ന്യൂദല്‍ഹി: തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് പിഎംഎന്‍ആര്‍എഫില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.
തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായ ദാരുണമായ അപകടത്തില്‍ അഗാധമായ ദുഃഖമുണ്ട്, അതിന്റെ ഫലമായി വിലപ്പെട്ട ജീവന് നഷ്ടപ്പെട്ടു. ഈ ദുഷ്കരമായ സമയത്ത് ചിന്തകളും പ്രാര്‍ത്ഥനകളും അപകടത്തിനിരയായ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ. മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് പിഎംഎന്‍ആര്‍എഫില്‍ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
ഇന്ന് രാവിലെ നടന്ന സംഭവത്തില്‍ അഞ്ചുപേരാണ് മരിച്ചത്. വന്‍ സ്ഫോടനത്തെ തുടര്‍ന്ന് ഗോഡൗണിന് സമീപമുള്ള ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരാണ് മരിച്ചതെന്ന് കൃഷ്ണഗിരി കളക്ടര്‍ പറഞ്ഞു. പൊട്ടിത്തെറിയുണ്ടാകാനുള്ള കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം തുടങ്ങി. ജനവാസ മേഖലയിലാണ് സ്വകാര്യ വ്യക്തിയുടെ പടക്ക ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. റോഡിലൂടെ പോയ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അരക്കിലോമീറ്റര്‍ ചുറ്റളവില്‍ പുക നിറഞ്ഞിരിക്കുന്നതിനാള് കൂടുതല്‍ പേര് അപകടത്തില്പ്പെട്ടോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: