്ടലിന് വിദേശത്ത് നിന്ന് ധനസഹായം ലഭിക്കുന്ന വിഷയം ഉന്നയിച്ചു.പോര്‍ട്ടല്‍ രാജ്യ താല്‍പ്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം ചൈനയില്‍ നിന്ന് കോണ്‍ഗ്രസിന് ഫണ്ട് ലഭിച്ചതായും അദ്ദേഹം ആരോപിച്ചു. ഭരണപക്ഷ അംഗങ്ങളും മുദ്രാവാക്യം വിളിച്ചു.ബഹളം തുടര്‍ന്നതോടെ അധ്യക്ഷന്‍ സഭ ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: