കലാപം നടക്കുന്ന മണിപ്പൂരിനോട് ഐക്യം പ്രഖ്യാപിച്ച് കാഞ്ഞങ്ങാട്ട് മുസ്ലിംലീഗ് നടത്തിയ പ്രകടനത്തില്‍ ഉയര്‍ന്ന കൊലവിളി മുദ്രാവാക്യം മതഭീകരതയുടെ മുഖമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. അമ്പലനടയില്‍ കെട്ടിത്തൂക്കി പച്ചയ്ക്ക് കത്തിക്കുമെന്ന മുദ്രാവാക്യം ആര്‍ക്കെതിരെയാണെന്ന് സാമാന്യബുദ്ധിയുള്ള എല്ലാവര്ക്കും മനസ്സിലാവുമല്ലോ. രാമായണം വായിക്കുന്നതിനെതിരെയും ഭീഷണിയുണ്ട്. ഹിന്ദുക്കളാണ് ഇക്കൂട്ടരുടെ മുഖ്യശത്രുവെന്ന് പകല്‍പോലെ വ്യക്തം. അപ്രതീക്ഷിതമായി തനനിറം പുറത്തുവന്നതുകൊണ്ടാവാം, മുദ്രാവാക്യം വിളിച്ചയാള്‍ക്കെതിരെ നടപടിയെടുത്തെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിലാണ് ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചതെങ്കിലും അതില്‍ പങ്കെടുത്തവരില്‍ തലനരച്ച ലീഗുകാര്‍വരെ ഉണ്ടായിരുന്നു. ലീഗിന്റെ പരിപാടിയായിരുന്നു എന്നു ചുരുക്കം. മുദ്രാവാക്യം വിളിച്ചുകൊടുത്തയാള്‍ കുറ്റക്കാരനാണെങ്കില്‍ അത് ഏറ്റുവിളിച്ചവര്‍ എങ്ങനെ നിരപരാധികളാവും? രണ്ടുകൂട്ടരും ഒരുപോലെ കുറ്റം ചെയ്തവരാണ്. എന്നിട്ടും പേരിന് ഒരാള്‍ക്കെതിരെ നടപടിയെടുത്ത് മറ്റുള്ളവരെ രക്ഷിക്കുകയാണ് ലീഗ് നേതൃത്വം ചെയ്തിരിക്കുന്നത്. ബിജെപിയുടെയും ഹിന്ദു സംഘടനകളുടെയും പരാതിയെത്തുടര്‍ന്ന് 300 ലേറെ പേര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. ഇതുവരെ എട്ടുപേര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ഇവരെയൊന്നും പുറത്താക്കിയിട്ടില്ല. നാമമാത്രമായ അച്ചടക്ക നടപടിയില്‍ പുകമറ സൃഷ്ടിച്ച് ജനങ്ങള്‍ക്കിടയില്‍ നല്ലപിള്ള ചമയാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നതെന്ന് വ്യക്തം.
കാഞ്ഞങ്ങാട്ട് ലീഗുകാര്‍ മുഴക്കിയ കൊലവിളി മുദ്രാവാക്യം കുറെക്കാലം മുന്‍പ് ആലപ്പുഴയില്‍ ഉയര്‍ന്നതിന്റെ മാറ്റൊലിയാണ്. നിങ്ങളുടെ കാലന്മാര് വരുന്നുണ്ടെന്നും അവലും മലരും കുന്തിരിക്കവും കരുതിവച്ചുകൊള്ളാനുമായിരുന്നല്ലോ ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ഹിന്ദുക്കള്‍ക്കും ക്രൈസ്തവര്‍ക്കുമെതിരെ വധഭീഷണി മുഴക്കിയത്. പോലീസിന്റെ മൗനസമ്മതത്തോടെ നടത്തിയ ഈ പ്രകടനത്തിന്റെ തനിപ്പകര്‍പ്പാണ് ലീഗുകാര്‍ കാഞ്ഞങ്ങാട്ട് പ്രദര്‍ശിപ്പിച്ചത്. ലീഗ് നേതാക്കള്‍ അവകാശപ്പെടുന്നതുപോലെ ആ പാര്‍ട്ടി മതേതരമല്ലെന്ന് പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കുപോലും അറിയാം. പാര്‍ട്ടിയുടെ പേരും കൊടിയുടെ നിറവുമൊക്കെ അത് വ്യക്തമാക്കുന്നുണ്ട്. ഇക്കാരണത്താലാണ് ജനപ്രാതിനിധ്യ നിയമമനുസരിച്ച് മുസ്ലിംലീഗിന്റെ രജിസ്ട്രേഷന് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയിലെത്തിയത്. സാങ്കേതികമായ കാരണങ്ങളാലാണ് ഈ ഹര്‍ജി പിന്‍വലിക്കേണ്ടിവന്നത്. ഇതുകൊണ്ടൊന്നും ലീഗ് മതേതരമാകുന്നില്ല. മതത്തിന്റെ പേരില്‍ രാഷ്ട്രവിഭജനത്തിനുവേണ്ടി വാദിക്കുകയും അത് നേടിയെടുക്കുകയും ചെയ്ത പാര്‍ട്ടിയാണ് മുസ്ലിംലീഗ്. പേരില്‍ ഇന്ത്യന്‍ യൂണിയന് എന്നു ചേര്‍ത്തിട്ടുണ്ടെങ്കിലും വിഭജനത്തിന് ഉത്തരവാദിയായ അതേ പാര്‍ട്ടിതന്നെയാണ് തങ്ങളുടേതെന്ന് ലീഗ് നേതൃത്വം മുന്‍കാലത്ത് ആവേശത്തോടെ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. പത്തണയ്ക്ക് കത്തി വാങ്ങി കുത്തി വാങ്ങും പാക്കിസ്ഥാന് എന്ന മുദ്രാവാക്യം വിളിച്ചവരില്‍ മലബാറിലെ മുസ്ലിംലീഗുകാരുമുണ്ട്. അവരൊന്നും പാക്കിസ്ഥാനിലേക്ക് പോയില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഈ ചരിത്രമൊക്കെ വിസ്മരിച്ച് ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് മുസ്ലിംലീഗ്.
കേരളത്തില്‍ അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെ പശ്ചാത്തലത്തില്‍ കാഞ്ഞങ്ങാട്ട് ലീഗുകാര്‍ മുഴക്കിയ കൊലവിളി മുദ്രാവാക്യം യാദൃച്ഛികമാണെന്ന് കരുതാനാവില്ല. മതതീവ്രവാദ ശക്തികളില്‍നിന്ന് അകലം പാലിക്കുന്ന പാര്‍ട്ടിയാണെന്ന് നടിക്കുന്നത് ഒരു അടവുനയത്തിന്റെ ഭാഗമാണ്. ഇത്തരം ഭീകരര്‍ക്ക് രാഷ്ട്രീയ സംരക്ഷണമൊരുക്കുന്നതില്‍ ലീഗ് ഒരിക്കലും പിന്നോട്ടുപോകാറില്ല. തെരഞ്ഞെടുപ്പുകാലത്ത് മതതീവ്രവാദ സംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞും സഖ്യത്തിലേര്‍പ്പെടുന്നതിന് ലീഗിന് ഒരു മടിയുമില്ല. ഇ.ടി. മുഹമ്മദ് ബഷീറിനെപ്പോലുള്ള ലീഗ് നേതാക്കള്‍ പാര്‍ലമെന്റിനകത്തും പുറത്തും മതതീവ്രവാദികളുടെ അജണ്ടയെ യാതൊരു മറയുമില്ലാതെ പിന്തുണയ്ക്കാറുമുണ്ട്. മുസ്ലിംലീഗിലെ പല നേതാക്കളും മതതീവ്രവാദത്തിന്റെ പശ്ചാത്തലമുള്ളവരാണ്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്തേണ്ടത് നിലനില്‍പ്പിന്റെ പ്രശ്നമായാണ് ലീഗ് കാണുന്നത്. ഇതിനുവേണ്ടി തീവ്രവാദികളെയും ഒപ്പം നിര്‍ത്തുകയാണ്. മതഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തില്‍ ഇതില്‍ പ്രവര്‍ത്തിച്ചിരുന്നവരെ ആകര്‍ഷിക്കാന്‍ തീവ്രവാദത്തിന്റെ കാര്‍ഡിറക്കാന്‍ ലീഗിന് മടിയില്ല. ഇതിലൂടെ മതസൗഹാര്‍ദ്ദം തകരുന്നതോ, സമാധാനാന്തരീക്ഷം തകരാറിലാവുന്നതോ ലീഗിന് പ്രശ്നമല്ല. ഇതിന്റെ റിഹേഴ്സലാണ് കാഞ്ഞങ്ങാട്ടെ ലീഗുകാര്‍ കാഴ്ചവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: