പഴയന്നൂര്‍: പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പ്ലാഴി സെന്ററില്‍ സംസ്ഥാനപാതയിലേക്ക് വളര്‍ന്ന് വന്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മദിരാശി മരങ്ങള്‍ മുറിച്ചു നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാലക്കാട്, തൃശൂര്‍ ജില്ലകളുടെ അതിര്‍ത്തിയായ പ്രദേശത്തിലൂടെ കടന്നുപോകുന്നത് നിരവധി വാഹനങ്ങളാണ്. സെന്ററില്‍ നിന്നും ആലത്തൂര്‍ ഭാഗത്തേക്കും കണ്ണമ്പ്രയിലേക്കുമുള്ള റോഡ് തിരിയുന്നത് ഇവിടെ നിന്നാണ്. വളര്‍ന്ന് പന്തലിച്ച മദിരാശി വൃക്ഷങ്ങളുടെ ശാഖകള്‍ ഇതിലെ കടന്നുപോകുന്ന വൈദ്യുതി ലൈനുകളുടെ തൊട്ടു മുകളിലൂടെയാണ് കാറ്റത്ത് ആടിയുലഞ്ഞ് നില്‍ക്കുന്നത്. സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളുടെ മുകളിലേക്കും മരത്തിന്റെ ശാഖകള്‍ നീണ്ടുനില്പുണ്ട്. ഇത് ജനങ്ങളില്‍ ഭീതിയുയര്ത്തുന്നതായി പ്ലാഴി സെന്ററില്‍ വ്യാപാര സ്ഥാപനം നടത്തിവരുന്ന കെ. മുജീബ് റഹ്മാന് പറഞ്ഞു. മരം റോഡിലേക്ക് വളര്‍ന്ന് നില്ക്കുന്നതിനാല് വാഹനാപകടങ്ങള്‍ ഉണ്ടാകാറുണ്ട്. മരക്കൊമ്പുകള്‍ പൊട്ടിവീണ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട അധികാരികളോട് പലതവണ തങ്ങളുടെ വിഷമതകള്‍ സൂചിപ്പിച്ചെങ്കിലും അനുകൂല നടപടികള്‍ ഉണ്ടായില്ല എന്നത് വളരെ ഖേദകരമാണെന്ന് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ എ. രാമചന്ദ്രന് വ്യക്തമാക്കി. തലയ്ക്ക് മുകളില്‍ വൈദ്യുതി കമ്പികളും പൊട്ടി വീഴാറായ മരക്കൊമ്പുകളും ആടിയുലയുമ്പോള്‍ ഇതിനു താഴെ ഉപജീവനത്തിനായി കഴിഞ്ഞുകൂടുന്ന വിഭാഗങ്ങള്‍ക്ക് തീയാണ് ഉള്ളില്‍. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് വരാനിരിക്കുന്ന വന്‍ ദുരന്തം മുന്‍കൂട്ടി കണ്ടുകൊണ്ട് പൊതുജനങ്ങള്‍ക്ക് പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: