(ഒരു സനാതനശാസ്ത്രം പുനര്‍ജനിക്കുന്നു – 2)
ടി.എം.ജയരാമന്‍
ഭാരതത്തിന്റെ ശുദ്ധശാസ്ത്രം നേരറിവില്‍ നിന്ന് തുടങ്ങുന്നു; പാശ്ചാത്യശാസ്ത്രം അവകാശപ്പെടുക മാത്രം ചെയ്യുന്നു. നേരറിവില്‍ ഭേദമില്ല, ഭേദം വരുത്താനുള്ള ഒന്നുംതന്നെ അതിലില്ല. ഭേദമുണ്ടെങ്കില്‍ നേരറിവില്ല, ഭേദം വരുത്താനുള്ള ഏതോ മധ്യവര്‍ത്തി പ്രവര്‍ത്തിക്കുന്നുണ്ട്. നേരറിവ് പലതല്ല. ഉപാധി (condition) രഹിതമാണ്. അത് സ്വയംപ്രമാണമാണ്. വേറെ ഉറപ്പുകള്‍ കണ്ടെത്തേണ്ടതില്ല, കണ്ടെത്താനാകില്ല.
ആധുനികശാസ്ത്രം എന്ന പാശ്ചാത്യ ഭൗതികശാസ്ത്രം തുടങ്ങുന്നത് മസ്തിഷ്‌ക ‘ദ്രവ്യ’മെന്ന മധ്യവര്‍ത്തിയില്‍ നിന്നാണ്; തുടക്കത്തില്‍ നിന്നോ ഒടുക്കത്തില്‍ നിന്നോ അല്ല. അതുകൊണ്ട് ആ ശാസ്ത്രാഭാസത്തിന് ജ്ഞാനശാസ്ത്രത്തിന്റെ അടിത്തറ ഇല്ല, കെട്ടുറപ്പുമില്ല. നിരീക്ഷണവിഷയം എന്താണെന്ന് ഇപ്പോഴും ഉറപ്പായിട്ടുമില്ല. ദ്രവ്യമാണോ?, തരംഗമാണോ?, അതോ ‘ക്ഷേത്ര’ (field)ങ്ങളാണോ?, അതോ സംഭവങ്ങളോ?, അതോ ഗണിതമോ? സൗകര്യംപോലെ ഓരോന്നു പറയുന്നു. കൂട്ടിക്കലര്‍ത്തുകയും ചെയ്യുന്നു.
അളവുപ്രക്രിയ എവിടെനിന്ന് വന്നു? പരീക്ഷണശാലയില്‍ നിന്നാണോ, അതോ അവര്‍ക്ക് അടിസ്ഥാനമായി ഇല്ലാത്ത മനോബുദ്ധികളില്‍ നിന്നോ? എല്ലാം സൗകര്യം പോലെയുള്ള ഏച്ചുകൂട്ടലുകള്‍ മാത്രം. മനോബുദ്ധികള്‍തന്നെ അവിവേകം കൊണ്ടുള്ള ഏച്ചുകൂട്ടലുകള്‍ എന്നറിയുന്നുമില്ല. ഏച്ചുകൂട്ടലുകള്‍ അല്ലാതെ പാശ്ചാത്യ ശാസ്ത്രത്തിലുള്ളത് ദ്രവ്യവും മസ്തിഷ്‌ക്കവും ഇന്ദ്രിയങ്ങള്‍ എന്ന കിളിവാതിലുകളും ഉപകരണങ്ങളും നിര്‍വ്വചിക്കാനാവാത്ത ‘സംഭവങ്ങ’ളും മാത്രം.
ആധുനികന്റെ മസ്തിഷ്‌ക്കജ്ഞാനം ഉപാധിസഹിതമാണ്; പലതാണ്; പറയപ്പെട്ടതും അല്ലാത്തതുമായ പ്രമാണങ്ങളില്‍ക്കൂടിയാണ്; ആപേക്ഷികമാണ്, വ്യാമിശ്രമാണ്; ഉറപ്പില്ല. കൂട്ടിക്കെട്ടിയ(closed circuit) ടി.വി.യിലെന്ന പോലെ, പുനര്‍നിവേശനം (feed back) വഴി വക്രീകരിക്കപ്പെട്ടതാണ്; പരോക്ഷമാണ്. താന്‍ കാഴ്ചക്കാരന്‍ മാത്രമല്ല, ചെയ്യുന്ന ആളും ചെയ്യിക്കുന്ന ആളും അനുഭവിക്കുന്ന ആളും കൂടിയാണെന്ന അഹങ്കാരത്തിന്റെ (തെറ്റായ അഹംബോധത്തിന്റെ) ഉറവിടം കൂടിയാണ് വക്രീകരണം.
സ്വപ്‌നത്തിലെന്നപോലെ നായകന്റെയും സഹനടന്മാരുടേയും ഉള്ളിലിരുന്നറിയുന്നത് താന്‍തന്നെ എന്നറിയുന്നില്ല. അവര്‍ താന്‍ തന്നെ എന്ന് അറിയുന്നില്ല. ചമയങ്ങള്‍ ഉണ്ടാക്കുന്നതുപോലും താന്‍തന്നെ എന്ന് അറിയുന്നില്ല. പലരെന്ന് തോന്നപ്പെടുന്നു. ഉള്ളിലിരുപ്പ് അറിയുന്നതിന് പരസ്പരം അറിയാതെ സംവദിക്കുന്നുണ്ടെന്ന് തോന്നുന്നു. സംവാദം ഇല്ലതാനും! നാം ഇപ്പോള്‍ ടി.വി. സ്‌ക്രീനിലാണ്.
അദൈ്വതിക്ക് അറിയുന്ന ആത്മാവ് ‘അറിവ്’; അറിയപ്പെടുന്ന വിഷയം ‘അറിവ്’; അറിവു തന്നെ അറിവ് എന്നുപറയേണ്ടതുമില്ല. വിഷയം വിഴുങ്ങിയ വിഷയിയെപ്പോലെ. ഒറ്റയാന്‍. അവിടെ ചിന്തയില്ല, ചിന്തിക്കേണ്ടതില്ല, സംവാദമില്ല, സംവദിക്കേണ്ടതില്ല. പ്രവൃത്തിയില്ല, പ്രവര്‍ത്തിക്കേണ്ടതില്ല. എല്ലാം സ്വാഭാവികമായി ഉള്‍പ്പെട്ട് എല്ലാറ്റിന്റെയും സ്രോതസ്സായി ഒന്നായിരിക്കുന്നു. തനിക്ക് ഉണ്ടെന്നു തോന്നുന്ന, താന്‍ കല്
പിച്ചുണ്ടാക്കിയ ടി.വി.സെറ്റില്‍ എല്ലാം വെവ്വേറെ കാണുന്നു. സാങ്കേതിക ഉപകരണവിദ്യയില്‍ ‘എല്ലാം ഉണ്ട്.’ ആത്മവിദ്യ ഉപകരണവിദ്യയ്‌ക്ക് തടസ്സമല്ല. മറിച്ചും. ആത്മാവിനെയും, ചിന്ത എന്ന സ്വയം സംവാദത്തേയും (monologoue), സംവാദത്തേയും, കര്‍മ്മമണ്ഡലത്തേയും വിവേകപൂര്‍വ്വം വേര്‍തിരിച്ചുകാണുക.
ആദ്യക്ഷരത്തിലുളവായൊന്നിതൊക്കയുമി-
താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി
ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരി-
കീര്‍ത്തിപ്പതിന്നരുള്‍ക! നാരായാണായ നമഃ
പ്രതികരിക്കാൻ ഇവിടെ എഴുതുക: