ഷൊര്‍ണൂര്‍: അര്‍ബന്‍ ബാങ്കില്‍ നടന്ന വായ്പാ ക്രമക്കേട് സംബന്ധിച്ച് ആരോപണം പുറത്തുവന്നതിന് പിന്നില്‍ മേഖലയിലെ സിപിഎം ഘടകത്തിലെ ഭിന്നതയെന്ന് സംശയം. എട്ട് കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനും കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് ആരോപണം. ഇവരുടെ പേരില്‍ വ്യക്തികള്‍ക്കും കമ്പനി പേരുകളിലുമായി എട്ടുകോടിയോളം രൂപ വായ്പ നല്‍കിയതിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.
ഓവര്‍ഡ്രാഫ്റ്റ് ഇനത്തിലുള്‍പ്പെടെ ബാങ്ക് നല്കിയ വായ്പ തിരികെ ലഭിക്കാതായതോടെ നടപടികളിലേക്ക് കടന്നപ്പോഴാണ് ക്രമക്കേട് ബോധ്യമായത്. തുടര്‍ന്നാണ് പാര്‍ട്ടി ഇടപെട്ട് പഴയ ബാങ്ക് ഭരണസമിതിയോട് വിശദീകരണം ആവശ്യപ്പെട്ടത് എന്നാണ് സൂചന.
75 ലക്ഷം എന്ന വായ്പ പരിധിയോടടുത്ത് 70 ലക്ഷം രൂപവീതം പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അം ഗത്തിനും കുടുംബത്തിലെ 11 പേര്‍ക്കുമായി നല്‍കിയതായിട്ടാണ് സൂചന. വായ്പയ്ക്ക് ഈട് നല്‍കിയിരിക്കുന്നത് വായ്പ സംഖ്യയുടെ പകുതിപോലും മൂല്യം മില്ലാത്ത വസ്തുക്കളുടെ രേഖകളും കടലാസ് കമ്പനികളായി ഇല്ലാത്ത സ്ഥാപനത്തിന്റെ രേഖകളുമാണെന്ന് കണ്ടെത്തിയതായും സൂചനയുണ്ട്. സംഭവത്തില്‍ വായ്പക്കാരനായ ലോക്കല്‍ കമ്മിറ്റി അംഗത്തിനോടും ജില്ലാനേതൃത്വം വിശദീകരണം ആവശ്യപ്പെട്ടതായും അറിയുന്നു. അന്നത്തെ ബാങ്ക് ഭരണസമിതി ചെയര്‍മാനോടും മറ്റും വിശദീകരണം തേടിയിട്ടുണ്ട്.
ഏരിയാകമ്മിറ്റി അംഗവും ഷൊര്‍ണൂര്‍ നഗരസഭാധ്യക്ഷനുമായ എം.കെ. ജയപ്രകാള്‍, ബാങ്ക് ചെയര്‍മാനായിരുന്ന എ.വി. സുരേഷ്, വായ്പക്കാരനായ ലോക്കല്‍ കമ്മിറ്റി അംഗം എന്നിവരോടാണ് വിശദീകരണം ചോദിച്ചത്.
പാര്‍ട്ടിക്കുള്ളില്‍ ഈ പ്രശ്നം മാസങ്ങളായി ഉയര്ന്നുവന്നിരുന്നതായും അറിയുന്നു. ബാങ്കില്‍ പുതിയ ഭരണസമിതി അധികാരമേറ്റെടുത്തതും അടുത്ത സമയത്താണ്. ബാങ്കിന് നഷ്ടമുണ്ടായിട്ടില്ലെന്നും ആവശ്യമായ നടപടികളിലൂടെ ബാങ്ക് നല്കിയ വായ്പ തുക തിരിച്ചു പിടിക്കു മെന്നുമാണ് ബാങ്കധികൃതര്‍ നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: