ന്യൂദല്‍ഹി ഹരിയാനയിലെ നൂഹില്‍ ഹിന്ദു ഘോഷയാത്രയ്‌ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ദല്‍ഹിയില്‍ വിശ്വഹിന്ദുപരിഷത്തും ബജ്രംഗ് ദളും നടത്തിവരുന്ന പ്രതിഷേധ റാലികള്‍ നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വിഎച്ച്പി, ബജ്രംഗ് ദള്‍ റാലി നിരോധിക്കണമെന്നാവശ്യപ്പെട്ട് അഡ്വ.സി.യു സിങ്ങാണ് ഹര്‍ജി നല്‍കിയത്.
“നൂഹിലെ ക്രമസമാധാനപ്രശ്നം പൊലീസ് പ്രശ്നമാണെന്നും അത് അവിടെ പൊലീസാണ് കൈകാര്യം ചെയ്യേണ്ടത്. നിയമമനുസരിച്ച് പൊലീസ് നടപടിയെടുത്താല്‍ അക്രമമോ വിദ്വേഷ പരാമര്‍ശങ്ങളോ ക്രമസാധാന പ്രശ്നങ്ങളോ ഉണ്ടാകില്ല. കൂടുതല്‍ പൊലീസിനെ നിയോഗിക്കുക,സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക-ഇതേ പോംവഴിയുള്ളൂ”.- സുപ്രീംകോടതി പറഞ്ഞു. ഹരിയാന, ദല്‍ഹി, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നൂഹ് അക്രമം സംബന്ധിച്ച കേസില്‍ നോട്ടീസയച്ചു. അടുത്ത വാദം കേള്‍ക്കല്‍ ആഗസ്ത് നാലിനാണ്.
വിഎച്ച് പിയുടെയും ബജ്രംഗ് ദളിന്റെയും തലസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന റാലി കാരണം നഗരത്തല്‍ നിരവധി സ്ഥലങ്ങളില്‍ ട്രാഫിക് തടസ്സങ്ങള്‍ ഉണ്ടാകുന്നു എന്നായരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ സുപ്രീംകോടതി ഈ വാദം അംഗീകരിച്ചില്ല.
അക്രമങ്ങള്‍ തടയാന്‍ പരമാവധി സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് നൂഹിലെ ജില്ല ഭരണകൂടം സുപ്രീംകോടതിയെ അറിയിച്ചു. ദല്‍ഹിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് വിഎച്ച്പി, ബജ്രംഗ് ദള്‍ റാലി പൊലീസ് നിരീക്ഷിച്ച് വരുന്നുണ്ട്. പ്രശ്നം ഉണ്ടാക്കുന്നവരെ അപ്പപ്പോള്‍ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. നൂഹിലെ ക്രമസമാധാനപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരമാവധി പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് ഹരിയാനയിലെ അക്രമം നടന്ന നൂഹിലെ ജില്ലാ ഭരണകൂടം സുപ്രീംകോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: