എസ്.എന്‍. ചന്ദ്രന്
ആലത്തൂര്‍: ജീവിത സായാഹ്നത്തില്‍ ഈശ്വരവിശ്വാസത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച വയോധിക നേരിട്ടത് നീറുന്ന ജീവിത പരീക്ഷണങ്ങള്‍. ആരോ ചെയ്ത തട്ടിപ്പിന്റെ ഇരയായി നാല് വര്‍ഷം കോടതി കയറിയിറങ്ങേണ്ടി വന്ന കുനിശ്ശേരി വടക്കേത്തറ മഠത്തില്‍ വീട്ടില്‍ 84കാരി ഭാരതിയമ്മ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ വാക്കുകള്‍ക്കതീതമാണ്.
98 ലാണ് കേസിനാസ്പദമായ സംഭവം. തിരുനെല്ലായി വിജയപുരം കോളനിയില്‍ താരംഗ് വീട്ടില്‍ ഗോവിന്ദന്‍കുട്ടി മേനോന്റെ വീട്ടില്‍ ജോലിക്കെത്തിയ ഭാരതിയമ്മയെന്ന മറ്റൊരു സ്ത്രീ അതിക്രമിച്ച് കയറി ചെടിച്ചട്ടികളും ജനല്‍ചില്ലുകളും തകര്‍ത്തുവെന്നാണ് കേസ്. ഗോവിന്ദന്‍കുട്ടി മേനോന്റെ മകന് രാജഗോപാലന്‍ നായരാണ് പരാതിക്കാരന്. ഈ കേസില്‍ അന്ന് ഭാരതിയമ്മയെ അറസ്റ്റ് ചെയ്ത് ജാമ്യം നല്‍കിയെങ്കിലും പിന്നീട് ഇവര്‍ മുങ്ങുകയായിരുന്നു. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുകയെന്ന പോലീസിന്റെ നീക്കമാണ് 2019 ല്‍ കുനിശ്ശേരി സ്വദേശി ഭാരതിയമ്മയെ 80 ാം വയസില്‍ അറസ്റ്റ് ചെയ്യാന്‍ കാരണം.
പാലക്കാട് സൗത്ത് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. താന്‍ ചെയ്ത തെറ്റെന്തെന്ന് എത്ര ചോദിച്ചിട്ടും പോലീസ് പറയാന്‍ കൂട്ടാക്കിയില്ല. ഇതു കാരണം ആള്മാറി കേസെടുത്ത ഭാരതിയമ്മയ്ക്ക് നാല് വര്‍ഷം കേസിന്റെ പിന്നാലെ അലയേണ്ടി വന്നു. വലിയ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുകയും ചെയ്തു. 94ല്‍ ഭാരതിയമ്മയെ അസഭ്യം പറഞ്ഞതിന് ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസിന് തുമ്പുണ്ടാക്കാന്‍ കഴിയാത്തതിനാല്‍ കേസ് അവസാനിപ്പിച്ചിരുന്നു. ഈ കേസിലെ പ്രതിയായ സ്ത്രീയാണ് ഭാരതിയമ്മയുടെ വിലാസം ഉപയോഗിച്ച് കുറ്റങ്ങളില്‍ ഏര്‍പ്പെട്ടതെന്നാണ് കരുതുന്നത്.
തമിഴ്നാട്ടിലെ ചിദംബരം കടലൂരില്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറായ പരേതനായ ജനാര്ദ്ദനന് നായരുടെ ഭാര്യയാണ് ഭാരതിയമ്മ. പ്രതി ഇവരല്ലെന്ന് ഇപ്പോള്‍ രാജഗോപാലന്‍ നായര്‍ കോടതിയില്‍ സമ്മതിച്ചതോടെയാണ് കേസ് അവസാനിച്ചത്. പോലീസിന്റെയും നിയമ സംവിധാനങ്ങളുടെയും വികൃതമായ മുഖമാണ് ഈ വയോധികയ്ക്ക് നേരിടേണ്ടി വന്നതെന്ന് അഡ്വ. ഗിരീഷ് നൊച്ചുള്ളി പറഞ്ഞു. മനുഷ്യാവകാശ ലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി കേസുമായി മുന്നോട്ട് പോവാനാണ് ഭാരതിയമ്മയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: