കണ്ണൂര്‍: ഹൈന്ദവ വിശ്വാസങ്ങളെ പരസ്യമായി അധിക്ഷേപിച്ചതിലൂടെ എ.എം. ഷംസീറിന്റെ താലിബാന്‍ സ്വരം പുറത്ത് വന്നിരിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍ കൃഷ്ണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഷംസീറിന്റെ ഉള്ളിലുള്ള എസ്ഡിപിഐക്കാരനും പോപ്പുലര്‍ ഫ്രണ്ടുകാരനുമാണ് പുറത്ത് ചാടിയത്.
കേരളത്തിലെ മത സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഷംസീറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. ഒരു ജനപ്രതിനിധി എന്ന നിലയില്‍ പുലര്‍ത്തേണ്ട മാന്യതയും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഒരാളില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്താവനയാണ് ഷംസീര്‍ നടത്തിയത്. ഇസ്ലാം മതവിശ്വാസത്തെ കുറിച്ച് അഭിമാനപൂര്‍വം സംസാരിക്കുന്ന ഷംസീറാണ് മറ്റൊരു സമൂഹത്തെ അധിക്ഷേപിച്ചത്.
സിപിഎം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ഷംസീറിന്റേത് വ്യക്തിപരമായ അഭിപ്രായമാണോയെന്ന കാര്യത്തില്‍ നേതൃത്വം വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവാദ പ്രസ്താവന പിന്‍വലിച്ച് പൊതുസമൂഹത്തോട് മാപ്പുപറയാന്‍ ഷംസീര്‍ തയാറാകണം. സിപിഎം നേതൃത്വം ഷംസീറിനെ പരസ്യമായി താക്കീത് ചെയ്യണം, പ്രഫുല്‍ കൃഷ്ണ ആവശ്യപ്പെട്ടു.
വിവാദ പരാമര്‍ശത്തിനെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്കിയിട്ടും പോലീസ് കേസെടുക്കുന്നില്ല. ഷംസീറിനെതിരെ കേസെടുക്കാത്തതാണ് കാഞ്ഞങ്ങാട്ട് യൂത്ത് ലീഗ്കാരന് ആവേശമായത്. പി. ജയരാജന്റെ രംഗപ്രവേശം പ്രശ്‌നം വഴിതിരിച്ച് വിടാനുള്ള ബോധപൂര്‍വ്വമായ നീക്കമാണ്. ബിജെപി -സിപിഎം സംഘര്‍ഷമാക്കി മാറ്റാനാണ് പി. ജയരാജന്‍ ശ്രമിക്കുന്നത്. യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന ജയരാജന്റെ പ്രസ്താവന അവജ്ഞയോടെ തള്ളിക്കളയുന്നു.
സംഘര്‍ഷം ആഗ്രഹിക്കുന്നവരാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നത്. സിപിഎമ്മില്‍ ജയരാജന് ഓട്ടക്കാലണയുടെ വിലപോലുമില്ലാതായപ്പോള്‍ വിവാദ പ്രസ്താവന നടത്തി പാര്‍ട്ടിയില്‍ ആളാകാനാണ് ശ്രമം. യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ അരുണ്‍ ഭരത്, സംസ്ഥാന ട്രഷറര്‍ അരുണ്‍ മാസ്റ്റര്‍, മീഡിയ സെല്‍ കോ-കണ്‍വീനര്‍ നിധിന്‍ മോഹന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: