ജിദ്ദ: റഷ്യ- യുക്രൈന് സംഘര്‍ഷം ലഘൂകരിക്കുന്നതിനും സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും ഉന്നതതല ഇടപെടലുകള്‍ ഇരുരാജ്യങ്ങളുമായും ഇന്ത്യ നടത്തുന്നുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. തീരദേശ നഗരമായ ജിദ്ദയില്‍ സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ദ്വിദിന യുക്രൈന് സമാധാന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സംഘര്‍ഷത്തിന് ശാശ്വതവും സമഗ്രവുമായ പരിഹാരം കണ്ടെത്തണമെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ ലോകരാജ്യങ്ങളുടെ ഇടപെടലുണ്ടാകണമെന്നും ഡോവല്‍ ആവശ്യപ്പെട്ടു.
റഷ്യ- യുക്രൈന് സംഘര്‍ഷം മൂലം ലോകവും പ്രത്യേകിച്ച് ആഗോള ദക്ഷിണമേഖലയും അഭിമുഖീകരിക്കുന്ന വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെയും ഡോവല്‍ ചൂണ്ടിക്കാട്ടി. സംഭാഷണവും നയതന്ത്രവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ സമീപനം എന്നും അദ്ദേഹം പറഞ്ഞു.
40-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത യോഗം, ആഗോള ദക്ഷിണമേഖല രാജ്യങ്ങളില്‍ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഭക്ഷ്യ, ഇന്ധനം, വളം എന്നിവയുടെ വില കുതിച്ചുയരുന്നത് ഈ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: