ന്യൂദല്‍ഹി: ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനെ ലാക്കാക്കി കഴിഞ്ഞ ദിവസം യാത്ര തുടങ്ങിയ ചന്ദ്രയാന്‍ 3 ചന്ദ്രനിലേക്കുള്ള ദൂരത്തില്‍ മൂന്നില്‍ രണ്ട് ഭാഗം പിന്നിട്ട് കഴിഞ്ഞെന്ന് ഐഎസ് ആര്‍ഒ. ആഗസ്ത് അഞ്ച് ശനിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് ചന്ദ്രയാന്‍ 3നെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിയ്‌ക്കും.
ഭൂമിയുടെ ഭ്രമണപഥം വിട്ട് യാത്ര ആരംഭിച്ച ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കെത്താന്‍ 1.2 ലക്ഷം കിലോമീറ്റർ സഞ്ചരിക്കേണ്ടിയിരുന്നു. ഇത്രയും ദൂരം സഞ്ചരിക്കാന്‍ 51 മണിക്കൂർ ആണ് എടുക്കുന്ന സമയം. ഇതുവരെ ഇതില്‍ മൂന്നില്‍ രണ്ട് ദൂരം ചന്ദ്രയാന്‍ 3 താണ്ടിക്കഴിഞ്ഞു. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാന്‍3നെ എത്തിക്കുന്നതിനെയാണ് ലൂണാര്‍ ഓര്‍ബിറ്റ് ഇന്‍ജെക്ഷന്‍ എന്ന് പറയുന്നത്. ഇതാണ് ശനിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് നടക്കുകയെന്ന് ഐഎസ് ആര്‍ഒ ട്വിറ്ററില്‍ അറിയിച്ചു.
ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങുന്ന ചന്ദ്രായന്‍ 3ന്റെ സുപ്രധാന യാത്രാഘട്ടമാണിത്. പക്ഷെ ഏറ്റവും സുപ്രധാനമായി കൈവരിക്കേണ്ട നേട്ടം ചന്ദ്രയാന്‍ 3ലെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങുക എന്നതാണ്. പക്ഷെ ഇതിന് മുന്‍പ് ചന്ദ്രന്റെ ഭ്രമണപഥത്തെ ചന്ദ്രയാന്‍ 3 ചുറ്റിക്കൊണ്ടിരിക്കും. അഞ്ച് തവണ ഭ്രമണപഥം ഉയര്‍ത്തി ചന്ദ്രയാന്‍ 3നെ പരമാവധി ചന്ദ്രനോടടുപ്പിച്ചശേഷമായിരിക്കും വിക്രം എന്ന ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ആഗസ്ത് 23നോ 24നോ ആണ് വിക്രം എന്ന ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍റിംഗ് നടത്തുകയെന്ന് ഐഎസ് ആര്‍ഒ പറയുന്നു. എല്ലാംവിചാരിച്ച പോലെ നടന്നാല്‍ ആഗസ്ത് 23ന് വൈകീട്ട് 5.47നാണ് വിക്രം എന്ന ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും.
ഐഎസ് ആര്‍ഒ യുടെ ഏറ്റവും കരുത്തുറ്റ ജിഎസ് എല്‍വി മാർക്ക് 3 എന്ന വിക്ഷേപണ പേടകം ആണ് ജൂലായ് 14ന് ചന്ദ്രയാന്‍ 3നെ വിക്ഷേപിച്ചത്. പിന്നീട് പേടകം സ്വയം ഭൂമിയെ ചുറ്റുന്നതോടൊപ്പം ഭ്രമണപഥം പടിപടിയായി ഉയര്‍ത്തുകയായിരുന്നു. ഇതില്‍ ഐഎസ് ആര്‍ഒ പൂര്‍ണ്ണമായും വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: