മാഞ്ചസ്റ്റര്‍: ലോക ഫുട്‌ബോളിലെ വിലപ്പെട്ട യുവ പ്രതിരോധ താരം ജോസ്‌കോ ഗ്വാര്‍ഡിയോള്‍ ഇനി പ്രീമിയര്‍ ലീഗ് വമ്പന്‍ ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍. അഞ്ച് വര്‍ഷത്തേക്കാണ് ഇംഗ്ലീഷ് ക്ലബ്ബും ക്രൊയേഷ്യന്‍ താരവും തമ്മിലുള്ള കരാര്‍. 90 ദശലക്ഷം യൂറോയ്‌ക്ക്(ഏകദേശം 820 കോടിയിലധികം ഇന്ത്യന്‍ രൂപയ്‌ക്ക്) ജര്‍മന്‍ ടീം ആര്‍ബി ലെയ്പ്‌സിഗില്‍ നിന്നാണ് ഗ്വാര്‍ഡിയോള്‍ സിറ്റിയിലേക്ക് പറക്കുന്നത്.
21കാരനായ ജോസ്‌കോ ഗ്വാര്‍ഡിയോള്‍ കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളോടുകൂടിയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സെമിയില്‍ അര്‍ജന്റീന-ക്രൊയേഷ്യ പോരാട്ടത്തിനിടെ ലയണല്‍ മെസിയുടെ വട്ടം കറക്കലില്‍ നിന്ന് രക്ഷപ്പെട്ടിരുന്നെങ്കില്‍ ഒരുപക്ഷെ ലോകകപ്പിന്റെ എമര്‍ജിങ് താരമായി തെരഞ്ഞെടുക്കപ്പെടുമായിരുന്നു. ഇത്തവണ ക്രൊയേഷ്യ മൂന്നാം സ്ഥാനം വരെ എത്തിയതിന് സൂപ്പര്‍ താരം ലൂകാ മോഡ്രിച്ചിനൊപ്പം ഗ്വാര്‍ിയോളും നിര്‍ണായക പങ്കാണ് വഹിച്ചത്. കൂടാതെ രണ്ട് മാസം മുമ്പ് അവസാനിച്ച നാഷന്‍സ് ലീഗ് ഫുട്‌ബോളില്‍ ക്രൊയേഷ്യ റണ്ണറപ്പുകളായതിലും സുപ്രധാന പങ്കുവഹിച്ചിരുന്നു.
സിറ്റിയിലേക്ക് മാറിയത് വഴി ഏറ്റവും കൂടുതല്‍ തുകയ്‌ക്ക് ക്ലബ്ബ് മാറിപ്പോകുന്ന രണ്ടാമത്തെ പ്രതിരോധ താരമായി ഗ്വാര്‍ഡിയോള്‍ മാറി. 2019 സീസണില്‍ ലെയ്‌സെസ്റ്റര്‍ സിറ്റിയില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയ ഹാരി മഗ്യുയിര്‍ 80 ദശലക്ഷം പൗണ്ടിന്(ഏകദേശം 843 കോടിയിലധികം ഇന്ത്യന്‍ രൂപ) സൈന്‍ ചെയ്യപ്പെട്ടതാണ് പ്രതിരോധ താരങ്ങളില്‍ വച്ച് ഏറ്റവും മൂല്യമേറിയ ട്രാന്‍സ്ഫര്‍.
ഡൈനാമോ സാഗ്രേബില്‍ ക്ലബ്ബ് കരിയര്‍ തുടങ്ങിയ ഗ്വാര്‍ഡിയോളിനെ 2021ലാണ് ലെയ്പ്‌സിഗ് സ്വന്തമാക്കിയത്. ഞാന്‍ എന്നും സ്വപ്‌നം കാണുമായിരുന്നു ഒരുനാള്‍ ഇംഗ്ലണ്ടില്‍ കളിക്കുന്നത്- കരാര്‍ സാധ്യമായ ശേഷം താരം മനസ്സുതുറന്നു. സിറ്റിയിലേക്ക് തന്നെ വിളിച്ചിരിക്കുന്നത് ശരിയായൊരു ബഹുമതിയായാണ് കണക്കാക്കുന്നതെന്നും ഗ്വാര്‍ഡിയോള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: