പി.എന്‍. സതീഷ്
കൊല്ലം: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസ് പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്‍ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയാകാന്‍ മത്സരിക്കുന്നത് തടഞ്ഞു. ‘ജന്മഭൂമി’ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ഭരണകക്ഷിയിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അടൂര്‍ കെഎപി-3 ബറ്റാലിയനില്‍ എച്ച്ക്യൂ കമ്പനിയിലെ ആര്‍. കൃഷ്ണകുമാറിനെയാണ് മാറ്റിനിര്‍ത്തിയത്.
രഹസ്യാന്വേഷണ വിഭാഗം ഇന്നലെ രാവിലെ തന്നെ വിവരം ശേഖരിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ, ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ ഇടപെട്ട് കൃഷ്ണകുമാര്‍ മത്സരിക്കുന്നത് തടയുകയായിരുന്നു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഉദ്യോഗസ്ഥന്‍ ഭാരവാഹിയാകുന്നത് തെറ്റായ സന്ദേശം നല്കുമെന്നും അതിനാലാണ് മാറ്റിനിര്‍ത്തിയതെന്നും ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി ‘ജന്മഭൂമി’യോട് പറഞ്ഞു. എന്നാല്‍, കൃഷ്ണകുമാര്‍ മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാന നിര്‍വാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നല്കാന്‍ അദ്ദേഹം തയാറായില്ല.
ചട്ടം മറികടന്ന് കൗണ്‍സിലറായി വിജയിച്ച കൃഷ്ണകുമാറിനെ ജില്ലയിലേക്കും ഇതുവഴി സംസ്ഥാന നേതൃത്വത്തിലേക്കും എത്തിക്കാനായിരുന്നു നീക്കം. പത്തനംതിട്ട ജില്ലാ കമ്മറ്റി സ്ഥാനാര്‍ഥി പട്ടികയില്‍ കൃഷ്ണകുമാറിന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് സംഭവം വിവാദമായതോടെ, ഇന്നലെ രാവിലെ നിലവിലെ സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇടപെടുകയായിരുന്നു.
ഇതിനിടെ, കൃഷ്ണകുമാറിനെ കാന്റീന്‍ ചുമതലയില്‍ നിന്ന് മാറ്റി ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ കെഎപി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് നടപടി സ്വീകരിക്കണമെന്ന് മൂന്നാം ബറ്റാലിയന്‍ പോലീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാന്റീനില്‍ എത്തിയ ലോക്കല്‍ എസ്‌ഐയെയും ഭാര്യയെയും ഭീഷണിപ്പെടുത്തയതടക്കം ഗുരുതര ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെ പോലീസുകാര്‍ ഉയര്‍ത്തുന്നുണ്ട്.
നെടുമ്പാശ്ശേരി ഇമിഗ്രേഷനില്‍ ജോലിനോക്കവെ സ്വര്‍ണക്കടത്ത് കേസില്‍ 2014ല്‍ അറസ്റ്റു ചെയ്യപ്പെട്ട് ജയിലിലും മൂന്നു വര്‍ഷം സസ്‌പെന്‍ഷനിലും കഴിഞ്ഞ ഉദ്യോഗസ്ഥനാണ് കൃഷ്ണകുമാര്‍. 2020ല്‍ സിഐ റാങ്കില്‍ നിന്ന് എസ്‌ഐ ആയി തരംതാഴ്‌ത്തി ട്രാന്‍സ്ഫര്‍ ചെയ്‌തെങ്കിലും ഇതിനെതിരെ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി അടൂര്‍ ക്യാമ്പില്‍ തുടരുകയാണ്. പോലീസ് ചട്ടം ലംഘിച്ചാണ് ഇയാള്‍ ക്യാമ്പില്‍ ജോലി നോക്കുന്നത്. തുടര്‍ച്ചയായി മൂന്നുവര്‍ഷത്തില്‍ കൂടുതലായി ഒരു സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നതു മറികടന്നാണ് അടൂര്‍ സെന്‍ട്രല്‍ പോലീസ് കാന്റീനില്‍ അസിസ്റ്റന്റ് മാനേജരായി ജോലിയില്‍ തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: