തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിനും സിപിഎം നേതാവ് പി ജയരാജനും പൊലീസ് സുരക്ഷ കൂട്ടി. ഇരു നേതാക്കളുടെയും പൊതു പരിപാടികള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും കൂട്ടും.
ഹിന്ദു ദൈവങ്ങളെ കുറിച്ച് ഷംസീറിന്റെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതിനെതിരെ ഹിന്ദു ഐക്യ വേദിയും യുവമോര്‍ച്ചയും ബി ജെ പിയും രംഗത്ത് വന്നു. തുടര്‍ന്ന് ഷംസീറിനെതിരെ കയ്യോങ്ങുന്നവരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് പി ജയരാജന്‍ ഭീഷണി മുഴക്കിയിരുന്നു. പിന്നാലെ യുവമോര്‍ച്ചയും അതേ നാണയത്തില്‍ മറുപടി നല്‍കി.
പി ജയരാജന്റെ പ്രസംഗത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും പോര്‍വിളി തുടരുകയാണ്. ഇതിനിടെ മാഹി പള്ളൂരില്‍ എഎന്‍ ഷംസീറിനും, പി ജയരാജനുമെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
അതേസമയം വിവാദത്തിന് പിന്നാലെ ഭീഷണി പ്രസംഗത്തെ ന്യായീകരിച്ച് പി ജയരാജന്‍ രംഗത്ത് വന്നു. യുവമോര്‍ച്ചയ്‌ക്ക് മനസിലാകുന്ന മറുപടിയാണ് പറഞ്ഞതെന്ന് പി ജയരാജന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. എന്നാല്‍ പി ജയരാജന്റേത് പ്രാസ ഭംഗിക്കുള്ള പ്രയോഗമാണെന്നാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്റെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: