തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഗണപതി ഭഗവാന് കെട്ടുകഥയെന്ന തരത്തില്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദമായിരിക്കെ എന്‍ എസ് എസ് നഗരത്തില്‍ നടത്തിയ നാപജപ ഘോഷയാത്ര സര്‍ക്കാരിനും സി പി എമ്മിനും ശക്തമായ മുന്നറിയിപ്പായി. സംഘാടകര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ആളുകളാണ് പ്രതിഷേധ സൂചകമായി നടത്തിയ നാമജപഘോഷയാത്രയില്‍ പങ്കെടുത്തത്. പങ്കെടുത്ത ആയിരങ്ങളില്‍ ധാരാളം സ്ത്രീകളും ഉണ്ടായിരുന്നു.
പാളയം ഗണപതി ക്ഷേത്രത്തില്‍ നിന്ന് വൈകിട്ട് 5.30 ഓടെ ആരംഭിച്ച ഘോഷയാത്ര 7 മണിയോടെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നില്‍ സമാപിച്ചു. പ്രതിഷേധത്തിലൂടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ് ഉയര്‍ത്തുന്നത്. സി പി എമ്മും ഷംസീറും മാപ്പ് പറയണമെന്ന് എന്‍ എസ് എസ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ വരും ദിവസങ്ങളില്‍ രണ്ടാംഘട്ട സമരങ്ങള്‍ നടത്തുമെന്ന് ജില്ലയിലെ എന്‍എസ്എസ് നേതാക്കള്‍ അറിയിച്ചു. മറ്റ് ഹൈന്ദവ സംഘടനകളെ കൂട്ടിയുള്ള പ്രതിഷേധവും സംഘടിപ്പിക്കും.
സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നടത്തിയ ഗുരുതരമായ പരാമര്‍ശങ്ങളില്‍ സര്‍ക്കാരിന്റെ നിലപാട് അറിയണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടു. വിശ്വാസികള്‍ക്ക് എതിരല്ലെന്നും പാര്‍ട്ടി നിലപാട് തനിക്കൊപ്പമാണെന്നും ഷംസീര്‍ പറഞ്ഞതും നേതാക്കള്‍ ചൂണ്ടിക്കാട്ടി. വിശ്വാസിയാണോ എന്ന ഷംസീറിനോടുളള പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും മറുപടി എഴുതുന്ന വിദ്യാര്‍ത്ഥിയല്ല താനെന്ന് പറഞ്ഞ് സമര്‍ത്ഥമായി ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം.
ഷംസീറിന് പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നടത്തിയ പത്രസമ്മേളനത്തിലും ഗണപതി ഭഗവാനെ അവഹേളിക്കുകയുണ്ടായി.ഗണപതി മിത്താണെന്നും എന്നാല്‍ അളളാഹു അങ്ങനെയല്ലെന്നും ഏകദൈവ വിശ്വാസത്തിന്റെ ഭാഗമാണെന്നും പറഞ്ഞ് ഷംസീറിനെ പിന്തുണയ്ക്കുകയാണ് പാര്‍ട്ടി സെക്രട്ടറി ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: