തിരുവനന്തപുരം: ഗണപതി ഭഗവാനെ അവഹേളിച്ചുകൊണ്ട് നിയമസഭാ സ്പീക്കർ എഎൻ ഷംസീർ നടത്തിയ പരാമർശത്തിനെതിരെ ഡിജിപിയ്ക്ക് പരാതി നൽകി ഹിന്ദു ഐക്യവേദി. ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് ഷംസീർ സംസാരിച്ചതെന്ന് പരാതിയിൽ പറയുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചറാണ് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് പരാതി നല്‍കിയത്.
ഹിന്ദു സമുദായത്തിലെ അംഗങ്ങളെ പ്രകോപിപ്പിക്കുകയും സമാധാനവും മതസൗഹാർദ്ദവും തകർക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാല്‍ പ്രസ്താവനക്കെതിരെ നടപടിയെടുക്കണമെന്ന് പരാതിയിൽ ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.
ഹിന്ദുക്കൾ പിന്തുടരുന്ന വിശുദ്ധ ഗ്രന്ഥങ്ങൾ അന്ധവിശ്വാസങ്ങളെയും അസംബന്ധങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തിൽ ഷംസീർ പ്രസംഗിച്ചു. ഹിന്ദു ദൈവമായ ഗണപതിയെ അപമാനിച്ചു. ഇത്തരമൊരു അധിക്ഷേപം നടത്തിയതിലൂടെ ഹിന്ദു സമുദായത്തിന്റെ മതവികാരങ്ങളെ ഷംസീർ വ്രണപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
ജൂലായ് 21ന് എറണാകുളത്തെ കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ നടന്ന ഉദ്ഘാടന പരിപാടിയിലാണ് സ്പീക്കർ ഹിന്ദു സമുദായത്തിനെതിരെ അപകീർത്തികരമായി സംസാരിച്ചത്. ഹിന്ദുമതം അസംബന്ധങ്ങള്‍ നിറഞ്ഞതാണെന്നും ഹിന്ദുക്കൾ പിന്തുടരുന്ന വിശുദ്ധ ഗ്രന്ഥങ്ങൾ അന്ധവിശ്വാസങ്ങളെയും അസംബന്ധങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതാണെന്നും പറഞ്ഞു.
‘ഇസ്ലാംമത വിശ്വാസിയായ എ.എൻ.ഷംസീർ ദുരുദ്ദേശ്യത്തോടെ ഹിന്ദുമതത്തെയും ഹിന്ദുമതത്തെ പിന്തുടരുന്ന പൊതുജനങ്ങളെയും അപമാനിക്കുകയായിരുന്നു.- പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: