ചങ്ങനാശ്ശേരി: ആരാധിക്കുന്ന ഈശ്വരനെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ എല്ലാ തരത്തിലും വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പിനെ അവര്‍ നേരിടേണ്ടി വരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പ്രസ്താവന ഹൈന്ദവ ജനതയുടെ ചങ്കില് തറച്ചതാണ്. ഹിന്ദു സംഘടനകള്‍, ആര്‍എസ്എസ്, ബിജെപി, രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാംതന്നെ ഇതിനെതിരെ വളരെ സജീവമായി രംഗത്തുവന്നിട്ടുണ്ട്. അവരോടൊപ്പം എന്‍എസ്എസും വളരെ സജീവമായി യോജിച്ച് പ്രവര്‍ത്തിക്കും. കാരണം ഇത് വിശ്വാസത്തിന്റെ കാര്യമാണ്. സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍എസ്എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി വാഴപ്പള്ളി മഹാദേവക്ഷേത്ര ദര്‍ശനത്തിന് എത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ജനറല്‍ സെക്രട്ടറി.
സ്പീക്കര്‍ ഹൈന്ദവ ജനതയോടു മാപ്പു പറയണമെന്നു വീണ്ടും ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ മറ്റു ഹിന്ദു സംഘടനകളോടും രാഷ്ട്രീയ പാര്‍ട്ടികളോടും ചേര്‍ന്നു പ്രവര്‍ത്തിക്കും. ശാസ്ത്രമല്ല വിശ്വാസമാണു വലുത്. വിശ്വാസപ്രമാണങ്ങളിലേക്കുള്ള കടന്നുകയറ്റം അംഗീകരിക്കാന്‍ കഴിയില്ല.ഭഗവാന്മാരുടെ ആയിക്കോട്ടെ മനുഷ്യരുടെ ആയിക്കോട്ടെ ഏതു സംരംഭം തുടങ്ങിയാലും അതിനു പ്രാരംഭം കുറിക്കുന്ന ഒരു മഹാ വിശ്വാസമാണിത്. സര്‍ക്കാരിന്റെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന, അസംബ്ലിയുടെ സ്പീക്കര്‍ സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ അതിനെതിരെ പ്രതികരിച്ചത് നാം ആരാധിക്കുന്ന ഈശ്വരനെ അങ്ങേയറ്റം അധിക്ഷേപിച്ചുകൊണ്ടും അപമാനിച്ചുകൊണ്ടുമാണ്. അത് ഞങ്ങളുടെ ചങ്കിന് തറച്ചിരിക്കുകയാണ്. അതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും മാര്‍ഗമില്ല.
ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം കേരളത്തിലെ എല്ലാ മതങ്ങളെയും ഒരുപോലെ സ്നേഹിച്ചു കൊണ്ട് എല്ലാവരോടും സഹവര്ത്തിത്വത്തോടു കൂടി കഴിന്നവരാണ്.ഒരു മതവിഭാഗത്തെയും വിമര്‍ശിക്കാതെ അവര്‍ക്കുള്ള ആരാധനാ സ്വാതന്ത്ര്യം എല്ലാം ശരിവച്ചു കൊണ്ട് മുന്നോട്ടു പോകുന്ന ഒരു പാരമ്പര്യമാണ് ഹൈന്ദവന്റേത്. മാത്രമല്ല ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടയാള്‍ ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് ഇത്ര നിന്ദവും നീചവുമായി നമ്മള് ആരാധിക്കുന്ന ഈശ്വരനെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ എല്ലാ തരത്തിലും വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പിനെ അവര്‍ നേരിടേണ്ടി വരും. അതിനുള്ള തുടക്കമാണ് ഇത്. ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: