തൃശൂര്‍ : മുട്ടില്‍ മരം മുറിക്കേസില്‍ വനം വകുപ്പ് കേസെടുത്താല്‍ 500 രൂപ മാത്രമായിരിക്കും പിഴ ചുമത്തുക. അതുകൊണ്ടാണ് പ്രതികള്‍ക്കെതിരെ പിഡിപി ആക്ട് പ്രകാരം കേസെടുത്തതെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിഎന്‍എ ടെസ്റ്റ് പ്രകാരം 450 കൊല്ലം പഴക്കമുള്ള മരങ്ങള്‍ മുറിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് മരങ്ങള്‍ കടത്തിയിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. കേസില്‍ പ്രതിയുടെ വാദങ്ങളെല്ലാം ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നതോടെ പൊളിഞ്ഞിട്ടുണ്ട്. പ്രതികള്‍ എത്ര ഉന്നതരായാലും ശിക്ഷയനുഭവിക്കേണ്ടിവരും. കുറ്റം തെളിയുന്ന പക്ഷം മുറിച്ചുകളഞ്ഞ മരത്തിന്റെ അഞ്ചിരട്ടി വില പിഴയായി അടയ്ക്കണമെന്നും മന്ത്രി പറഞ്ഞു.
മുട്ടില്‍ മരംമുറികേസില്‍ വനം വകുപ്പിന്റെ മാത്രം നടപടികളുമായി മുന്നോട്ട് പോയിരുന്നെങ്കില്‍ 500 രൂപ പിഴയും ആറ് മാസം തടവും ആയിരിക്കും പ്രതികള്‍ക്ക് ശിക്ഷയായി ലഭിക്കുക. പ്രതികള്‍ പിഴയടച്ച് കേസില്‍ നിന്നും തലയൂരിയേനെ. ഇന്ത്യയില്‍ത്തന്നെ ആദ്യമായാണ് മരങ്ങള്‍ക്ക് ഡിഎന്‍എ പരിശോധന നടത്തുന്നത്. പട്ടയം വന്നതിനു ശേഷം കിളിര്‍ത്തതോ വെച്ചുപിടിപ്പിച്ചതോ ആയ മരങ്ങളല്ല മറിച്ചു മാറ്റിയതെന്ന് ഡിഎന്‍എ പരിശോധനയിലൂടെ തെളിഞ്ഞു. പൊതുസ്വത്ത് നശിപ്പിക്കുന്നത് തടയല്‍ നിയമപ്രകാരം എസ്ഐടി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത് കേസിന്റെ ബലംകൂട്ടാനാണെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ ഗൂഢാലോചനയും തെറ്റിദ്ധരിപ്പിക്കലും അടക്കമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ തെളിയിക്കാനായിട്ടുണ്ട്. ഒരു സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ പ്രതികള്‍ പട്ടയഭൂമിയില്‍ നിന്നും വ്യാപകമായി മരങ്ങള്‍ മുറിച്ചുമാറ്റുകയായിരുന്നു. പ്രതികള്‍ക്ക് ഒത്താശ ചെയ്ത് നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. പ്രത്യേക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവര്‍ക്കെതിരെ നടപടി കൈക്കൊള്ളുകയെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം മരംമുറിക്കേസില്‍ ഓഗസ്റ്റ് 25-നകം ലാന്‍ഡ് കണ്‍സര്‍വന്‍സി നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. മരംമുറിക്കേസില്‍ ഉള്‍പ്പെട്ടവരെക്കുറിച്ച് വിവരം നല്കാന് റവന്യൂ വകുപ്പ് മീനങ്ങാടി പോലീസിനോട് ആവശ്യപ്പെട്ടു. ബത്തേരി, വൈത്തിരി തഹസില്‍ദാര്‍മാരെയാണ് തുടര്‍നടപടികള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കേസിലെ പൂര്‍ണ വിവരങ്ങള്‍ നല്കാന് പോലീസിനോടും മരങ്ങളുടെ മൂല്യനിര്‍ണയം നടത്താന്‍ വനംവകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുപത്തഞ്ചിനകം നടപടികള്‍ പൂര്‍ത്തിയാക്കാനും ഈ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ മിക്കവാറും മരങ്ങളുടെ മൂല്യനിര്‍ണയം നടത്തിയെന്നാണ് വനംവകുപ്പ് പറയുന്നത്. ഇനി തൊലി ചെത്താത്ത കുറച്ച് മരങ്ങളാണ് ബാക്കിയുള്ളത്. അവയുടെ പരിശോധന നടത്തുന്നതിനുള്ള അനുമതിക്കായി കോടതിയില്‍ അപേക്ഷ നല്‍കുമെന്നും വനംവകുപ്പ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: