പാലക്കാട്: സ്പീക്കര്‍ പദവിയെന്ന പുറന്തോടിലൊളിച്ചിരുന്ന് ഹിന്ദുത്വത്തെ അവഹേളിക്കുന്ന എ.എന്‍. ഷംസീര്‍ വഹിക്കുന്ന പദവിയുടെ മഹത്വമറിയാത്ത ഭീരുവാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി.കെ. ശശികല ടീച്ചര്‍ പറഞ്ഞു. ഹിന്ദു ദൈവങ്ങളെ അവഹേളിച്ച സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ ഹിന്ദു ഐക്യവേദി ശകുന്തള ജങ്ഷനില്‍ നടത്തിയ പ്രതിഷേധത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഹിന്ദുഐക്യവേദി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് വി. കാശിവിശ്വനാഥന് അധ്യക്ഷത വഹിച്ചു.
വ്യക്തമായ അജണ്ടയോടെ തീരുമാനിച്ചുറപ്പിച്ചാണ് ഷംസീര്‍ ഹിന്ദുമത വിശ്വാസികളുടെ നെഞ്ചിലേക്ക് നിറയൊഴിക്കുന്നത്. കശ്മീരില്‍ മതം മാറുക, നാടുവിടുക, മരിക്കാനൊരുങ്ങുക എന്നീ മൂന്ന് നിര്‍ദേശമാണ് മതതീവ്രവാദികള്‍ മുന്നില്‍ വെച്ചത്. കേരളത്തെയും ഇതിനു പാകപ്പെടുത്താന്‍ ഷംസീര്‍ തയ്യാറെടുക്കുകയാണ്. ഇതാണോ മതേതരത്വമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അവര്‍ പറഞ്ഞു. ഇന്നലെ അയ്യപ്പനെ അവഹേളിച്ചു, ഇന്ന് ഗണപതിയെ അവഹേളിക്കുന്നു. അഭിമാനം മുസ്ലീം ലീഗിന് പണയം വെച്ചിരിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് പ്രതികരണ ശേഷി നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് നാരായണന്‍കുട്ടി, സെക്രട്ടറി സന്തോഷ് കുന്നത്ത്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ഡി. കൃഷ്ണപ്രസാദ്, ഐക്യവേദി സെക്രട്ടറി മോഹനന് സംസാരിച്ചു.
നേരത്തെ മേലാമുറിയില്‍ നിന്നാരംഭിച്ച പ്രകടനം ശകുന്തളാ ജങ്ഷനില്‍ സമാപിച്ചു. ആര്‍എസ്എസ് ജില്ലാ സഹസംഘചാലക് കെ.പി. രാജേന്ദ്രന്, വിഭാഗ് സഹകാര്യവാഹ് കെ. സുധീര്‍, വിഭാഗ് സേവാപ്രമുഖ് എം. ഉണ്ണികൃഷ്ണന്, സഹകാര്‍ ഭാരതി അഖിലേന്ത്യ സഹപ്രഭാരി യു. കൈലാസമണി, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് ബി. രാധാകൃഷ്ണന്, മണ്ഡലം പ്രസിഡന്റ് കെ. ബാബു, ജന. സെക്രട്ടറി എം. സുനില്‍, ടി. ബേബി, മോഹനന്, രവി അട്ടപ്പള്ളം, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്, സി. മധു, സുരേഷ്കുമാര്‍, ശെല്വന്, ജയലക്ഷ്മി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: