വേണു വി.ദേശം
ടിആറിനെ പരിയപ്പെടണമെന്ന മോഹം കലശലായപ്പോഴാണ് ടിആര്‍ മഹാരാജാസ് കോളജിലെ ഇംഗ്ലീഷ് അധ്യാപകന് കൂടിയാണെന്ന് അറിവായത്. യുസി കോളജില്‍ തന്നെ അക്കാലത്ത് സി.പി. ശ്രീധരന്റെ മകനും കവിയുമായ വിനോദ് ചന്ദ്രനും പഠിച്ചിരുന്നു.
പി.കുഞ്ഞിരാമന് നായരെയും വൈലോപ്പിള്ളിയെയും പോലുള്ള സാഹിത്യകാരന്മാരെ തന്റെ വീട്ടില്‍ സ്വീകരിച്ചിരുന്ന വിനോദിന് ടിആറിനെയുമറിയാം. (വളരെക്കഴിഞ്ഞ് ടിആറിന്റെ ജാസക്കിനെ കൊല്ലരുത് എന്ന കഥാസമാഹാരത്തിന് വിനോദ് ചന്ദ്രനാണ് അവതാരികയെഴുതിയത്. അക്കാലത്ത് അത് അത്ഭുതമായിരുന്നു.) വിനോദ് ചന്ദ്രന്റെ വിവരണങ്ങളില്‍നിന്ന് ടിആര്‍ സാഹിത്യത്തിലും ജീവിതത്തിലും ഒരു അരാജകവാദിയാണെന്ന ബോധ്യം ഞങ്ങള്‍ക്ക് കൈവന്നിരുന്നു.
അങ്ങനെ ടിആറിനോടുള്ള ആഭിമുഖ്യം പെരുകിക്കൊണ്ടിരിക്കെ കേരളാ യൂണിവേഴ്സിറ്റി യൂണിയന് ആലുവ വൈഎംസിഎയില്‍ നടത്തിയ ഒരു സാഹിത്യക്യാമ്പില്‍ ഞാന്‍ ടിആറുമായി പരിചയപ്പെട്ടു. ആ പരിചയം ഒരു ജന്മാന്തര ബന്ധമായി വളര്‍ന്നു.
ഒരു ദിവസം എറണാകുളത്ത് കേരള കവിതയുടെ ഒരു കാവ്യപുസ്തക പ്രകാശന യോഗത്തില്‍ വച്ച് ടിആറിനെ കണ്ടുമുട്ടി. അയ്യപ്പപ്പണിക്കരും കടമ്മനിട്ടയുമടക്കമുള്ള പ്രമുഖര്‍ വേദിയിലിരിക്കെ ടിആര്‍ സദസ്സിലിരുന്നു പ്രകടിപ്പിച്ച ഒരു അഭിപ്രായം കോലാഹലത്തിന് വഴിവയ്ക്കുകയും, ടിആറിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഇറങ്ങിപ്പോരുകയും ചെയ്തു. കാല്‍നടയായുള്ള നഗരപ്രദക്ഷിണത്തിനുശേഷം സന്ധ്യയായപ്പോള്‍ ടിആറും വിനോദ് ചന്ദ്രനും ഞാനും മാത്രമവശേഷിച്ചു. ഞങ്ങള്‍ ചായ കഴിക്കാന്‍ കയറിയ ഹോട്ടലില്‍ സി.ആര്. പരമേശ്വരനെ കണ്ടു. താന്‍ ആദ്യമായിട്ടാണ് ടിആറിനെ കാണുന്നതെന്നും, ഏറെക്കാലമായി ടിആറിനെ കാണാന്‍ ആഗ്രഹിച്ചിരുന്നവെന്നും സി.ആര്. പരമേശ്വരന് പറഞ്ഞു. രാത്രി വൈകി സി.ആര്.പരമേശ്വരന് പിരിഞ്ഞപ്പോഴേക്കും എനിക്കുള്ള അവസാന വണ്ടിയും പോയിക്കഴിഞ്ഞിരുന്നു. അങ്ങനെ ആ രാത്രി ആദ്യമായി ടിആറിനോടൊപ്പം ഞാനും വിനോദ് ചന്ദ്രനും ടിആറിന്റെ വീട്ടിലേക്ക് പോയി. വത്സലചേച്ചി വിഭവസമൃദ്ധമായ ഭക്ഷണം തന്നു. അന്നുമുതല്‍ ഞാനാ തറവാട്ടിലെ ഒരംഗംപോലെയായി.
ബിരുദാനന്തരം ജോലി തേടിയലഞ്ഞ കഠിനകാലത്തും ഇടയ്ക്ക് ഞാന്‍ മഹാരാജാസില്‍ച്ചെന്ന് ടിആറിനെ കണ്ടു. ജോലി കിട്ടി എറണാകുളത്തെത്തിയതിനുശേഷം ഞാന്‍ ഏതാണ്ട് ടിആറിന്റെ സംരക്ഷണവലയത്തിലായി. നിറവേറാത്ത കിനാവുകളുമായി വരണ്ടലയുന്ന ആ നാളുകളില്‍ ടിആറിന്റെ പ്രതിഭയെയും ‘പരക്ലേശവിവേക’ ത്തെയും ഏറെ അടുത്തനുഭവിച്ചു. ലോകനിലവാരത്തിലുള്ള പുസ്തകങ്ങള്‍ തന്നെക്കാള്‍ മുന്‍പ് വായിക്കുന്നുവെന്ന ബഹുമാനം എം.കൃഷ്ണന് നായര്‍ക്ക് ടിആറിനോടുണ്ടായിരുന്നുവത്രേ.
ഒരു കവിതാസമാഹാരം ഇറക്കുവാനും എന്നെ ടിആര്‍ പ്രോത്സാഹിപ്പിച്ചു. ആദിരൂപങ്ങള്‍ എന്ന സമാഹാരത്തിന് ടി.ആര് അവതാരിക എഴുതി.
ചെറുകഥ എന്ന മാധ്യമത്തെക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നത് ചിത്രകലയെയാണ് എന്ന് പറഞ്ഞിരുന്നു ടി.ആര്. കലാരൂപങ്ങളുടെ താരതമ്യപഠനവിഷയത്തില്‍ ചിത്രകലയും ചെറുകഥയും എന്ന കനപ്പെട്ട പഠനം എഴുതിക്കൊണ്ടിരിക്കെ പല രാത്രികളിലും ഒത്തുവായനയ്ക്ക് ഞാനും സഹകരിച്ചിരുന്നു. പ്രകാശവത്തായ ഒരു കാലമായിരുന്നു അത്.
ജോലി സംബന്ധമായി പല സ്ഥലങ്ങളിലായിപ്പോയതിനാല്‍ പിന്നീട് ടിആറുമായി നേരില്‍ക്കാണാനെനിക്കിട കിട്ടിയില്ല. 1996 ല്‍ വീണ്ടും എറണാകുളത്തേക്ക് മാറ്റം കിട്ടിയപ്പോള്‍ നോര്‍ത്തില്‍ ഒരു പെട്ടിക്കടയുടെ മുന്നില്‍ വെറ്റിലയില്‍ ചുണ്ണാമ്പു തേച്ചുകൊണ്ട് ടിആര്‍ നില്ക്കുന്നതു കണ്ട് ഞാനവിടെയിറങ്ങി. ടിആര്‍ എന്നെ കെട്ടിപ്പിടിച്ചു.
ദസ്തയേവ്സ്കിയെക്കുറിച്ച് പലപ്പോഴും ടിആര്‍ സംസാരിച്ചിരുന്നു. മഹാനായ ഒരു ദസ്തയേവ്സ്കി പണ്ഡിതനും, പിന്നീട് മഹാരാജാസ് കോളജിന്റെ പ്രിന്‍സിപ്പലുമായിത്തീര്‍ന്ന ഭരതന് മാഷിനെ എനിക്ക് പരിചയപ്പെടുത്തിത്തന്നത് ടിആറാണ്. അന്നയുടെ ഓര്‍മകള്‍ ഞാന്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ ‘ചരിത്രാതീതത്തില്‍ നിന്നുള്ള രൂക്ഷാശരീരകള്‍’ എന്ന അവതാരിക എഴുതിത്തന്നത് ഭരതന്‍മാഷാണ്.
നന്ദികെട്ട ചെന്നായ എന്ന ഒരു ചൈനീസ് കഥ ടിആറും ഞാനും ചേര്‍ന്ന് വിവര്‍ത്തനം ചെയ്തു. അത് അച്ചടിക്കുവാന്‍ വൈകരുതെന്ന നിര്‍ബന്ധത്താല്‍ താന്‍ നേരിട്ടുനിന്ന് അച്ചടിപ്പിക്കുകയായിരുന്നുവെന്ന് അക്കാലം കുങ്കുമത്തിന്റെ പത്രാധിപരായിരുന്ന എം.കെ.സാനുമാസ്റ്റര്‍ എന്നോട് പറഞ്ഞപ്പോള്‍ മാഷോടുള്ള അത്ഭുതാദരങ്ങള്‍ വര്‍ധിച്ചു.
ടിആറിന്റെ മരണത്തിന് തൊട്ടുമുന്‍പത്തെ ആഴ്ചയിലും ആലിന്‍ചുവട്ടിലുള്ള ‘കൊരുന്ന്യേടത്ത്’ എന്ന വീട്ടില്‍ ഞാന്‍ പോയിരുന്നു. അന്നേക്ക് ആള് തീരെ അവശനായിക്കഴിഞ്ഞിരുന്നുവെങ്കിലും നിത്യവും രാവിലെ പ്രഭാത നടത്തയ്ക്കിറങ്ങുമായിരുന്നു. ഒരു ദിവസം രാവിലെ ടിആര്‍ റോഡില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഞാന്‍ പനമ്പിള്ളിനഗറിലുള്ള ഓഫീസില്‍നിന്ന് പരിഭ്രാന്തിയോടും ദുഃഖത്തോടും കൂടി ആ ദാരുണസംഭവം നടന്ന സ്ഥലത്തേക്ക് കുതിച്ചെത്തിയെങ്കിലും അവിടെ അങ്ങനെ ഒന്ന് നടന്നതായി ഒരടയാളവും കാണാന്‍ കഴിഞ്ഞില്ല.
ഞാന്‍ ടിആറിന്റെ വീട്ടിലേക്കോടി. വീട് അത്ര ദൂരത്തല്ലായിരുന്നു. വീട് പുറമേനിന്നും പൂട്ടിയിരുന്നു. അകത്താരുമില്ല എന്നും ബോധ്യപ്പെട്ടു. അപ്പുറത്തെങ്ങും ഒരൊച്ചയനക്കവുമില്ല. കൈക്കോട്ടുമായി ആ വഴി വന്ന ഒരാളോട് ചോദിച്ചപ്പോള്‍ കുഴഞ്ഞുവീണ് മരിച്ച ഒരാളെ ഒരു കടത്തിണ്ണയില്‍ കിടത്തിയിരുന്നത് താന്‍ കണ്ടുവെന്ന് അയാള്‍ പറഞ്ഞു. അടഞ്ഞുകിടന്ന ഗേറ്റിലൂടെ വീണ്ടും ഞാന്‍ ടിആറിന്റെ വീട്ടിനുള്ളിലേക്കു നോക്കി. സ്വീകരണമുറിയുടെ ജനാല തുറന്നുകിടക്കുന്നു. ടെലിഫോണ്‍ അലമുറയിടുന്നുണ്ട്. മേശപ്പുറത്ത് ആ കണ്ണടയും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: