ഇസ്ലാമാബാദ് : കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് പാകിസ്ഥാനിലെ ബലൂചിസ്ഥാനിലും ഖൈബര്‍ പഖ്തൂണ്‍ഖ്വയിലും 10 പേര് കൊല്ലപ്പെട്ടു. മഴയെത്തുടര്‍ന്ന് മലയോര മേഖലകളിലും നഗരപ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായി.
അടുത്ത മൂന്ന് ദിവസത്തേക്ക് കാലാവസ്ഥാ വകുപ്പ് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു.ജൂലൈ 30 വരെ രാജ്യത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളിലും മധ്യഭാഗത്തും ശക്തമായ മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത് വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1998 ന് ശേഷം രവി, സത്ലജ് നദികളില്‍ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോഴത്തേത്.
മന്സെറയില് വീട് തകര്‍ന്ന് ഒരു സ്ത്രീയും മൂന്ന് കുട്ടികളും മരിച്ചു. അതിനിടെ, മര്‍ദാനിലെ മണ്ണിടിച്ചിലില്‍ ഒരു തൊഴിലാളി കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വെള്ളപ്പൊക്കം കാരണം ലോവര്‍ ദിറിലെ ടൈമര്ഗര-പെഷവാര്‍ റോഡിലും കല്‍പ്പേനി-തലാഷ് ബൈപാസ് റോഡിലും എട്ട് മണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു. അബോട്ടാബാദിലെ അയൂബ് മെഡിക്കല്‍ കോംപ്ലക്സിലും പരിസര പ്രദേശങ്ങളിലും മഴവെള്ളം കയറിയതായാണ് റിപ്പോര്‍ട്ട്.
പഞ്ച്ഗൂര്‍, കാലാട്ട്, ഖുസ്ദാര്‍, നസിറാബാദ്, കാച്ചി, അവറാന്, ഹബ്, ലാസ്ബെല, സിബി, ഝല്‍ മാഗ്സി തുടങ്ങിയ പ്രദേശങ്ങളില്‍ നിരവധി വീടുകള്‍ തകര്‍ന്നു.ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: