പാലക്കാട്: സംസ്ഥാനത്ത് അവശ്യവസ്തുക്കള്‍ക്ക് വില കുതിച്ചുയരുമ്പോഴും സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സബ്‌സിഡി സാധനങ്ങള്‍ കിട്ടാക്കനി. ഓണക്കിറ്റിനും ഇത്തവണ സാധ്യതയില്ല. സപ്ലൈകോ, മാവേലി സ്റ്റോറുകള്‍ വഴി 13 ഇനം സബ്‌സിഡി സാധനങ്ങളാണ് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്നത്.
പൊതുവിപണിയില്‍ ഉണക്കമുളകിന് 360 രൂപയോളമാണ് വിലയെന്നിരിക്കെ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ 96 രൂപക്ക് ലഭിക്കും. ഒരു കാര്‍ഡിന് അരക്കിലോയാണ് അനുവദിച്ചിട്ടുള്ളതെങ്കിലും മിക്ക ഔട്ട്‌ലെറ്റുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ഉണക്ക മുളക് കിട്ടാനില്ല. 25 രൂപ നിരക്കില്‍ കാര്‍ഡൊന്നിന് 10 കിലോ നല്‍കുന്ന ജയ, കുറുവ അരിക്ക് മാസത്തില്‍ രണ്ടു തവണ കയറിയിറങ്ങണം. പൊതുവിപണിയില്‍ തുവര പരിപ്പ്, ഉഴുന്ന്, ചെറുപയര്‍, കടല എന്നിവക്കൊക്കെ 120-160 രൂപ വരെയാണ് വില. എന്നാല്‍ സപ്ലൈകോ, മാവേലി സ്റ്റോറുകളില്‍ ഇവക്കെല്ലാം 70-80 രൂപ വരെയാണ് സബ്‌സിഡി നിരക്ക്.
മിക്കയിടത്തും കഴിഞ്ഞ മാസം പരിപ്പ്, ഉഴുന്ന് എന്നിവ ലഭ്യമായിരുന്നില്ല. മാത്രമല്ല, സബ്‌സിഡി സാധനങ്ങള്‍ക്കായി മാസാദ്യത്തിലെത്തുന്നവരോട് സ്റ്റോക്കില്ലെന്നും മാസാവസാനമായാല്‍ കഴിഞ്ഞെന്നുമുള്ള പല്ലവിയാണ് കേള്‍ക്കുക. മാത്രമല്ല, ഔട്ട്ലെറ്റിലെ ജീവനക്കാരാകട്ടെ ശബരി ഉത്പ്പന്നങ്ങള്‍ വാങ്ങിക്കുന്നതിനു പകരം ആളുകളോട് കുത്തക കമ്പനികളുടെ ഉത്പ്പന്നങ്ങള്‍ക്ക് നിര്‍ബന്ധിക്കുകയാണത്രെ.
ഓണം ഫെയറിലാണ് സാധാരണക്കാരുടെ പ്രതീക്ഷ. നേരത്തെ 160 രൂപയുണ്ടായിരുന്ന ശബരി ബ്ലെന്‍ഡഡ് ടീയ്‌ക്ക് ഇപ്പോള്‍ 260 രൂപയായി. സംസ്ഥാനത്താകമാനം 93.85 ലക്ഷം റേഷന്‍ കാര്‍ഡുകളാണുള്ളതെന്നിരിക്കെ മഞ്ഞ, പിങ്ക്, നീല, വെള്ള കാര്‍ഡുകളായി തരം തിരിച്ചിട്ടുണ്ട്. ഒരു കിറ്റിന് 450 രൂപ കണക്കാക്കിയാല്‍ മുഴുവന്‍ കാര്‍ഡുടമകള്‍ക്കും കിറ്റ് നല്‍കണമെങ്കില്‍ 425 കോടി രൂപ വേണം. ഇതില്‍ മഞ്ഞക്കാര്‍ഡുകള്‍ക്ക് മാത്രമാണെങ്കില്‍ 27.80 കോടി രൂപയും പിങ്ക് കാര്‍ഡുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ 160 കോടിരൂപയോളം രൂപയും വരും.
പൊതുവിപണിയില്‍ കഴിഞ്ഞ മാസങ്ങളിലായി അരി, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവക്ക് 30-40 ശതമാനം വരെ വിലയുയര്‍ന്നു. ശബരി വെളിച്ചെണ്ണക്ക് 127 രൂപയായെങ്കിലും പൊതുവിപണിയില്‍ കമ്പനി വെളിച്ചെണ്ണക്ക് 150 രൂപയില്‍ താഴെയായതോടെ ആവശ്യക്കാര്‍ കുറവാണ്. സബ്‌സിഡി സാധനങ്ങളില്ലാതായതോടെ പാക്കിങ് തൊഴിലാളികളും ദുരിതത്തിലാണ്. നേരത്തെ വിപണിയില്‍ വെളിച്ചെണ്ണക്ക് 240 രൂപയോളമായിരുന്നപ്പോള്‍ സപ്ലൈകോയില്‍ 92 രൂപയായിരുന്നു വിലയെങ്കിലും അരലിറ്ററാണ് 46 രൂപക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഇതാണ് പിന്നീട് 127 രൂപക്ക് നല്‍കാന്‍ തുടങ്ങിയത്.
ഓണം, വിഷു, ക്രിസ്തുമസ്, റംസാന്‍ സീസണുകളില്‍ പ്രത്യേകമായ ഫെയറുകളും നടത്താറുണ്ട്. വിലക്കയറ്റത്തിനിടയിലും സബ്‌സിഡി സാധനങ്ങളും കിട്ടാക്കനിയാവുമ്പോള്‍ ഇത്തവണത്തെ ഓണക്കിറ്റ് ലഭിക്കുമോയെന്ന ആശങ്കയിലാണ് കാര്‍ഡുടമകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: