അഹമ്മദാബാദ് : ഭരണഘടന അനുവദിക്കുമെങ്കില്‍ ,പ്രണയവിവാഹങ്ങളില്‍ മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കുന്നതിനുളള സാധ്യത സര്‍ക്കാര്‍ ആരായുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.
പാട്ടിദാര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് മെഹ്സാനയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.വിവാഹം കഴിക്കുന്നതിന് പെണ്‍കുട്ടികള്‍ ഒളിച്ചോടുന്ന സംഭവങ്ങളെക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ആവശ്യപ്പെട്ടതായി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. പ്രണയവിവാഹങ്ങളില്‍ മാതാപിതാക്കള്‍ അവഗണിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഭരണഘടനാപരമായി സാധ്യമായ സംവിധാനം ഉണ്ടാക്കാന്‍ ആലോചിക്കുന്നത് നല്ല കാര്യമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേദാവാല പറഞ്ഞു.
വിവാഹം വഴിയുളള നിര്‍ബന്ധിതവും വഞ്ചനാപരമായ ആയ മതപരിവര്‍ത്തനം 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി 2021 ല്‍ സംസ്ഥാന സര്‍ക്കാര്‍ ചട്ടം ഭേദഗതി ചെയ്തിരുന്നു.എന്നാല്‍, നിയമത്തിലെ ചില വകുപ്പുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: