അഗര്‍ത്തല: ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കെട്ടിപ്പൊക്കി അധികാരം പിടിക്കാമെന്ന മമത ബാനര്‍ജിയുടെ മോഹം തകര്‍ന്നു. തൃപുരയിലെ പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം രാജിവെച്ചു. തൃപുരയിലെ തൃണമൂല്‍ വൈസ്പ്രസിഡന്റ് താജെന് ദാസ്, ജനറല്‍ സെക്രട്ടറി ദേബബ്രത ഘോഷ്, ഒബിസി സെല്‍ സെക്രട്ടറി ബിമല്‍ രുദ്രപോള്‍ എന്നിവര്‍ കഴിഞ്ഞ ദിവസം രാജിവെച്ച പ്രമുഖരില്‍ ഉള്‍പ്പെടുന്നു
ഇതിന് തൊട്ട് മുന്‍പ് ത്രിപുര തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷനായ പിയൂഷ് കാന്തി ബിശ്വാസും രാജിവെച്ചിരുന്നു. വ്യക്തിപരമായ പ്രശ്നവും കുടുംബപ്രശ്നവും ചൂണ്ടിക്കാണിച്ചാണ് രാജിയെന്ന് ബിശ്വാസ് പറഞ്ഞു. ഇതിന് പിന്നാലെ നിരവധി ജില്ലാതല നേതാക്കളും രാജിവെച്ചുകൊണ്ടിരിക്കുകയാണ്.
2019ലാണ് ത്രിപുര ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ ബിശ്വാസിനെ തൃണമൂല്‍ കോണ്‍ഗ്രസ് ത്രിപുര പ്രവര്‍ത്തക അധ്യക്ഷനായി തെരഞ്ഞെടുത്തത്. 2008 മുതല്‍ തൃപുരയില്‍ മേല്‍വിലാസമുണ്ടാക്കാനുള്ള മമത ബാനര്‍ജിയുടെ ശ്രമമാണ് തകര്‍ന്നത്. 2011ല്‍ സിപിഎം ഭരണത്തെ തൂത്തെറിഞ്ഞ് ബംഗാളില്‍ അധികാരമേറിയ മമത ബാനര്‍ജി ത്രിപുരയിലും തൃണമൂലിനെ മുഖ്യശക്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതാണ് ഇപ്പോള്‍ തകര്‍ന്നത്. തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ രണ്ട് ശതമാനത്തില്‍ അധികം വോട്ട് നേടാന്‍ തൃണമൂലിന് കഴിഞ്ഞിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: