തിരുവനന്തപുരം : സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രയ്ക്കെതിരെ കേസെടുത്തതില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി എന്‍എസ്എസ്. നാമജപ യാത്രയ്ക്ക് നേതൃത്വം നല്കിയ എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കി കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. പിന്നാലെ നിയമപരമായി നേരിടുമെന്ന് സംഗീത് കുമാറും പ്രതികരിച്ചിരുന്നു.
സ്പീക്കറുടെ മിത്ത് പരാമര്‍ശത്തിനപ്പുറം വിശ്വാസികളുടെ പ്രശ്നത്തില്‍ ഇടത് സര്‍ക്കാര്‍ നിഷേധ നിലപാടാണ് സ്വീകരിക്കുന്നത്. എ.എന്‍. ഷംസീര്‍ നടത്തിയ പ്രസ്താവന തിരുത്താന്‍ തയ്യാറാകണം. ഈ ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നും എന്‍എസ്എസ് അറിയിച്ചു.
മിത്ത് പരാമര്‍ശത്തില്‍ തിരുവനന്തപുരം പാളയം ഗണപതിക്ഷേത്രം മുതല്‍ പഴവങ്ങാടി വരെയാണ് എന്‍എസ്എസ് കഴിഞ്ഞദിവസം നാമജപയാത്ര സംഘടിപ്പിച്ചത്. എന്നാല്‍ പോലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി കൂട്ടം കൂടിയതിനും ഗതാഗത തടസ്സം ഉണ്ടാക്കിയെന്നും ആരോപിച്ച് കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.
സംഗീത് കുമാറിനെ കൂടാതെ കണ്ടാലറിയാവുന്ന ആയിരം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇങ്ങനെയെങ്കില്‍ മുഴുവന്‍ വിശ്വാസികള്‍ക്കുമെതിരെ കേസെടുക്കേണ്ടിവരുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രതികരിച്ചു. സ്പീക്കര്‍ തിരുത്തണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: