കൊച്ചി: ക്രിപ്റ്റോ കറന്‍സി തട്ടിപ്പുക്കേസിലെ പ്രതികളില്‍നിന്ന് പണം തട്ടിയെടുത്തെന്ന പരാതിയില്‍ നാലു കര്‍ണാടക പോലീസ് ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ പിടിയിലായി. കസ്റ്റഡിയിലെടുത്ത പ്രതികളുമായി വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് കര്‍ണാടക പോലീസ് സംഘത്തെ കേരള പോലീസ് പിടികൂടിയത്. പണം നല്കിയാല് കേസില്‍നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞാണ് കര്‍ണാടക പോലീസ് സംഘം ലക്ഷങ്ങള്‍ കൈക്കലാക്കിയതെന്നും ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍നിന്ന് 3.95 ലക്ഷം രൂപ കണ്ടെടുത്തതായും കൊച്ചി ഡപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു.
ബെംഗളൂരു വൈറ്റ് ഫീല്‍ഡ് സെന്‍ പോലീസ് സ്റ്റേഷനിലെ സിഐ ശിവപ്രകാശ്, പോലീസുകാരായ വിജയകുമാര്‍, സന്ദേശ്, ശിവണ്ണ എന്നിവരെയാണ് കളമശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഓണ്‍ലൈന്‍ ഇടപാടില്‍ ബെംഗളൂരുവിലെ ഒരു സ്ത്രീക്ക് 26 ലക്ഷത്തോളം രൂപ നഷ്ടമായെന്നായിരുന്നു പരാതി. മലപ്പുറത്തുനിന്ന് രണ്ടുപ്രതികളെ കര്‍ണാടക പോലീസ് സംഘം ആദ്യം കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ടാണ് മട്ടാഞ്ചേരിയില്‍ നിന്ന് മറ്റ്് രണ്ടുപേരെ കൂടി പിടികൂടിയത്.
ഇവരെ വിട്ടയക്കാന്‍ 25 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കസ്റ്റഡിയിലുള്ള ഒരാളുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് ഒരു ലക്ഷം രൂപ പിന്‍വലിച്ച കര്‍ണാടക പോലീസ് സംഘം മറ്റൊരാളുടെ ബന്ധുവില്‍നിന്ന് മൂന്ന് ലക്ഷം രൂപ കൂടി കൈപ്പറ്റി. ബാക്കി തുക കൂടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പരാതിക്കാര്‍ കൊച്ചി ഡിസിപിയെ സമീപിച്ചത്.
തുടര്‍ന്ന് കര്‍ണാടക പോലീസ് സംഘത്തെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്ത് വെച്ച് കളമശേരി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തു. പിന്നീട് കസ്റ്റഡിയിലുള്ള കര്‍ണാടക പോലീസ് ഉദ്യോഗസ്ഥരെ വിട്ടയച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സിആര്‍പിസി 41 പ്രകാരമുള്ള നോട്ടീസ് നല്‍കിയാണ് ഇന്‍സ്പെക്ടര്‍ അടക്കമുള്ള നാല് ഉദ്യോഗസ്ഥരെ വിട്ടയച്ചതെന്ന് ഡിസിപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: