ന്യൂദല്‍ഹി : ബഹളത്തിനിടെ ഇന്റര്‍ സര്‍വീസസ് ഓര്‍ഗനൈസേഷന്‍സ് (കമാന്‍ഡ്, കണ്‍ട്രോള്‍ ആന്‍ഡ് ഡിസിപ്ലിന്‍) ബില്ലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഭേദഗതി) ബില്ലും 2023 ഹ്രസ്വ ചര്‍ച്ചകളോടെ ലോക്സഭ പാസാക്കി. ഇന്റര്‍-സര്‍വീസസ് ഓര്‍ഗനൈസേഷനുകളുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് അല്ലെങ്കില്‍ ഓഫീസര്‍-ഇന്‍-കമാന്‍ഡിന് അവരുടെ കമാന്‍ഡിന് കീഴിലുള്ള ഉദ്യോഗസ്ഥരുടെ അച്ചടക്കവും ഭരണ നിയന്ത്രണവും നിര്‍വഹിക്കാന്‍ അധികാരപ്പെടുത്തുന്നതാണ് ഇന്റര്‍-സര്‍വീസസ് ഓര്‍ഗനൈസേഷന്‍ ബില്‍.കേന്ദ്ര സര്‍ക്കാരിന് ഇന്റര്‍-സര്‍വീസസ് ഓര്‍ഗനൈസേഷന്‍ രൂപീകരിക്കാം. അതില്‍ കര, വ്യോമ, നാവിക സേനകളില്‍ രണ്ട് വിഭാഗത്തിലെയെങ്കിലും അംഗങ്ങള്‍ ഉള്‍പ്പെടണം.
സായുധ സേനയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും സൈനിക പരിഷ്‌കരണത്തിന്റെ ദിശയിലെ മറ്റൊരു ചുവടുവയ്‌പ്പാണ് ഈ നിയമനിര്‍മ്മാണമെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ബില്‍ സായുധ സേനകളിലെ സംയോജനവും സംയുക്തതയും പ്രോത്സാഹിപ്പിക്കുമെന്നും സേനകളിലെ അച്ചടക്കം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഐഐഎം (ഭേദഗതി) ബില്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആക്ട്, 2017-ല്‍ കൂടുതല്‍ ഭേദഗതി വരുത്തുന്നതാണ്. ബില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളെ (ഐഐഎമ്മുകള്‍) ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളായി പ്രഖ്യാപിക്കുന്നു. നിയമത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ഇന്‍സ്റ്റിറ്റ്യൂട്ടിലും രാഷ്‌ട്രപതിക്ക് അധികാരാമുണ്ടാകും. ഒരു ഐഐഎമ്മിന്റെ ഡയറക്ടറെ,സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളെ അടിസ്ഥാനമാക്കി, ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് നിയമിക്കും.ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറെ നിയമിക്കുന്നതിന് മുമ്പ് ബോര്‍ഡ് രാഷ്‌ട്രപതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു.
ഐഐഎമ്മുകളുടെ സ്വയംഭരണത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. മുംബൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗിനെ ഐഐഎം, മുംബൈ എന്നാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: