Categories: Samskriti

അസുരനെങ്കിലും മോക്ഷാര്‍ഹനായ പ്രഹ്ലാദന്‍

ജ്ഞാനവാസിഷ്ഠത്തിലൂടെ

പ്രഹ്ലാദോപാഖ്യാനം  

സിഷ്ഠമഹര്‍ഷി പറഞ്ഞു, ‘അനഘനും സത്ഗുഗണനികേതനനും അസ്സുരനായകപ്രവരനും മുരാന്തകഭക്തനുമായ സുമതി പ്രഹ്ലാദന്‍ പണ്ട് സ്വയം മുക്തനായിത്തീര്‍ന്ന വൃത്താന്തം ഇനി ഞാന്‍ പറയാം, -വിധുവദന! നീ അധികം ഭക്തിപൂണ്ട് കേട്ടാലും.  സ്വര്‍ഗവിരോധിയായ ഹിരണ്യന്‍ (പ്രഹ്ലാദന്റെ പിതാവ്) മരിച്ചസമയം പ്രഹ്ലാദന്‍ അത്യധികം ദുഃഖമാര്‍ന്ന് മനസ്സിലിങ്ങനെ വിചാരിച്ചു – പ്രളയകാലത്ത് കൊടുങ്കാറ്റ് കുലഗിരികളെ തകര്‍ത്തീടുംവണ്ണം അതിയായ വിരുതുണ്ടായിരുന്ന എന്റെ പിതാവ് മുതലായോര്‍ ഈ അസ്സുരവീരരെ, ബ്രഹ്മാവുമുതലായ അഖിലരാലും ചുറ്റപ്പെട്ട മധുവൈരി (വിഷ്ണു) യുദ്ധത്തിങ്കല്‍ ഒടുക്കി.  പണ്ടു നടന്നതായ യുദ്ധം ഓര്‍ത്താല്‍ ഭയങ്കരമായിരുന്നു.  അതില്‍ അല്പംപോലും ഭയപ്പെടാതിരുന്നവര്‍ ഇപ്പോള്‍ ഭയപ്പെടുന്നതാശ്ചര്യം!  അതിവിരുതനാകുന്ന വിഷ്ണുവിനെ ആക്രമിക്കുന്നതിന് ശക്തനായി ആ വിഷ്ണു തന്നെയേയുള്ളു.  വിഷ്ണുവല്ലാതെ പ്രതിക്രിയ ചെയ്വാന്‍ ഒരിക്കലും ഒരുവന്‍ മതിയാകയില്ല.  ഹരിയെ സര്‍വഥാ ഞാന്‍ ശരണം പ്രാപിക്കുന്നു. മറ്റൊരു ഗതി എനിക്കുവേറിട്ടില്ല.  ഇക്ഷണത്തില്‍ ഞാന്‍ അജസ്രം തുടങ്ങി ജനാര്‍ദ്ദനനെ വളരെ സമാശ്രയിക്കുന്നു.  നിരൂപിച്ചാല്‍ ഞാന്‍ നാരായണസ്വരൂപനാകുന്നവെന്നതില്‍ അല്പവും വാദമില്ല.  നിതാന്തം, മഹാത്മ്യം കലരുന്ന മന്ത്രമായ ‘നമോ നാരായണായ’ എന്നത് പുരുഷാര്‍ത്ഥങ്ങളെ മുഴുവനും നല്‍കീടുന്നു.  വായു ആകാശത്തിലെന്നപോലെ എപ്പോഴും ആ മന്ത്രം ഹൃദയത്തില്‍ വിളങ്ങണം.  ഹരിയല്ലാത്തവന്‍ ഹരിയെ പൂജിച്ചിട്ട് ഒരു ഫലവുമില്ല, ലഭിക്കയുമില്ല.  ഹരിക്കായി ഹരിയെ യജിക്കണം.  ഈ ഞാനോ ഹരിയായീടുന്നു.  ഇങ്ങനെ ഓര്‍ത്ത് ഹരിസ്വരൂപനായി ഭവിച്ച്  പിന്നെയും വിചാരിച്ചു- പരാപരനായീടും ഈ ഭഗവാന്‍ വിഷ്ണു ഈ  മുരാന്തകശരീരത്തില്‍ നിന്ന്  പുറമേ നല്ല പ്രാണപ്രവാഹത്താല്‍ വായുസ്വരൂപനായി, രണ്ടാം ജനാര്‍ദ്ദനനായി ഞാന്‍ പരം വിളങ്ങുന്നു. ആ ദേവനെ പരിവാരസമേതനായി മനോമയിയായി സംഭാരമനോജ്ഞമായ സപര്യകൊണ്ട് ഇനി ഞാന്‍ പൂജിക്കുന്നു.  

കരളില്‍ ഇങ്ങനെ കരുതി സംഭാരഭരത്തെ വളരെ ഭരിച്ച ചേതസ്സോടുകൂടി മണിപ്പാത്രം, നല്ല മലയജം, പാരം മണമെഴും ധൂപം, വിമലമാം ദീപം, സുമങ്ങള്‍, പല വിഭവഭൂഷണങ്ങള്‍ ഇത്യാദി പലവകയായും കമലാകാന്തനാകുന്ന പത്മനാഭനെ വിമലനായ പ്രഹ്ലാദന്‍ അതിയായി പൂജിച്ചു.  അനന്തശായിയായീടുന്ന കൃപാംബുരാശി ഹരിയെ പിന്നീട് ദേവഗൃഹത്തില്‍ വെച്ച് അവന്‍ പുറമേയുള്ള പദാര്‍ത്ഥങ്ങളെക്കൊണ്ടും കുറവുകൂടാതെ ഹര്‍ഷത്തോടെ പൂജിച്ചു.  വളരെ മുഴുത്ത ഭക്തിയോടെ ഒരിക്കല്‍പ്പോലും ഒഴിവാക്കീടാതെ അന്നുതുടങ്ങി പ്രഹ്ലാദന്‍ മധുവൈരിയായ ജഗന്നിവാസനെ പൂജിച്ചു വസിച്ചു.  അവിടെയുള്ള അസ്സുരന്മാര്‍ അതുമുതല്‍ക്ക് ഹരിഭക്തരായിത്തുടങ്ങി.  ഭൂമിയിലുള്ള നടപടിക്കൊക്കെ രാജാവുതന്നെ കാരണം.  ഹരിദ്വേഷംവിട്ടു അസ്സുരന്മാരെല്ലാം  ഹരിയെ ഉപാസിക്കാന്‍ തുടങ്ങിയെന്ന് അമരനായകപ്രമുഖന്മാരായ അമരന്മാരെല്ലാവരും അക്കാലംതന്നെ അറിഞ്ഞു.  അവര്‍ വിസ്മയാകുലരായി.  അവര്‍ സ്വര്‍ഗത്തില്‍നിന്ന് ഉടനെ  പുറപ്പെട്ടു ഉരഗശായിയാകുന്ന മുരഹരനെക്കണ്ടു വളരെയുയര്‍ന്ന ഭക്തിയോടെ ഇങ്ങനെ പറഞ്ഞു- കൃപാംബുധേ, വിഭോ! അസ്സുരന്മാരഖിലരും ഇപ്പോള്‍ വിരോധംകൈവിട്ടു ഭവത്‌സ്വരൂപം കൈക്കൊണ്ടു വസിക്കുന്നത് എന്തൊരാശ്ചര്യമാകുന്നു!  ഭഗവാനേ! മഹാകടുപ്പക്കാരാകുന്ന അസ്സുരന്മാരെങ്ങ്, ഒടുക്കത്തെ ജന്മമെടുത്തവനുണ്ടാകുന്ന ഹരിഭക്തിയെവിടെ?  ഖലന്‍ ഗുണവാനായീടുന്നൊരു കഥ ചിന്തിച്ചുകാണുമ്പോള്‍ അകാലസംഭവസുമമാലപോലെ സുഖത്തെയും പീഡയെയും നല്‍കുന്ന, വരന്‍, ഇന്ദിരാരമണനച്യുതന്‍ അവരോടന്നേരം പറഞ്ഞു – ബൂദ്ധിമാനായ പ്രഹ്ലാദന്‍ എന്റെ ഭക്തനെന്നതുചിന്തിച്ചിട്ട് ഉള്‍ക്കുരുന്നില്‍ സുരന്മാരേ! നിങ്ങല്‍ അശ്ശേഷവും വിഷാദിച്ചീടരുത്. അവന്‍ മോക്ഷാര്‍ഹനാണ്.  അവന്ന് ഒടുക്കത്തെ ജന്മമാണെന്ന് ഉള്ളില്‍ നന്നായി ധരിച്ചുകൊണ്ടാലും.  ഗുണവിഹീനനായി അവന്‍ ഭവിച്ചു, നല്ല ഗുണവാനാകുന്നതു ഉചിതമാകുന്നു.  യഥാസുഖം ചെന്നു വസിക്കുക, എന്നെല്ലാം മധുമഥനന്‍ അരുളിച്ചചെയ്തുയുടനെ പാലാഴിയുടെ തരംഗമാലയില്‍ ദയാബ്ധിയായ ഗോവിന്ദന്‍ മറഞ്ഞു. സരോജനാഭനെ സാമോദം സ്തുതിച്ച് സുരഗണം പെട്ടെന്ന് സ്വര്‍ഗം പ്രാപിച്ചു.  

(തുടരും)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക