തിരുവനന്തപുരം: മലയാളികളെ മിത്തില്‍ നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ ശ്രമങ്ങള്‍ക്ക് എല്ലാവരും പിന്തുണ നല്‍കേണ്ടതാണെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. മുസ്ലീം സമുദായത്തില്‍ ജനിച്ച താങ്കള്‍ സുന്നത്ത് കല്യാണം നടത്തിയിട്ടുണ്ടോ? മകനുമേല്‍ ഇത്തരം അശാസ്ത്രീയതകള്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല എന്ന് ലോകത്തോട് വിളിച്ചു പറയാന്‍ തയ്യാറാകുമോ? എല്ലാ വിഭാഗങ്ങളേയും കെട്ടുകഥകളില്‍ നിന്ന് മോചിപ്പിക്കാനുള്ള പരിശ്രമത്തിന് തയ്യാറുണ്ടോ? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയാല് തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണന്ന് ഫേസ് ബുക്ക് പോസ്റ്റില്‍ ഷംസീറിനോട് സന്ദീപ് പറഞ്ഞു
.നൂറ് ശതമാനം ശാസ്ത്രീയ ചിന്താഗതികള്‍ മാത്രമുള്ള സമൂഹം എന്നതാണ് തീരുമാനമെങ്കില്‍ താങ്കള്‍ക്കൊപ്പം ഞാനുമുണ്ട്. നമുക്കൊരുമിച്ച് ‘മിത്ത്’ രഹിത സമൂഹത്തിനായി പോരാടാം. സന്ദീപ് എഴുതി
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
മലയാളികളെ മിത്തില്‍ നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ ശ്രമങ്ങള്‍ക്ക് എല്ലാവരും പിന്തുണ നല്‍കേണ്ടതാണ്. ഗണപതി, പുഷ്പകവിമാനം എന്നിവയൊക്കെ മിത്തുകളായതിനാല്‍ അവയെ വഴിയില്‍ ഉപേക്ഷിക്കണമെന്നാണല്ലോ തലശ്ശേരി എം.എല്‍.എയുടെ ആഹ്വാനം. ഇത്രയും പുരോഗമന ചിന്താഗതി പുലര്‍ത്തുന്ന സ്പീക്കര്‍ തലശ്ശേരിക്കാരുടെ മാത്രമല്ല മുഴുവന്‍ മലയാളികളുടെയും അഭിമാനമാണ്. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ചില സംശയങ്ങള്‍ ഉന്നയിക്കുകയാണ്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയാല് താങ്കളോട് തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാനും തയ്യാറാണ്.
കെട്ടുകഥ, അനാചാരം എന്നിവയില്‍ നിന്നുള്ള മോചനമാണ് മാനവരാശിയുടെ പുരോഗതിക്ക് അടിസ്ഥാനം. അത് കൊണ്ട് തന്നെ അത് എല്ലാ വിഭാഗങ്ങള്‍ക്കും ആവശ്യമാണ്. എങ്കിലേ പുരോഗതിയില്‍ സമത്വം ഉണ്ടാകൂ. കേവലം ഹിന്ദുക്കള്‍ മാത്രം അതില്‍ നിന്ന് മോചിതരായാല്‍ സമൂഹം ഒന്നടങ്കം പുരോഗതിയിലെത്തില്ല എന്ന് ഉറപ്പാണ്. ആരോടും മമതയോ വിദ്വേഷമോ കൂടാതെ പ്രവര്‍ത്തിക്കേണ്ടത് ജനപ്രതിനിധിയെന്ന നിലയില്‍ താങ്കളുടെ കടമയും ഉത്തരവാദിത്വവുമായതിനാല്‍
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും കെട്ടുകഥകളില്‍ നിന്ന് മോചിപ്പിക്കാനുള്ള പരിശ്രമത്തിന് ഷംസീര്‍ തയ്യാറുണ്ടോ? അതോ ഹിന്ദുക്കളും ക്രിസ്ത്യാനികളും മാത്രം പുരോമിച്ചാല്‍ മതിയെന്ന സങ്കുചിത ചിന്തയാണോ താങ്കളെ നയിക്കുന്നത്? കേരളത്തിലെ എങ്കിലും ഇസ്ലാം മതവിശ്വാസികള്‍ പുരോഗതി നേടണമെന്ന് താങ്കള്‍ക്ക് ആഗ്രഹമില്ലേ? അവര്‍ക്ക് അല്‍പ്പം ശാസ്ത്രീയ ചിന്ത പകര്‍ന്ന് നല്‍കണമെന്ന് തോന്നാത്ത താങ്കള്‍ കടുത്ത മുസ്ലീം വിരുദ്ധനാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല. അതിനാല്‍ ഉടന്‍ തന്നെ ഇസ്ലാമിലേക്കും ശാസ്ത്രീയത പകരാന്‍ താങ്കള്‍ മുന്നിട്ടിറങ്ങുമെന്ന് കരുതുന്നു.
നവോത്ഥാനവും ശാസ്ത്രീയ ചിന്തയുമൊക്കെ സ്വന്തം കുടുംബത്തില്‍ നിന്ന് തുടങ്ങുക എന്നതാണ് ഏതൊരു മാതൃകാ പൊതുപ്രവര്‍ത്തകനും ചെയ്യേണ്ടത്. അതിനാല്‍ താങ്കളേപ്പറ്റിയുള്ള ചില ദുരാരോപണങ്ങള്‍ക്ക് ആദ്യമേ മറുപടി നല്‍കണം. മുസ്ലീം സമുദായത്തില്‍ ജനിച്ച താങ്കള്‍ സുന്നത്ത് കല്യാണം നടത്തിയിട്ടുണ്ടോ? സ്വതന്ത്ര ചിന്ത വേരുറപ്പിക്കുന്നതിന് മുമ്പ് ആരെങ്കിലും താങ്കളുടെ മേല്‍ അത് അടിച്ചേല്‍പ്പിച്ചതാണെങ്കില്‍ ഇപ്പോള്‍ അതിനെ തള്ളിപ്പറയാന്‍ തയ്യാറുണ്ടോ?ഫിലോസഫിയില്‍ ബിരുദം നേടിയ താങ്കള്‍ മകനുമേല്‍ ഇത്തരം അശാസ്ത്രീയതകള്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല എന്ന് ലോകത്തോട് വിളിച്ചു പറയാന്‍ തയ്യാറാകുമോ? (ഇത്തരം ചടങ്ങുകളിലെ ബാലാവകാശ ലംഘനത്തെപ്പറ്റി ഞാന്‍ പറയാതെ തന്നെ താങ്കള്‍ ബോധവാനായിരിക്കുമല്ലോ? ഗണപതിയെ വിശ്വസിച്ചാലും ഇല്ലെങ്കിലും ആര്‍ക്കും ഒരു പീഡനവും ഏല്‍ക്കുന്നില്ല. അത് നിര്‍ദോഷവുമാണ്, സ്വകാര്യവുമാണ്.)
പുഷ്പക വിമാനമെന്ന ത്രേതായുഗത്തിലെ മിത്ത്, കാനായിലെ വെള്ളം വീഞ്ഞാക്കിയ രണ്ടായിരം വര്‍ഷം മുന്‍പുള്ള മിത്ത്, വിമാനത്തില്‍ കയറി സാത്താനെ കല്ലെറിയാന്‍ പോകുന്ന ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ മിത്ത് ഇവയൊക്കെ ഒരേപോലെ നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതല്ലേ? അതോ ഇവയൊക്കെ ഭൂരിഭാഗം മനുഷ്യ ജീവികളുടേയും സ്വകാര്യ വിശ്വാസ പ്രമാണം എന്ന നിലയില്‍ കണ്ടില്ലെന്ന് നടിക്കണോ? തീരുമാനം നമ്മുടേതാണ്. ഇവയെ ഒക്കെ തുടച്ച് മാറ്റി നൂറ് ശതമാനം ശാസ്ത്രീയ ചിന്താഗതികള്‍ മാത്രമുള്ള സമൂഹം എന്നതാണ് തീരുമാനമെങ്കില്‍ താങ്കള്‍ക്കൊപ്പം ഞാനുമുണ്ട്. നമുക്കൊരുമിച്ച് ‘മിത്ത്’ രഹിത സമൂഹത്തിനായി പോരാടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: