തൃശൂര്‍: പതിറ്റാണ്ടുകള്‍ക്ക് ശേഷം സഹപാഠികള്‍ കലാരംഗത്തും തങ്ങളുടെ സൗഹൃദം തീര്‍ത്ത് മാതൃകയാവുകയാണ്. അരിമ്പൂര്‍ ഹൈസ്‌കൂളിലെ 94 ബാച്ച് എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ സൗഹൃദം 94 ന്റെ നേതൃത്വത്തിലാണ് സഹപാഠികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും തങ്ങളുടെ കലാവാസനകള്‍ പുറംലോകത്തെത്തിക്കാന്‍ സ്വന്തമായി ചിത്രങ്ങള്‍ നിര്‍മിച്ച് ആസ്വാദകരിലേക്ക് എത്തിക്കാനുമായി വേദിയൊരുക്കിയത്. ഇവരുടെ ആദ്യ ഹ്രസ്വചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പ്രകാശനം ചെയ്തു.
29 വര്‍ഷം മുമ്പ് അരിമ്പൂര്‍ ഹൈസ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയവരാണിവര്‍. പലവഴിക്ക് പിരിഞ്ഞ് കുടുംബവും ജോലിത്തിരക്കുകളുമായി പോയവരെല്ലാം രണ്ടു പതിറ്റാണ്ടിനു ശേഷമാണ് എല്ലാവരെയും കൂട്ടി ഒത്തുചേരുന്നത്. മുഴുവന്‍ പേരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഭൂരിപക്ഷം പേരെയും കൂട്ടിമുട്ടി. തുടര്‍ന്ന് സൗഹൃദം 94 എന്ന വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് സൗഹൃദങ്ങള്‍ നിലനിര്‍ത്തിയത്. വര്‍ഷാവര്‍ഷമുള്ള റീയൂണിയനുകള്‍ സന്തോഷം തരുന്നവയെങ്കിലും ജോലി കഴിഞ്ഞുള്ള ഒഴിവു വേളകളെ മാനസിക ഉല്ലാസത്തിനായി ഉപയോഗിക്കാനും കലാവാസന ഉള്ളവരുടെ കഴിവുകളെ പുറംലോകം കാണിക്കാനുമായി ഹ്രസ്വചിത്ര നിര്‍മാണം ആരംഭിക്കാന്‍ ഇവര്‍ പദ്ധതിയിടുകയായിരുന്നു.
ഗ്രൂപ്പിലെ അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഇവിടെ കലാപരമായ മികവ് തെളിയിക്കാന്‍ അവസരം ഉണ്ട്. കഥ, സംവിധാനം, അഭിനയം തുടങ്ങി എല്ലാം ഗ്രൂപ്പ് അംഗങ്ങള്‍ തന്നെ. ആദ്യ ചിത്രത്തിനായി അംഗങ്ങള്‍ തന്നെ കഥയും തിരക്കഥയും അഭിനയവും സംവിധാനവും നിര്‍വഹിച്ചു. ചിത്രീകരണം പൂര്‍ത്തിയായ ‘മിഴി’ എന്ന് പേരിട്ട ഹ്രസ്വചിത്രം വരും ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങള്‍ വഴിയാണ് റിലീസ് ചെയ്യുന്നത്. വിനോദ് പാലിശ്ശേരി രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം കെ. മണികണ്ഠന്‍. ക്യാമറ അനില്‍. സുഭാഷ് എറവ്, സന്തോഷ് കാട്ടൂക്കാരന്‍, പ്രശാന്ത്, വിനീത ബൈജു, അമൃത വിജേഷ്, അക്ഷയ് പാലിശ്ശേരി തുടങ്ങിയവരാണ് അഭിനേതാക്കള്‍. സൗഹൃദത്തിന്റെ ആഴപ്പരപ്പുകള്‍ പറയുന്ന ചിത്രമാണ് ‘മിഴി’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: