കോഴിക്കോട്: എഐ സാങ്കേതിക വിദ്യ വഴി 40,000 രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന അഹമ്മദാബാദ് സ്വദേശിയ്ക്ക് ഓണ്‍ലൈന്‍ ഗെയിമിങ് ഇടപാടുമായി ബന്ധമുണ്ടെന്ന് പോലീസ്. ഗോവയിലെ ട്രേഡിങ് കമ്പനി ജിപി ആന്‍ഡ് അസോസിയേറ്റിന്റെ അക്കൗണ്ട് വഴിയാണ് രത്നാകര്‍ ബാങ്കിന്റെ ഗോവയിലുള്ള അക്കൗണ്ടിലേക്ക് ഇയാള്‍ പണം അയച്ചത്. ഈ കമ്പനിയുടെ തന്നെ ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പില്‍ ഇയാള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
തട്ടിപ്പിന് ഉപയോഗിച്ച അക്കൗണ്ടിലെ അതേ വിലാസവും നമ്പറുമാണ് ഗെയിമിങ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ചത്. ഇയാള്‍ ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായിട്ടാണ് തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം, അഹമ്മദാബാദ് സ്വദേശിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സൈബര്‍ പോലീസ് എസ്ഐ ദിനേശ് കോറോത്ത് വ്യക്തമാക്കി. ഇയാള്‍ തട്ടിപ്പിന് ഉപയോഗിച്ച വാട്സ് ആപ്പ് നമ്പരും ഗോവയില്‍ പണം നിക്ഷേപിക്കാന്‍ ഉപയോഗിച്ച അക്കൗണ്ടും അഹമ്മദാബാദ് സ്വദേശിയുടേതാണെന്നും കണ്ടെത്തി. ഇയാള്‍ കഴിഞ്ഞ മാസങ്ങളില്‍ ഗോവയിലും പരിസരങ്ങളിലും താമസിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സൈബര്‍ പോലീസ് എസ്ഐ പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന ഗോവയില്‍ തുടരുകയാണ്.
സഹപ്രവര്‍ത്തകന്റെ വ്യാജ വീഡിയോകോള്‍ നിര്‍മിച്ച് കോള്‍ ഇന്ത്യ ലിമിറ്റഡ് റിട്ട. സീനിയര്‍ മാനേജര്‍ കോഴിക്കോട് പാലാഴി സ്വദേശി പി.എസ്. രാധാകൃഷ്ണനില്‍ നിന്നാണ് 40,000 രൂപ തട്ടിയെടുത്തത്. ആന്ധ്ര സ്വദേശിയെയാണ് തട്ടിപ്പിന് മറയാക്കിയത്. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇദ്ദേഹത്തിന്റെ ശബ്ദവും രൂപവും ചോര്‍ത്തി നിര്‍മിതബുദ്ധിയുടെ സഹായത്തോടെ വ്യാജ വീഡിയോ നിര്‍മിച്ചായിരുന്നു തട്ടിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: