തിരുവനന്തപുരം: ഗണപതി ഭഗവാനെ അവഹേളിച്ച എ.എന്‍.ഷംസീറിനെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയായി ഹിന്ദു സമൂഹം മാറിയെന്നും ഇനി അതിന് അനുവദിക്കില്ലെന്നും സുരേന്ദ്രന്. കോടിക്കണക്കിന് വിശ്വാസികള്‍ ആരാധിക്കുന്ന ഭഗവാന് ഗണപതിയെ അവഹേളിച്ച ഷംസീറെനെതിരേ യുഡിഎഫും എല്‍ഡിഎഫിലെ വിശ്വാസികളായ നേതാക്കളും എന്തുകൊണ്ടാണ് രംഗത്തു വരാത്തത്. ഗണപതി മിത്താണെന്ന് പറഞ്ഞ ഷംസീര്‍ അള്ളാഹു മിത്താണെന്ന് പറയുമോ, അങ്ങനെ പറഞ്ഞാല്‍ കൈ മാത്രമല്ല, എല്ലാം അവര്‍ വെട്ടും. അതാണ് അവസ്ഥയെന്നും സുരേന്ദ്രന്.
കുറച്ചു കാലങ്ങളായി മന്ത്രി മുഹമ്മദ് റിയാസും സ്പീക്കര്‍ ഷംസീറും ഹിന്ദു വിരുദ്ധ പ്രസ്താവനകള്‍ നടത്തുകയാണ്. മതതീവ്രവാദികള്‍ക്ക് ഊര്‍ജം നല്കുന്ന പ്രസ്താവനകാണ് സിപിഎം നേതാക്കളില്‍ നിന്നുണ്ടാകുന്നത്. ഷംസീറിന്റേത് സ്വഭാവികമായോ യാദൃശ്ചികമായോ ഉണ്ടായ ഒരു പ്രസ്താവനയായി കാണാനാകില്ല. മുസ്ലിം സമുദായത്തിലെ ആചാരങ്ങളെ ഷംസീര്‍ പൊക്കിപറയുകയും ഹിന്ദു സമുദായത്തെ പരസ്യമായി അവഹേളിക്കുകയായുമാണ്. ഇതിനെതിരേ സഭ സമ്മേളനം ആരംഭിച്ചാല്‍ സഭയ്ക്ക് അകത്ത് ആളില്ലെങ്കിലും പുറത്ത് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും സുരേന്ദ്രന്.
ശബരിമല പ്രക്ഷോഭകാലത്തേതിന് സമാനമായ എതിർപ്പാണ് ഷംസീറും സിപിഎമ്മും നേരിടുന്നത്. എഎൻ ഷംസീറിനെയും മുഹമ്മദ് റിയാസിനെയും ചാവേറുകളാക്കി കേരളത്തിൽ ധ്രുവീകരണമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മുസ്ലിം വിഭാഗത്തിന്റെ പിന്തുണ ലഭിക്കാനാണ് സിപിഎം ഇതിനെ പ്രോത്സാഹിപ്പിക്കുന്നത്. മുസ്ലിം സമുദായത്തിലെ ആചാരങ്ങളെ പരസ്യമായി പിന്തുണച്ച് സംസാരിക്കുന്ന ഷംസീർ ഹിന്ദുക്കളെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല. പരമത നിന്ദയാണ് ഷംസീർ നടത്തിയത്. കോടാനുകോടി ജനങ്ങളുടെ വിശ്വാസമാണ് ഗണപതി. അതിനെ മിത്തെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. സ്വന്തം മതത്തിനെ വിമർശിക്കാൻ ഷംസീർ തയ്യാറാകുമോ? ഗണപതിയെ നിന്ദിക്കുകയും സ്വന്തം മതത്തെ പുകഴ്ത്തുകയും ചെയ്യുന്നത് മതനിരപേക്ഷ സമൂഹം അംഗീകരിക്കില്ല. എകെ ബാലൻ അല്ല ഹിന്ദുമതത്തിന്റെ അതോറിറ്റി. എവി ഗോവിന്ദൻ പരസ്യമായി ഷംസീറിനെ പിന്തുണയ്ക്കുകയാണ്. തുടർച്ചയായി ഹിന്ദുക്കളെ ആക്ഷേപിച്ച് വോട്ട് നേടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ ഇരട്ടത്താപ്പാണ് നടത്തുന്നത്. മുസ്ലിംലീഗിനെയും ജമാഅത്തെ ഇസ്ലാമിയേയും ഭയപ്പെട്ടിട്ടാണോ കോൺഗ്രസ് ശക്തമായ ഒരു നിലപാട് എടുക്കാത്തത്? ഷംസീർ അദ്ധ്യക്ഷനാവുന്ന നിയമസഭയിൽ എന്താകും കോൺഗ്രസിന്റെ നിലപാട്? ഹിന്ദു എന്നാൽ ആർക്കും കയറി കൊട്ടാനുള്ള ചെണ്ടയല്ല.
ശബരിമലയിൽ തുല്ല്യതയ്ക്ക് വേണ്ടി രംഗത്ത് എത്തുകയും മുത്തലാക്കിലും പൊതു സിവിൽ നിയമത്തിലും മൗനം പുലർത്തുകയും ചെയ്യുന്ന ആക്ടിവിസ്റ്റികളോട് പുച്ഛം മാത്രം. ഇടത് അനുകൂല വനിതാ ആക്ടിവിസ്റ്റുകൾക്ക് ഇരട്ടത്താപ്പാണ്. എൻഎസ്എസ്സിന്റെത് വിശ്വാസികളുടെ നിലപാടാണ്. വിശ്വാസ സംരക്ഷണ നിലപാടിനെ ബിജെപി പിന്തുണയ്ക്കും. നാമജപ ഘോഷയാത്രയിൽ പങ്കെടുക്കുന്നതിൽ നേതാക്കളും അണികളും എന്നില്ല. വിശ്വാസികൾക്ക് എല്ലാവർക്കും പങ്കെടുക്കാം. ആലുവയിൽ അഞ്ചുവയസുകാരി പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നിട്ട് മുഖ്യമന്ത്രി നാവനക്കിയിട്ടില്ല. ഹരിയാനയിൽ ട്രെയിൻ സീറ്റിന്റെ പേരിൽ ഒരാൾ കൊല്ലപ്പെട്ടപ്പോൾ ഖജനാവിലെ 10 ലക്ഷം എടുത്ത് കൊടുത്ത മുഖ്യമന്ത്രി ഒരു ലക്ഷം രൂപയാണ് കൊച്ചുകുഞ്ഞിന് പ്രഖ്യാപിച്ചത്. ഇത്രയും ശിലാഹൃദയനായ ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല.
പിഎഫ്ഐ നിരോധനം നടന്നപ്പോൾ അവരോട് മൃദുസമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. എൻഐഎ ഗ്രീൻവാലി കണ്ടുകെട്ടിയത് സർക്കാരിനേറ്റ പ്രഹരമാണ്. മറ്റ് സംസ്ഥാനങ്ങൾ പോപ്പുലർ ഫ്രണ്ടിനെതിരെ ശക്തമായ നടപടികളെടുക്കുമ്പോഴും പിണറായി സർക്കാർ അവരെ സംരക്ഷിക്കുകയാണ്. കേരള പൊലീസാണ് പിഎഫ്ഐയെ സഹായിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: