ആലപ്പുഴ: ജില്ലയെ സമ്പൂര്‍ണ്ണ മാലിന്യമുക്ത ജില്ലയാക്കുന്നതിന്റെ ഭാഗമായി ഏഴിന് മുഴുവന്‍ സ്കൂളുകളിലും അദ്ധ്യാപകരുടെയും രക്ഷകര്‍തൃസമിതിയുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി പത്രസമ്മേളനത്തില്‍ പറഞ്ഞു. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം പൊളേളത്തൈ ഗവ. ഹൈസ്ക്കൂളില്‍ നടക്കും.
മൂന്നു മാസം കൊണ്ട് സ്ക്കൂളുകളെ മാലിന്യ മുക്തമാക്കാനുളള പ്രവര്‍ത്തനമാണ് ജില്ല പഞ്ചായത്ത് പദ്ധതിയായി അംഗീകരിച്ചിട്ടുള്ളത്. ഇതിനായി 21 ഇന പരിപാടിയുടെ സ്ക്കൂള്‍തല ശുചിത്വ രേഖ ജില്ലാ ശുചിത്വ കൗണ്‍സില്‍ വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്ന സ്ക്കുളിനെ സമ്പൂര്‍ണ്ണ മാലിന്യ മുക്ത സ്ക്കൂളായി പ്രഖ്യാപിക്കും. സ്ക്കൂളുകള്‍ക്ക് ഗ്രേഡ് നിശ്ചയിക്കുകയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ അടിസ്ഥാനത്തില്‍ എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് സ്ക്കൂളുകള്‍ക്ക് അവാര്‍ഡ് നല്‍കുകയും ചെയ്യും.
എല്ലാ സ്ക്കൂളുകളിലും ശുചിത്വക്ലബ് സജ്ജീകരിക്കും. സ്ക്കൂളിലെ ഒരു അദ്ധ്യാപകന് ശുചിത്വ കൗണ്‍സിലിന്റെ ചുമതലയുണ്ടാകും. എല്ലാ സ്ക്കൂളുകളിലും ഹരിതകര്‍മ്മ സേനയുടെയും ആരോഗ്യ വകുപ്പിന്റെയും തൊഴിലുറപ്പ് പ്രവര്‍ത്തകരുടെയും സേവനങ്ങള്‍ ഉറപ്പുവരുത്തും. ഭക്ഷണ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ മിഷനുകളുടെയും സഹായം ഉറപ്പു വരുത്തും. എല്ലാ സ്ക്കൂളുകളിലും എയറോബിക് ബിന്‍/തുമ്പൂര്‍മൊഴി വെയ്ക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ ് നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടം ഒരു കോടി അമ്പതു ലക്ഷം രൂപയാണ് സ്ക്കൂളുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ സമ്പൂര്‍ണ്ണ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനത്തിന് ആദ്യ ഘട്ടത്തില്‍ ഏഴു കോടി രൂപ ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളും ഇതിനായി പദ്ധതിയില്‍ തുക നീക്കി വെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: