തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തില്‍ വിമര്‍ശനമുന്നയിച്ച് ഐഎന്‍ടിയുസി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മദ്യഷാപ്പുകള്‍ തുറക്കാനുള്ള സാഹചര്യമൊരുക്കുന്ന നയത്തിനെതിരെ പ്രതിഷേധം ഉയരുന്നയുന്നതിനിടെയാണ് സിപിഐ യൂണിയനും രംഗത്തെത്തിയത്. ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും കള്ള് ചെത്ത് അനുവദിക്കാനാകില്ലെന്നാണ് എഐടിയുസിയുടെ നിലപാട്.
എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബിയര്‍-വൈന്‍ വില്‍ക്കുന്ന മദ്യഷാപ്പുകള്‍ തുറക്കാമെന്നാണ് പുതിയ മദ്യനയത്തില്‍ വ്യക്തമാക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിലെ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധികാരം ഏറ്റെടുത്തതിനു ശേഷം പുതിയ ടൂറിസം നയത്തില്‍ ഗ്രാമീണ ടൂറിസം പ്രോത്സഹിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിലൂടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വരുമാനം വര്‍ധിക്കുമെന്നും നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് പുതിയ മദ്യനയവും. തദ്ദേശ സ്ഥാപനങ്ങളില്‍ എന്തെങ്കിലും ടൂറിസം പദ്ധതി തട്ടികൂട്ടി ടൂറിസം പ്രോത്സാഹിപ്പിക്കാനെന്ന് വരുത്തി തീര്‍ത്ത് അവിടെയെല്ലാം മദ്യ ഷാപ്പുകള്‍ തുറക്കാം.
ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും നില്ക്കുന്ന തെങ്ങില്‍ നിന്ന് കള്ള് ചെത്തി അതിഥികള്‍ക്ക് നല്കാന് അനുമതി നല്‍കിയിട്ടുണ്ട്. നിലവില്‍ ടൂറിസം കേന്ദ്രങ്ങളിലെ റെസ്റ്റോറന്റുകളില്‍ തെങ്ങ് നന്നേ കുറവാണ്. ഗ്രാമീണ മേഖലയില്‍ ടൂറിസം പദ്ധതി തുടങ്ങി റെസ്റ്റോറന്റുകളില്‍ മദ്യശാല തുറക്കുമ്പോള്‍ യഥേഷ്ടം കള്ള് ചെത്ത് നടത്താം. തെങ്ങ് കയറ്റ തൊഴിലാളികള്‍ സംസ്ഥാനത്ത് കുറവായതിനാല്‍ മറ്റ് സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ചെത്താനുമാകും. ഇതോടെ സംസ്ഥാനത്തെ കള്ള് ചെത്ത് മേഖല മറ്റ് സംസ്ഥാനക്കാരുടെ കൈയിലാകും. സ്പിരിറ്റ് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുമെന്നും കള്ളില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് കുടുംബശ്രീയെ ഏല്‍പ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലേക്കായി ഔട്ട് ലൈറ്റുകള്‍ ഉടന്‍ തുറക്കുന്നുണ്ട്. ഇതോടെ പ്രാദേശിക എതിര്‍പ്പുകളും ഉണ്ടാകില്ല.
മദ്യനയം കള്ള് വ്യവസായത്തെ തകര്‍ക്കുമെന്നും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും കള്ള് ചെത്ത് അനുവദിക്കാന്‍ പാടില്ലെന്നും എഐടിയുസി ആവശ്യപ്പെട്ടു. പണിമുടക്ക് നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നാട്ടിലുടനീളം മദ്യഷാപ്പുകള്‍ തുറക്കുന്നതിനെതിരെ പ്രതിഷേധവുമായി കെസിബിസിയും രംഗത്തു വന്നു. ഖജനാവില്‍ പണം ഇല്ലാത്തതിനാല്‍ കേരളത്തെ മദ്യത്തില്‍ മുക്കുകയല്ല വേണ്ടെതെന്ന് ഗാന്ധിയന്‍ സംഘടനകളും വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ കള്ളുഷാപ്പില്‍ പോകുന്നത് ഒളിസങ്കേതത്തില്‍ പോകുന്നതു പോലെയാണെന്നും അത് മാറി വളരെ കൂളായി പോകാന്‍ കഴിയണമെന്നുമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: