ഈശ്വരന്റെ അവിനാശിയായ അംശമായതിനാല്‍ ജീവാത്മാവ് ദിവ്യവിഭൂതികളാല് സമ്പന്നമാണ്. അതിന് ഈ വിഭൂതികള്‍ ബീജരൂപത്തില്‍ ജന്മനാ കിട്ടിയിട്ടുണ്ട്. അതില്‍ വികാസമാര്‍ഗ്ഗത്തില്‍ കൂടി സഞ്ചരിച്ച് വീണ്ടും ഈശ്വരത്വത്തില്‍ പ്രവേശിച്ച് ഈശ്വരനുതുല്യമായി തീരുവാനുള്ള സാദ്ധ്യത അടങ്ങിയിട്ടുണ്ട്. ഇത്രയും അത്ഭുതശക്തികളുടെയും ഇത്രയധികം സാദ്ധ്യതയുടെയും ഉടമയാണെങ്കിലും അതിന് തന്റെ സകലപ്രവര്‍ത്തികളും ശാരീരിക അവയവങ്ങളിലൂടെ തന്നെ ചെയ്യേണ്ടിവരുന്നു. ജീവാത്മാക്കളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും എന്തുതന്നെ ആയാലും അവയെ സങ്കല്പം കൊണ്ട് മാത്രം പൂര്ണമാക്കുവാന് സാധിക്കുന്നില്ല.
ഇതിനുവേണ്ടി അതിന് ശാരീരിക അവയവങ്ങളും മാനസിക കഴിവുകളും ഉപയോഗിച്ചേ മതിയാവൂ. ഇവ രണ്ടും കൂടാതെ ക്രിയാത്മകമായ പ്രവര്‍ത്തനം സാദ്ധ്യമല്ല. ശരീരവും പ്രാണനും വേര്‍തിരിക്കപ്പെട്ടാല്‍ ജീവാത്മാവ് തനിയെ അദൃശ്യലോകവാസിയായ ഒരു ചേതനാ സ്ഫുലിംഗം മാത്രമായി അവശേഷിക്കുമെന്നതാണ് സത്യം. ആത്മാവിന് ശരീരത്തെ കൂടാതെ ഒരു കാര്യവും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുകയില്ല.
ഇക്കാര്യം പരബ്രഹ്മത്തെ സംബന്ധിച്ചും ബാധകമാണ്. അത് സര്‍വവ്യാപിയും വ്യവസ്ഥാപകനും ആയതിനാല്‍ നിരാകാരരൂപത്തില്‍ മാത്രമെ നിലകൊള്ളാന്‍ സാധിക്കുകയുള്ളു. പ്രതിമകള്‍ ധ്യാനത്തിനും ധാരണത്തിനും വേണ്ടി മാത്രമാണ് നിര്‍മ്മിക്കപ്പെടുന്നത്.
നിരാകാരനായ പരമേശ്വരന് സൃഷ്ടിയിലെ വിവിധ കാര്യങ്ങള്‍ ചെയ്യുന്നതിനായി ശരീരധാരികളുടെ സഹകരണം ആവശ്യമായി വരുന്നു. ആ സഹായികള്‍ രണ്ടുതരത്തിലുള്ളവരാണ്. ഒന്ന് വിശിഷ്ടരും മറ്റേത് ശ്രേഷ്ഠരും. വിശിഷ്ടരായവരില്‍ ദേവശക്തികള്‍ ഉള്‍പ്പെടുന്നു. അവരെ പൊതുവായി മൂന്നുഭാഗങ്ങളിലായി വിഭജിച്ചിരിക്കുന്നു. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ്, പരിപാലകനായ വിഷ്ണു, പരിവര്‍ത്തനപ്രധാനി ശിവന്. ഇവരെ ദേവീരൂപത്തില്‍ സങ്കല്പിക്കുമ്പോള് അവര്‍ തന്നെ ബ്രാഹ്മി, വൈഷ്ണവി, ശാംഭവി എന്ന് അറിയപ്പെടുന്നു. ഇവരുടെ വകഭേദങ്ങള്‍ പറയുകയാണെങ്കില്‍ മുപ്പത്തിമൂന്ന് കോടിയാകും.
കോടി എന്ന വാക്ക് ശ്രേണി എന്ന അര്‍ത്ഥത്തിലും കോടി എന്ന കണക്കിന്റെ അര്‍ത്ഥത്തിലും പ്രയോഗിക്കപ്പെടുന്നു. ദേവതകള്‍ മുപ്പത്തി മൂന്ന് കോടിയാണോ എന്ന വാദവിവാദത്തിലൊന്നും പെടാതെ അവര്‍ വളരെ പേര് ഉണ്ടെന്നും അവരുടെതായ ജോലി നിര്‍വഹിക്കുന്നുണ്ടെന്നും മനസ്സിലാക്കിയാല്‍ മതി. ദേവതകള്‍ക്ക് ധര്‍മ്മത്തിന്റെ സംരക്ഷണം അധര്‍മ്മത്തിന്റെ ഉന്മൂലനം എന്നീ രണ്ടു ജോലികളാണുള്ളത്. ശരീരവും ഇതുതന്നെയാണ് ചെയ്യുന്നത്. ഉപയോഗപ്രദമായവയെ വായ, നാസിക ഇത്യാദികളിലൂടെ ഗ്രഹിച്ചു ഉള്‍ക്കൊള്ളുകയും ചവറുകളെ മലം, മൂത്രം, വിയര്‍പ്പ് മുതലായ രൂപത്തില്‍ പുറത്തേക്ക് ബഹിഷ്കരിക്കുകയും ചെയ്യുന്നു. ജോലി നടക്കുന്നിടത്ത് ചപ്പുചവറുകളും ഉണ്ടാകുന്നു. മെഷീനുകളിലും ഇതു തന്നെ നടന്നുകൊണ്ടിരിക്കുന്നു. അവ ഊര്‍ജം ആവശ്യപ്പെടുകയും മാലിന്യത്തെ പുറത്തേക്കു തള്ളുകയും ചെയ്യുന്നു. സൃഷ്ടിയിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. ഈ രണ്ട് പ്രവര്‍ത്തികള്‍ക്കുമായി ഈശ്വരന്റെ ഇച്ഛക്കനുസരിച്ച് ദേവശക്തികള്‍ ഏര്‍പ്പെട്ടിരിക്കുന്നു. അവര്‍ സദ്പ്രവര്‍ത്തികളുടെ വര്‍ദ്ധനവും ദുഷ്പ്രവര്‍ത്തികളുടെ ഉന്മൂലനവും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. സൃഷ്ടിയുടെ സന്തുലിതാവസ്ഥ ഇപ്രകാരം നിലനില്ക്കുന്നു.
( ഗായത്രി പരിവാര്‍ സ്ഥാപകന്‍ പണ്ഡിറ്റ് ശ്രീരാം ശര്‍മ ആചാര്യ രചിച്ച ‘ദേവാത്മാ ഹിമാലയം’ എന്ന ഗ്രന്ഥത്തില്‍ നിന്ന്)
9446042042
പ്രതികരിക്കാൻ ഇവിടെ എഴുതുക: