കാസര്‍കോട്: സംസ്ഥാന വ്യാപകമായി അക്ഷയ കേന്ദ്രങ്ങളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയുടെ ഭാഗമായി കാസര്‍കോട്ടെ വിവിധ അക്ഷയ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
അമിത ഫീസ് ഈടാക്കി പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓപറേഷന് ഇ സേവ എന്ന പേരിലായിരുന്നു പരിശോധന.കാസര്‍കോട്ട് വിജിലന്‍സ് ഡിവൈഎസ്പി വി.കെ.വിശ്വംഭരന്റെ നേതൃത്വത്തില്‍ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. ആരിക്കാടി, കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ്, പഴയ ബസ്സ്റ്റാന്‍ഡ്, ബിസി റോഡ് എന്നിവിടങ്ങളില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. വിജിലന്‍സ് ഇന്‍സ്പെക്ടര്‍ സുനുമോന്റെ നേതൃത്വത്തില്‍ ചട്ടഞ്ചാല്‍, പടുപ്പ് എന്നിവിടങ്ങളിലും ഇന്‍സ്പെക്ടര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ടെ അക്ഷയ കേന്ദ്രങ്ങളിലുമായിരുന്നു പരിശോധന.
അമിത ഫീസ് വാങ്ങുന്നത് പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പലയിടത്തും സേവനത്തിന് ഈടാക്കുന്ന നിരക്കുകള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ പൊതുജനങ്ങള്‍ക്ക് കാണുന്ന തരത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് സംഘം വ്യക്തമാക്കി. ഇതുകൂടാതെ സേവനത്തിന് എത്തുന്ന പൊതുജനങ്ങളോട് ദാര്‍ഷ്ട്യത്തോടെ പെരുമാറുന്നതായും പരാതി ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്രമക്കേട് സംബന്ധിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്കും അക്ഷയ ജില്ലാ കോര്‍ഡിനേറ്റര്‍ക്കും നല്‍കുമെന്ന് വിജിലന്‍സ് വ്യക്തമാക്കി. കാസര്‍കോട്ട് പലയിടത്തും സര്‍ക്കാരില്‍ അടക്കുന്ന ഫീസിന്റെ ലഡ്ജര്‍ സൂക്ഷിച്ചിട്ടുണ്ടെങ്കിലും പൊതുജങ്ങള്‍ക്ക് നല്‍കേണ്ട റസിപ്റ്റ് നല്‍കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ രേഖകളും സൂക്ഷിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: