ന്യൂദല്‍ഹി: രാജ്യത്തുടനീളമുള്ള വിവിധ വിമാനത്താവളങ്ങളില്‍ ഓരോ ദിവസവും 25,000 നിരോധിത വസ്തുക്കളാണ് സുരക്ഷാ ഏജന്‍സികള്‍ വിമാന യാത്രക്കാരില്‍ നിന്ന് പിടിച്ചെടുക്കുന്നതെന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) അറിയിച്ചു. ഏവിയേഷന്‍ സെക്യൂരിറ്റി കള്‍ച്ചര്‍ വീക്ക്2023 ദല്‍ഹിയിലെ ബിസിഎഎസ് ആസ്ഥാനത്ത് ബിസിഎഎസ് ഡയറക്ടര്‍ ജനറല്‍ സുല്‍ഫിഖര്‍ ഹസന്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഞങ്ങള്‍ പ്രതിദിനം എട്ട് ലക്ഷത്തോളം ഹാന്‍ഡ്ബാഗുകളും അഞ്ച് ലക്ഷം ചെക്ക്ഇന്‍ ബാഗേജുകളും പരിശോധിക്കുന്നു. ഇത്തരത്തിലെ പരിശോധനയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ 25,000 അധികം നിരോധിത വസ്തുക്കളാണ് യാത്രക്കാരില്‍ നിന്ന് പിടിച്ചെടുക്കുന്നതെന്ന് സുല്‍ഫിഖര്‍ ഹസന്‍ പറഞ്ഞു.
ഇതില്‍ പവര്‍ ബാങ്കുകള്‍ (44 ശതമാനം), ലൈറ്റര്‍ (19 ശതമാനം), ബാറ്ററികള്‍ (18 ശതമാനം), ലാപ്‌ടോപ്പുകള്‍ (11 ശതമാനം) എന്നിവയാണ് ചെക്ക്ഇന്‍ ബാഗേജില്‍ പലപ്പോഴും കണ്ടെത്തിയ നിരോധിത വസ്തുക്കളെന്ന് ബിസിഎഎസ് പറഞ്ഞു. ഇതിനു പുറമെ ഹാന്‍ഡ് ബാഗേജില്‍ നിന്ന് ലൈറ്റര്‍ (26 ശതമാനം), കത്രിക (22 ശതമാനം), കത്തി (16 ശതമാനം), ദ്രാവകങ്ങള്‍ (14 ശതമാനം) എന്നിവയും കാണ്ടെടുക്കാറുണ്ട്. വ്യോമയാന മേഖലയുടെ വളര്‍ച്ചയ്‌ക്ക് ഫൂള്‍ പ്രൂഫ് സുരക്ഷ അനിവാര്യമാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.
ലോകത്ത് ഏറ്റവും കൂടുതല്‍ ആദ്യമായി വിമാനയാത്ര നടത്തുന്നവര്‍ ഇന്ത്യയില്‍ നിന്നാണ്. ഞങ്ങള്‍ക്ക് ഒരു തെറ്റ് പോലും താങ്ങാനാവില്ല, അതുകൊണ്ടുതന്നെ വിമാനയാത്ര നടത്തുന്നവരെ ബോധവല്‍ക്കരിക്കുന്നതിന് ഞങ്ങള്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടി സംഘടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
3,300 വിമാനങ്ങളിലായി പ്രതിദിനം 4.8 ലക്ഷം പേര്‍ യാത്ര ചെയ്യുന്നതിനാല്‍ വ്യോമയാനത്തിന് ഉയര്‍ന്നുവരുന്ന ഭീഷണികളെക്കുറിച്ചും ബിസിഎഎസ് ഡയറക്ടര്‍ ജനറല്‍ പരിപാടിയില്‍ വിശദീകരിച്ചു. ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സൈബര്‍ ഭീഷണികള്‍ ഈ മേഖലയ്‌ക്ക് പുതിയ തരത്തിലുള്ള ഭീഷണിയാണ്. യാത്രക്കാരുടെ സുരക്ഷയ്‌ക്കായി ഞങ്ങള്‍ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷയ്‌ക്കൊപ്പം, വിമാനത്താവളത്തിന്റെ കരപ്രദേശത്തുള്ള ആളുകളുടെ സുരക്ഷയും ഞങ്ങള്‍ ഒരുപോലെ ശ്രദ്ധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: