പുതുക്കാട്: കുട്ടോലി പാടത്ത് മലിനജലം കയറി കൃഷി നശിക്കുന്നത് പതിവായതോടെ ദുരിതത്തിലായ കര്‍ഷകരുടെ നിരന്തരമായ പരാതികള്‍ ഫലം കണ്ടു. പാടശേഖരത്തിന്റെ ഓരത്തെ കാണാതായ തോട് വീണ്ടെടുത്തതോടെ പാടത്തെ വെള്ളക്കെട്ടിന് പരിഹാരമായി. ആറ് പതിറ്റാണ്ടിന് ശേഷമാണ് മണ്ണ് മൂടിപ്പോയ തോട് വീണ്ടെടുത്തത്.
പൗണ്ട് പ്രദേശത്തു നിന്ന് കാനയിലൂടെ ഒഴുകിയെത്തുന്ന വെള്ളവും മാലിന്യവും പാടത്താണ് എത്തിയിരുന്നത്. പാടശേഖരത്തില്‍ വെള്ളം കെട്ടി നിന്ന് നെല്‍കൃഷി നശിക്കുന്നതും പതിവായിരുന്നു. പാടത്തെ വെള്ളം ഒഴുക്കികളയാന്‍ മാര്‍ഗമില്ലാതായതോടെ കര്‍ഷകര്‍ നടത്തിയ അന്വേഷണത്തിലാണ് ഇവിടെ തോടുണ്ടായിരുന്നതായി അറിയുന്നത്. 150 മീറ്റര്‍ വരുന്ന തോട് പൂര്‍ണമായും മൂടിപ്പോയ അവസ്ഥയിലായിരുന്നു. എവിടെയാണ് തോടുണ്ടായിരുന്നതെന്ന് കണ്ടെത്താന്‍ കര്‍ഷകര്‍ പഞ്ചായത്തില്‍ പരാതി നല്കി.
വില്ലേജില്‍ നിന്നും സ്കെച്ച് എടുത്ത് തോടിന്റെ അതിര്‍ത്തി കണ്ടെത്തിയ ശേഷം പഞ്ചായത്ത് അനുവദിച്ച തുക കൊണ്ട് അത് വീണ്ടെടുക്കുകയായിരുന്നു. ജെസിബി എത്തിച്ച് കര്‍ഷകരുടെ സഹായത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വാര്‍ഡ് മെമ്പര്‍ ഷൈജു പട്ടിക്കാട്ടുകാരന്, പാടശേഖര സമിതി സെക്രട്ടറി കെ. രാജ്കുമാര്, കര്‍ഷകമോര്‍ച്ച ജില്ലാ സമിതിയംഗം അജിതന് നെല്ലിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: