ദീപ്തി എം. ദാസ്
കൊച്ചി: 2047ല്‍ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുകയെന്ന ലക്ഷ്യംവച്ചാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിച്ചിരുന്നതെന്ന് എന്‍ഐഎ കണ്ടെത്തല്‍. ഇതിനായി യുവാക്കള്‍ക്ക് ആയുധ പരിശീലനം നല്കി, രാജ്യത്തെ വിവിധ സമുദായങ്ങളില്‍ വിദ്വേഷമുണ്ടാക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കി. സുപ്രീം കോടതി അംഗീകരിച്ച തെളിവുകളുടെ പിന്‍ബലത്തിലാണ് പിഎഫ്ഐ കേന്ദ്രങ്ങള്‍ എന്‍ഐഎ സീല്‍ ചെയ്യുന്നത്. അതില്‍ ഒടുവിലത്തേതാണ് മഞ്ചേരിയിലെ ഗ്രീന്‍വാലി.
രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് എന്‍ഐഎയുടെ പിടിയിലായ മുഹമ്മദ് ആസിഫ്, സാദിഖ് സറഫ് എന്നിവരുടെ നേതൃത്വത്തിലാണ് തുടര്‍ച്ചയായി പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. കേരളത്തിലെ ചില പ്രമുഖരെ കൊലപ്പെടുത്താനും പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നു. ആയുധ പരിശീലനത്തിനു പുറമേ, പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍, നിരോധിത സംഘടനകളില്‍ ചേരാന്‍ ആളുകളെ ബോധവത്കരിക്കല്‍ തുടങ്ങിയവയും പിഎഫ്ഐ കേന്ദ്രങ്ങളില്‍ നടത്തിയിരുന്നു. മറ്റു മതസ്ഥരുടെ സംഘടനകളുമായി ബന്ധമുള്ളവരെ കൊലപ്പെടുത്തുക, പ്രമുഖ വ്യക്തികളെയും സ്ഥലങ്ങളെയും ലക്ഷ്യമിട്ട് സ്ഫോടക വസ്തുക്കള്‍ ശേഖരിക്കുക തുടങ്ങിയവയാണ് ഇസ്ലാമിക രാഷ്ട്ര ലക്ഷ്യത്തിനായി പിഎഫ്ഐ നടത്തിയിരുന്നതെന്ന് എന്‍ഐഎ കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്കിയ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നു.
2012ല്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തിലും ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. പിഎഫ്ഐ സിമിയുടെ മറ്റൊരു പതിപ്പാണ്. പിഎഫ്ഐ പ്രവര്‍ത്തകര്‍ 27 കൊലപാതകക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവയില്‍ കൂടുതലും ആര്‍എസ്എസ്, സിപിഎം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഈ കൊലപാതകങ്ങളെല്ലാം വര്‍ഗീയ ലക്ഷ്യത്തോടെയായിരുന്നെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മതപരിവര്‍ത്തനം പ്രോത്സാഹിപ്പിച്ച് സമൂഹത്തെ ഇസ്ലാമികവത്ക്കരിക്കുകയാണ് പിഎഫ്ഐയുടെ പദ്ധതിയെന്ന് 2014ല്‍, മറ്റൊരു സത്യവാങ്മൂലത്തിലും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സംഘടനയുടെ ശത്രുക്കളെ തെരഞ്ഞെടുത്ത് ഉന്മൂലനം ചെയ്യുന്നതുള്‍പ്പെടെയുള്ളവ ഏറ്റെടുക്കുന്നതിന് മുസ്ലിം യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നെന്നും ഇതേ സത്യവാങ്മൂലത്തിന്റെ മറ്റൊരു ഭാഗത്ത് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
തേജസ് പത്രം ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഈ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 2013 മുതല്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ പത്രത്തിനു കൊടുക്കുന്നില്ലെന്ന് കാണിച്ചാണ് തേജസ് അന്നു ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാനത്തെ 27 വര്‍ഗീയ കൊലപാതകങ്ങളിലും 86 കൊലപാതക ശ്രമക്കേസുകളിലും 106 വര്‍ഗീയ സ്വഭാവമുള്ള കേസുകളിലും പിഎഫ്ഐയില്‍ ലയിച്ച എന്‍ഡിഎഫിനു ബന്ധമുണ്ടെന്ന് ആ സത്യവാങ്മൂലത്തില്‍ത്തന്നെ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: