മണ്ണാര്‍ക്കാട്: അട്ടപ്പാടി – മണ്ണാര്‍ക്കാട് താലൂക്കുകളിലെ വൈദ്യൂതി പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പുതിയ 220 കെ.വി. സബ് സ്റ്റേഷനുകളുടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു. പദ്ധതിക്കായി 311 കോടി രൂപ അനുവദിച്ചതായും ടെണ്ടര്‍ നടപടി ആരംഭിച്ചതായും കെഎസ്ഇബി എക്സി. എന്‍ജിനീയര്‍ (ട്രാന്സ്പിരന്റ്ഷൊര്ണൂര്) കെ. രാജേഷ് പറഞ്ഞു. ഇതില്‍ മൂന്നിലൊന്ന് കേന്ദ്രസര്‍ക്കാറിന്റെ വിഹിതവും 47 ശതമാനം കേന്ദ്രസര്‍ക്കാര്‍ മുന്‍ കൈയെടുത്ത് നടപ്പിലാക്കുന്ന ഇന്‍ഡോ-ജര്‍മന്‍ ഉഭയകക്ഷി സാമ്പത്തിക സഹാനിധിയും, ബാക്കി കെഎസ്ഇബിയുടെ തനത് ഫണ്ടുമാണ് ഉപയോഗിക്കുന്നത്.
പാരമ്പര്യേതര ഊര്‍ജസ്രോതസ് ഉപയോഗിച്ച് വൈദ്യുതി ഉല്പാദനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കാറ്റില്‍നിന്നും സൗരോര്‍ജവും നൂതനസാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുകയെന്ന് ണ്ണാര്‍ക്കാട് എക്സി. എന്‍ജീനീയര്‍ എസ്. മൂര്‍ത്തി ‘ജന്മഭൂമി’യോട് പറഞ്ഞു. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് ഇപ്പോള്‍ വൈദ്യുതി എത്തുന്നത് പാലക്കാട് വെണ്ണക്കരയില്‍ നിന്നുള്ള 110 കെ.വി. ലൈനിലൂടെയാണ്. എന്നാല്‍ മഴയിലോ കാറ്റിലോ വൈദ്യുതി തടസപ്പെട്ടാല്‍ മണ്ണാര്‍ക്കാട് – അഗളി താലൂക്കുകളില്‍ വൈദ്യുതി പൂര്‍ണമായും മുടങ്ങും. 1978-ല്‍ മണ്ണാര്‍ക്കാട് 66 കെ.വി. സബ് സ്റ്റേഷനും 1990ല്‍ 110 കെ.വി.യും ആയി ഉയര്‍ത്തി.
മലപ്പുറം ജില്ലയിലെ അരിക്കോട് നിന്ന് 220 കെ.വി. സ്റ്റേഷനില്‍ നിന്നും – തൃശൂര്‍ ജില്ലയിലെ മാടക്കത്തറ 400 കെ.വി. സബ് സ്റ്റേഷനുകളില്‍ നിന്നും വൈദ്യുതി ലൈന്‍ മണ്ണാര്‍ക്കാട്ടേക്ക് കൊണ്ടുവരാനുള്ള പദ്ധതിയാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. ഇപ്പോഴുള്ള നാല് ട്രാന്‍സ്ഫോര്‍മറിനു പുറമെ 100 (എംവിഎ) രണ്ട് ട്രാന്‍സ്ഫോര്‍മര്‍ കൂടി വെയ്ക്കും. രണ്ട് താലൂക്കുകളിലു
മായി ഒന്നരലക്ഷത്തോളം ഉപഭോക്താക്കളാണുള്ളത്. 220 കെവി വരുന്നതോടെ ഇപ്പോള്‍ ലഭിക്കുന്നതിന്റെ നാലിരട്ടി ഉത്പാദനം നടത്താനാവുമെന്ന് അസി. എക്സി. എന്‍ജിനീയര്‍ (ഷൊര്‍ണൂര്‍) കെ.ജെ. സന്തോഷ് പറഞ്ഞു. സബ് സ്റ്റേഷന് നിര്‍മിക്കുന്നതിന്റെ ഭാഗമായി മണ്ണാര്‍ക്കാട് 110 കെ.വി. സബ് സ്റ്റേഷന് ഭാഗത്തെ മരങ്ങള്‍ വെട്ടിത്തുടങ്ങി. സൈലന്റ്വാലി പ്രോജക്ടിനായി നിര്‍മിച്ച 13 ഓളം ക്വാര്‍ട്ടേഴ്സുകളും പൊളിച്ചുമാറ്റിയാണ് പുതിയ സബ് സ്റ്റേഷന് നിര്‍മിക്കുന്നത്.
മണ്ണാര്‍ക്കാട് – അഗളി സബ് സ്റ്റേഷനുകളില്‍ സ്ഥലംപരിമിതിപ്പെടുത്തിയുള്ള സങ്കേതിക വിദ്യ
സബ് സ്റ്റേഷന് 12 ഏക്കര്‍ സ്ഥലം വേണമെന്നായിരുന്നു ആവശ്യം. തത്തേങ്ങലത്ത് സോളാര്‍ പ്ലാന്റ് സ്ഥാപിക്കുവാനായി നിര്‍ദേശിച്ച 15 ഏക്കര്‍ സ്ഥലമുണ്ടായിരുന്നെങ്കിലും സൈലന്റ്വാലി ബഫര്‍ സോണും മരം വെട്ടിമാറ്റലും കണക്കിലെടുത്ത് അത് നിര്‍ത്തിവെക്കുകയായിരുന്നു.
മണ്ണാര്‍ക്കാട്ട് നിലവിലുള്ള ഒന്നര ഏക്കറോളം സ്ഥലത്താണ് സബ് സ്റ്റേഷന്റെ നിര്‍മാണം തുടങ്ങുന്നത്. ഇവിടെയുള്ള ഒാഫീസ് കെട്ടിടമടക്കം 17 കെട്ടിടങ്ങള്‍ ഇതിനായി പൊളിച്ചുനീക്കും. അഗളി സബ് സ്റ്റേഷന്റെ സമീപത്തുതന്നെയാണ് 220 കെ.വി സബ് സ്റ്റേഷനും എന്നതിനാല്‍ പ്രത്യേക സ്ഥലം ഏറ്റെടുക്കേണ്ടതായി വരില്ല. വരുന്നത് അതിന് പ്രത്യേ ഭൂമി ഏറ്റെടുകേണ്ടതില്ല എന്നതാണ് ഇവിടെ പ്രത്യേകത. നൂതന സാങ്കേതിക വിദ്യയായ ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ ഉപയോഗിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
അട്ടപ്പാടിയില്‍ കാറ്റാടി – സോളാര്‍ എന്നിവ ഉപയോഗിച്ച് 600 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാനുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷനാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഇതുവരുന്നതോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങുന്നത് കുറയ്ക്കുവാന്‍ കഴിയും. പാലക്കാട് – മലപ്പുറം ജില്ലകള്‍ക്ക് 220 കെവി സബ് സ്റ്റേഷന് ഏറെ പ്രയോജനപ്രദമാകും. അട്ടപ്പാടിയില്‍ 100 മെഗാവാട്ടിന്റെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള താല്പര്യവുമായി എന്‍എച്ച്പിസി കെഎസ്ഇബിയെ സമീപിച്ചതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: