ഡോ.കൂമുള്ളി ശിവരാമന്
അഗസ്ത്യമുനിയില്‍ നിന്നാണ് രാവണവധത്തിന് പ്രേരകമായ ‘ആദിത്യഹൃദയമന്ത്രം’ രാമന് സ്വീകരിക്കുന്നത്. ആദിത്യഹൃദയമന്ത്രത്താല്‍ ശത്രുക്ഷയം നേടുകയാണ് രാമന്. സൂര്യവംശപ്രഭവനായ രാമന് മന്ത്രത്തിന്റെ സൂര്യവെളിച്ചത്തില്‍ അപ്രതിരോധ്യമായ ശക്തിചൈതന്യം സംഭരിക്കുന്നു. മന്ത്രത്തിന്റെ ബീജാക്ഷരങ്ങളില്‍ അനന്തകോടി സൂര്യന്മാരുടെ ഊര്‍ജവും വെളിച്ചവും ചിതറുന്നു. ഈ വെളിച്ചം രാമന്റെ ആത്മസ്ഥൈര്യത്തിന്റെ നിത്യപ്രകാശം തന്നെ.
രാവണന്റെ തമോപ്രകൃതിയില് സത്വസൂര്യന്റെ വിജയം തേടുന്ന രാമന് രഘുവംശത്തിന്റെ പാരമ്പര്യശക്തിയെയാണ് പ്രതീകാത്മകമായി പ്രകടിപ്പിക്കുന്നത്. ഈ ഊര്‍ജപ്രഭവം സൂര്യവംശ കുടുംബ മൂല്യങ്ങളുടെയും മഹിമയുടെയും ആര്‍ജിത പുണ്യമത്രേ.
ജീവിതത്തെ സാരസമ്പന്നമാക്കുന്ന ഭൗതികവിദ്യയും ആത്മവിദ്യയും രാമായണ പാഠമാകുന്നത് സോദരസംവാദത്തിലൂടെയാണ്. മാനവികാവഭാസം ഏകരസമാക്കുന്ന അറിവനുഭവങ്ങളും സംഘര്‍ഷങ്ങളും രാമായണ കാണ്ഡങ്ങളെ ഗുരുകുലമാക്കുന്നു. ഓരോ കുടുംബവും ഗുരുകുലത്തിന്റെ അന്തര്‍വഹ്നി ഏറ്റുവാങ്ങുന്നു. ലക്ഷ്മണോപദേശമേകുന്ന ആത്മജ്ഞാനം ഇതിന് നിദര്‍ശനമാണ്. ദൃശ്യപ്രപഞ്ചം മിഥ്യയാണ്. ഭോഗസുഖങ്ങള്‍ ക്ഷണികവും. ചുട്ടുപഴുത്ത ലോഹത്തുണ്ടില് ഒരു തുള്ളി ജലം വീണാല്‍ തല്‍ക്ഷണം അത് അസ്തമിക്കുന്നതു പോലെ ക്ഷണികമാണ് മനുഷ്യജന്മം. സര്‍പ്പത്തിന്റെ വായിലകപ്പെട്ട തവളയെപ്പോലെയാണ് കാലപ്പാമ്പിന്റെ വായില്‍ കുടുങ്ങിയ മനുഷ്യന്റെ സുഖാന്വേഷണം. വഴിയമ്പലമാണ് ജീവിതപഥം. അല്പസമയം തങ്ങി പാന്ഥന്മാര്‍ പിരിഞ്ഞു പോകുന്നതു പോലെയാണ് കുടുംബബന്ധം. സമ്പത്തും യൗവനവും നശ്വരം തന്നെ. അയോദ്ധ്യാകാണ്ഡത്തില്‍ കുടുംബചിത്രണത്തോടൊപ്പം അറിവിന്റെ പൂര്‍ണതയിലേക്കുള്ള പാതയൊരുക്കുന്നു.
‘സ്വപ്നസമാനം കളത്രസുഖം നൃണാ
മല്പമായുസ്സും നിരൂപിക്ക ലക്ഷ്മണാ
രാഗാദി സങ്കുലമായുള്ള സംസാര
മാകെ നിരൂപിക്കില്‍ സ്വപ്നതുല്യം സുഖേ’
എന്ന് ലക്ഷ്മണനെ ആവര്‍ത്തിച്ച് ബോധിപ്പിക്കുമ്പോള്‍ സദ്കര്മങ്ങളുടെ നേര്വഴിയാണ് രാമോപദേശത്തിന്റെ ആത്മാവ്. തത്ത്വചിന്തയുടെ ഉപനിഷദ് സൂക്തികള്‍ സരളഭാഷയില്‍ അടര്‍ന്നുവീഴുന്നത് കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ വിടരുന്ന സ്നേഹസൗരഭങ്ങളിലാണ്. സാഹോദര്യത്തിന്റെ ആമന്ത്രണഭാഷയിലാണ് വേദാന്തചിന്തകള്‍ പ്രസരിക്കുക. ഗുരുശിഷ്യസംവാദത്തിനപ്പുറം അതീതപ്രകൃതിയുടെ മഹാജ്ഞാനം അവതരിപ്പിക്കുന്നത് സോദര സംവാദത്തിലൂടെയാണ്. വ്യാഖ്യാനവിധേയമാകേണ്ട അനന്തസത്യങ്ങള്‍ പോലും ആര്‍ദ്രതാമാധുര്യം നേടുന്നത് കുടുംബസംസ്കൃതിയുടെ മായിക പശ്ചാത്തലത്തിലാണ്. മണ്കലത്തില് നിറച്ചുവെച്ച വെള്ളം പോലെ അനുനിമിഷം ചോര്‍ന്നു പോകുന്ന ആയുസ്സിനെക്കുറിച്ച് ലക്ഷ്മണ സോദരനെ രാമന് ഓര്‍മിപ്പിക്കുന്നുണ്ട്:
‘ജന്തുക്കള്‍ ഭക്ഷിച്ചു കാഷ്ഠിച്ചു പോകിലാം
വെന്തു വെണ്ണീറായ് ചമഞ്ഞു പോയീടിലാം
മണ്ണിനു കീഴായ് കൃമികളായ് പോകിലാം
നന്നല്ല ദേഹം നിമിത്തം മഹാമോഹം’
ദേഹാഭിമാനവും അഹങ്കാരവും നശിച്ച് യഥാര്ത്ഥജ്ഞാനത്തിലൂടെ മാത്രമേ ജീവിതം സമ്പന്നമാകൂ എന്ന് രാമന് വെളിപ്പെടുത്തുമ്പോള്‍ ഭാരതീയമായ ആത്മജ്ഞാനദര്ശനത്തിന്റെ വെളിച്ചമാണ് ലക്ഷമണന് പകര്‍ന്നു കിട്ടുന്നത്.
‘യാതൊരുത്തന് പിതൃവാക്യത്തെ ലംഘിച്ചു
നീതിഹീനം വസിക്കുന്നതു ഭൂതലേ
ജീവന് മൃതനവന് പിന്നെ നരകത്തില്‍
മേവും മരിച്ചാലുമില്ലൊരു സംശയം’
എന്ന് ഭരതനു നല്കുന്ന തത്ത്വോപദേശം പിതൃവാക്യത്തിന്റെ അലംഘനീയത്വം അടയാളപ്പെടുത്തുന്നു. സത്യത്തിനോടുള്ള അടങ്ങാത്ത കൂറും കുടുംബഭദ്രതയെക്കുറിച്ചുള്ള ധര്മചിന്തയുമാണ് രാമവാക്യത്തിന്റെ മഹത്വം. അവിദ്യയുടെ ഭാണ്ഡം രാമായണത്തിന്റെ ജ്ഞാനാഗ്നിയില്‍ ഹോമിക്കുമ്പോള്‍ രാമന് എന്ന നരോത്തമന്‍ പ്രത്യക്ഷപ്പെടുന്നു. ആ ധര്‍മവൈഖരിയില്‍ മുഴങ്ങുന്നത് രാമതത്വവും രാമഹൃദയവുമാണ്. ‘രാമോഹം’ (ഞാന്‍ രാമനാകുന്നു) എന്ന സത്യവിഭൂതിയാണ് രാമായണത്തിന്റെ പ്രസാദം.
ദര്ശനമൂല്യങ്ങളേയും സംസ്കൃതി സങ്കല്പങ്ങളെയും ഇതിഹാസം എന്നും സേചനം ചെയ്യുന്നു. സീതാദേവിയുടെ പാദസരം മാത്രം ലക്ഷ്മണന് കണ്ടറിയുന്നു. മെയ്യാഭരണങ്ങളൊന്നും കണ്ടു പരിചയമില്ല. ഈ മുഹൂര്‍ത്തത്തിന്റെ ഭാവതലത്തില്‍ കുടുംബസങ്കല്പമുയര്ത്തുന്ന വിഭൂതി അനശ്വരമാണ്. ബോധാബോധത്തില്‍ ഉദിച്ചു നില്ക്കുന്ന പൂര്‍ണതയാണ് പ്രകൃതിയെന്ന് അദ്ധ്യാത്മ രാമായണ ശീലുകളോരോന്നും മൗനമായി സ്പന്ദിച്ചറിയുന്നു. ഓരോ കാണ്ഡവും പ്രകൃതിയുടെ അന്തര്‍നാദം സ്വാംശീകരിക്കുന്നു. മനുഷ്യമനസ്സിന് കലയുടെയും തപസ്സിന്റെയും വിശുദ്ധി മാര്‍ഗമായ സംസ്ക്കാര പ്രക്രിയയിലൂടെ ബോധസ്വരൂപത്തെ പ്രാപിക്കാം. രാമായണത്തിന്റെ അക്ഷരച്ചിറകുകള്‍ പൂര്‍ണതയുടെ ഈ ആകാശത്തെയാണ് അന്വേഷിക്കുന്നത്. ഭക്തിയെ നാനാരസത്തിലേക്ക് ഉയര്‍ത്തി നിര്‍ത്തി കരുണ രസത്തിന്റെ പൂര്‍ണതയിലേക്ക് കാവ്യബോധിയെ പ്രതിഷ്ഠാപനം ചെയ്യുകയായിരുന്നു തുഞ്ചത്താചാര്യന്.
ആത്മാരാമന്മാരുടെ വായനാക്ഷേത്രമാണ് രാമായണം. രാമായണ പാരായണയിടങ്ങളിലെല്ലാം രാമചരിതഹര്ഷത്തില് മുഴുകാന്‍ ഹനുമാന് ഓടിയെത്തും. രാമായണ ശീലുകള്‍ ആത്മാവിലൊഴുക്കുമ്പോള് ആരും ആഞ്ജനേയനായി മാറും. ഈ പരിവര്‍ത്തനക്രിയ കുടുംബസങ്കല്പത്തില് സ്നേഹദീപം കൊളുത്തട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: